വി.ഡി. സതീശൻ/ മാണി സി. കാപ്പൻ| ഫോട്ടോ: മാതൃഭൂമി
കോട്ടയം: യു.ഡി.എഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാണി സി. കാപ്പന് എംഎല്‍എ. യുഡിഎഫ് വേദികളില്‍ സ്ഥിരമായി തഴയപ്പെടുന്നു. അഭിപ്രായവ്യത്യാസങ്ങളില്ലെങ്കിലും മുട്ടില്‍ മരംമുറി, മാടപ്പള്ളി പ്രതിഷേധം അടക്കം മുന്നണി നേതൃത്വം നല്കിയ പ്രധാനപ്പെട്ട പല കാര്യങ്ങളും അറിയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു നേതാവിന് മാത്രമാണ് പ്രശ്നമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കാപ്പന് പറഞ്ഞു.
" മുന്നണിയുമായി വലിയ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല. പക്ഷേ പല കാര്യങ്ങളും അറിയിക്കുന്നില്ല. യുഡിഎഫ് പോയ ഏറ്റവും പ്രാധനപ്പെട്ട മൂന്ന് കാര്യങ്ങള്‍ അറിയിച്ചില്ല. മുട്ടില്‍ മരംമുറി ഞങ്ങളെ അറിയിച്ചിട്ടില്ല. ഗവര്‍ണറെ കണ്ട് പരാതിപ്പെടാന്‍ പോയതും അറിയില്ല. മാടപ്പള്ളിയില്‍ കെ-റെയിലുമായി ബന്ധപ്പെട്ട സരമത്തിന് വന്നിട്ടും അറിയിച്ചില്ല. കോട്ടയം ജില്ലയിലുള്ള ഒരാളെന്ന നിലയില്‍ സ്വാഭാവികമായും എന്നെ അറിയിക്കണ്ടെ? അതറിയിച്ചില്ല എന്നത് സത്യമാണ്." - കാപ്പന് പറഞ്ഞു.
കെ.സുധാകരന് വളരെ നന്നായി കൊണ്ടുപോകുന്നുണ്ടെന്നും മാണി സി. കാപ്പന് പറഞ്ഞു. സതീശന് അസംബ്ലിയില്‍ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. പക്ഷേ എല്ലാവരേയും യോജിപ്പിച്ച് കൊണ്ടുപോകുന്നതില്‍ ചെറിയ പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ മാണി സി. കാപ്പന് അങ്ങനെ ഒരു പരാതി ഉന്നയിച്ചിട്ടില്ലെന്ന് പ്രതിക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. " ഞാനാണ് യു.ഡി.എഫ് ചെയര്മാന്. എല്‍.ഡി.എഫ് പ്രവര്‍ത്തിക്കുന്നത് പോലെയല്ല യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നത്. യു.ഡി.എഫിന്റെ രീതി വേറെയാണ്. മാണി സി.കാപ്പന് ഇത് പരിചിതമല്ലാത്തത് കൊണ്ട് തോന്നുന്നതാകാം." - അദ്ദേഹം പറഞ്ഞു.
പരാതി തന്നോടാണ് ഉന്നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ യു.ഡി.എഫ് കണ്‍വീനറോട് ഉന്നയിക്കണം. പരസ്യമായി പറഞ്ഞത് അനൗചിത്യമാണ്, അങ്ങനെ ചെയ്യാന്‍ പാടില്ല. അദ്ദേഹത്തെ കിട്ടാനുള്ള ബുദ്ധിമുട്ടുകൊണ്ട് മാത്രമാണ് അറിയിക്കാതിരുന്നത്. എല്ലാ നേതാക്കന്മാരേയും ഒരുപോലെയാണ് വിളിക്കുന്നത്. എന്തുപരാതിയുണ്ടെങ്കിലും പരിശോധിക്കും. ഘടകകക്ഷികളുടെ വലിപ്പ ചെറുപ്പം നോക്കിയല്ല കോണ്‍ഗ്രസ് പെരുമാറുന്നതെന്നും സതീശന് പറഞ്ഞു.
Content Highlights: Mani C Kappan against UDF
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..