മാണി സി കാപ്പൻ | Photo: Mathrubhumi
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിച്ച് മാണി സി. കാപ്പന്. പാല വിട്ടുകൊടുക്കേണ്ട സാഹചര്യം ഇപ്പോഴില്ല, പാലാ സീറ്റ് സംബന്ധിച്ച് എന്‍.സി.പി. ദേശീയ നേതൃത്വവും തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മാണി സി. കാപ്പന് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.സി.പിയുടെ സിറ്റിങ് സീറ്റായ പാലാ ജോസ് വിഭാഗത്തിന് ലഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'പാലാ വിട്ടുകൊടുക്കുന്ന പ്രശ്നമില്ല, അത് നേരത്തെ പറഞ്ഞതാണ്. എം.എല്‍.എ. എന്ന നിലയില്‍ ഞാന്‍ മികച്ച പ്രവര്‍ത്തനമാണ് ഇവിടെ നടത്തിയത്. അവര്‍ക്കെങ്ങനെ പാലാ വേണമെന്ന് പറയാനാവും, ഞാനല്ലേ ഇവിടെ ജയിച്ചത്.' മാണി സി കാപ്പന് പ്രതികരിച്ചു.
എന്‍.സി.പി. ഇപ്പോഴും ഇടതമുന്നണിയില്‍ തന്നെയാണ്, അതിന് മാറ്റമൊന്നും ഇല്ല. പാലാ സീറ്റ് സംബന്ധിച്ച് ഇടതുമുന്നണിയില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ല. യു.ഡി.എഫുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് എന്‍.സി.പിക്ക് പരിഗണ ലഭിച്ചില്ല, സീറ്റ് ചര്‍ച്ച പോലും നടന്നില്ല. അവഗണന മാത്രമാണ് ഉണ്ടായത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിന് മികച്ച പ്രവര്‍ത്തനം നടത്താനായിട്ടില്ലെന്നും മാണി സി. കാപ്പന് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..