തിരുവനന്തപുരം: ഇന്ന് ധനമന്ത്രി തോമസ് ഐസക് സഭയുടെ മേശപ്പുറത്തുവെച്ചത് ധവളപത്രമല്ലെന്നും കരിമ്പത്രികയാണെന്നും മുന്‍ ധനമന്ത്രി കെ. എം. മാണി. സാമ്പത്തിക രേഖ എന്നതിലുപരി മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുക മാത്രമാണ് ഈ കരിമ്പത്രികയില്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ സത്യസന്ധമായി വിലയരുത്തുകയോ വസ്തുതാപരമായി അവലോകനം ചെയ്യുകയോ ചെയ്തിട്ടില്ല. സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാര നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കാനും ധവളപത്രത്തിന്‌ സാധിച്ചിട്ടില്ല. 

കഴിഞ്ഞ സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ ആയിരം കോടി രൂപ ഖജനാവില്‍ മിച്ചം വെച്ചു എന്നത് ഒരു കുറ്റമായാണ് തോമസ് ഐസക് പറയുന്നത്. കടം എല്ലാ കാലത്തും ഉണ്ടായിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മുമ്പത്തെ സര്‍ക്കാര്‍ ഉണ്ടാക്കിവെച്ച ബാധ്യതകള്‍ തങ്ങളുടെ തലയില്‍ വരുകയായിരുന്നെന്നും മാണി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ മെഗാ പദ്ധതികളൊന്നും വരുമാനം ഉണ്ടാക്കുന്നില്ലെന്ന ആരോപണം കഴമ്പില്ലാത്തതാണ്. കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ എയര്‍പോര്‍ട്ട് തുടങ്ങിയ പദ്ധതികളെല്ലാം പ്രവര്‍ത്തനം തുടങ്ങുന്നതോടെ സര്‍ക്കാരിന് വരുമാനം ലഭിച്ചു തുടങ്ങുമെന്നും മാണി പറഞ്ഞു.