വെട്ടിമാറ്റുംമുമ്പ് നാട്ടുകാർ ഒരുവട്ടംകൂടി ഒത്തുകൂടി; മാവിനും ചുമടുതാങ്ങിക്കും പൊന്നാടചാർത്തി, വിട..


രാകേഷ് കെ.നായർ

വേരുകൾ അറ്റുപോകാത്ത സ്നേഹത്തണലായിരുന്ന പ്രിയപ്പെട്ട മാവിന് യാത്രാമൊഴി നൽകാൻ നാട്ടുകാർ ഇവിടെ ഒരുവട്ടംകൂടി ഒത്തുകൂടി. ഉത്സവാന്തരീക്ഷമൊരുക്കി കഥകൾ പറഞ്ഞും കവിത ചൊല്ലിയും ചിത്രംവരച്ചും ചെരാതുകൾ തെളിച്ചും വികാരഭരിതരായി ചൊവ്വാഴ്ച അവർ വൻമരത്തിന് വിടനൽകി.

• തോന്നയ്ക്കൽ ചെമ്പകമംഗലത്ത് മുറിച്ചുമാറ്റാനൊരുങ്ങുന്ന മാവിനെയും നീക്കംചെയ്യുന്ന ചുമടുതാങ്ങിയെയും പൗരസമിതി പ്രവർത്തകർ അലങ്കരിച്ചപ്പോൾ |ഫോട്ടോ: എം.പി.ഉണ്ണികൃഷ്ണൻ, • തോന്നയ്ക്കൽ ചെമ്പകമംഗലത്ത് മുറിച്ചുമാറ്റാനൊരുങ്ങുന്ന മാവിന്റെയും ചുമടുതാങ്ങിയുടെയും പതിറ്റാണ്ടുകൾ മുൻപുള്ള ചിത്രം

തിരുവനന്തപുരം: ദേശീയപാതയ്ക്കരികിൽ തലയുയർത്തിനിന്നിരുന്ന കൂറ്റൻ നാട്ടുമാവായിരുന്നു രണ്ടു നൂറ്റാണ്ടിലധികമായി ചെമ്പകമംഗലം ഗ്രാമത്തിന്റെ വിലാസം. ഇന്നലെവരെ നാട്ടുവഴികളും ഗ്രാമീണരും സംഗമിച്ചിരുന്നത് ഈ മാവിന്റെ ചുവട്ടിലായിരുന്നു. തണൽപരത്തി തലയുയർത്തിനിന്നിരുന്ന ഇതിന്റെ ചുവട്ടിൽ തളിരിട്ട് വളർന്ന ജീവിതകഥകൾ ഏറെയാണ്. നിറയെ പൂത്തുകായ്ക്കുന്ന മാവിലെ നാട്ടുമാങ്ങയുടെ മാധുര്യം ഇനി ഓർമയാവുകയാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡരികിലെ മരങ്ങൾ മുറിച്ചുമാറ്റുന്നകൂട്ടത്തിൽ തോന്നയ്ക്കൽ ചെമ്പകമംഗലത്തെ മാവും കഥാവശേഷമാവും. ഇതിനടുത്ത് 1917-ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് സ്ഥാപിച്ച ചുമടുതാങ്ങിയുമുണ്ട്.

തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിനു സമീപമുള്ള ചെമ്പകമംഗലത്തുകാരുടെ ജീവിതത്തോട് ഏറ്റവും ചേർന്നുനിൽക്കുന്നതാണ് ഈ മുത്തശ്ശിമാവും ചുമടുതാങ്ങിയും. വേരുകൾ അറ്റുപോകാത്ത സ്നേഹത്തണലായിരുന്ന പ്രിയപ്പെട്ട മാവിന് യാത്രാമൊഴി നൽകാൻ നാട്ടുകാർ ഇവിടെ ഒരുവട്ടംകൂടി ഒത്തുകൂടി. ഉത്സവാന്തരീക്ഷമൊരുക്കി കഥകൾ പറഞ്ഞും കവിത ചൊല്ലിയും ചിത്രംവരച്ചും ചെരാതുകൾ തെളിച്ചും വികാരഭരിതരായി ചൊവ്വാഴ്ച അവർ വൻമരത്തിന് വിടനൽകി. മാവിന്റെയും ചുമടുതാങ്ങിയുടെയും ജീവചരിത്രം രചിച്ച് പൊന്നാടചാർത്തി. ഒരു പകൽദിവസം മുഴുവൻ നീണ്ട പ്രൗഢമായ കൂട്ടായ്മയിൽ വി.ശശി എം.എൽ.എ.യും കവി വി.മധുസൂദനൻ നായരുമുൾപ്പെടെ സാമൂഹിക, സാംസ്കാരിക പ്രവർത്തകർ പങ്കുചേർന്നു. ഗ്രാമപ്പഞ്ചായത്തംഗം അജികുമാർ, പൗരസമിതി ഭാരവാഹികളായ ജി.ഗോപകുമാർ, നാസിം, പി.ധർമ്മപാലൻ, ജയമോൻ, അജ്മീർ, ആർ.ബാബു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

തനിക്ക് ഓർമയുള്ളകാലം മുതൽ ഈ മാവ് ഇങ്ങനെ തലയുയർത്തി നിൽക്കുന്നുണ്ടെന്ന് കെ.എസ്.ഇ.ബി.യിൽനിന്നു വിരമിച്ച ശശിധരൻനായർ ഓർക്കുന്നു. അക്കാലത്ത് മാവിന്റെ ചുവട്ടിൽ ഒരു ചെറിയ നാട്ടുചന്തയുമുണ്ടായിരുന്നു. മംഗലപുരത്തെ വലിയ ചന്തയിലേക്ക്‌ മരക്കരിയും വെറ്റിലക്കെട്ടുമായി എത്തുന്നവർ ചുമടുതാങ്ങിയിൽ ഭാരമിറക്കിവെച്ച് മാവിന്റെ തണലിൽ വിശ്രമിക്കും. പഴുത്തുവീഴുന്ന മാമ്പഴം പെറുക്കിയെടുക്കാൻ മത്സരമായിരുന്നെന്നും മധുരമേറിയ നാട്ടുമാങ്ങയുടെ രുചിയറിയാത്ത ഒരാളും ഇവിടെയില്ലെന്നും അദ്ദേഹം ഓർക്കുന്നു.

• തോന്നയ്ക്കൽ ചെമ്പകമംഗലത്ത് മുറിച്ചുമാറ്റാനൊരുങ്ങുന്ന മാവിന്റെയും ചുമടുതാങ്ങിയുടെയും പതിറ്റാണ്ടുകൾ മുൻപുള്ള ചിത്രം

നാട്ടിൽ റേഡിയോ കിയോസ്ക് സ്ഥാപിച്ചത് മാവിൻചുവട്ടിലാണ്. സാമൂഹിക രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രവും ഇവിടമായിരുന്നു. ഇൗ മരത്തണലിൽ ബസ് കാത്തുനിന്നപ്പോഴാണ് പല പ്രണയങ്ങളും തളിരിട്ടതും ചില ബന്ധങ്ങൾ വാടിക്കൊഴിഞ്ഞതും.

തങ്ങളുടെ ജീവിതത്തിനു കൂടൊരുക്കിയ മാവിന്റെ ഓർമകൾ സംരക്ഷിക്കാൻ പൗരസമിതി പ്രവർത്തകർ നേരത്തെ നാട്ടുമാവിൻതൈകൾ നട്ടുവളർത്തിയിരുന്നു. പ്രദേശത്തെ വീടുകളിൽ ചൊവ്വാഴ്ച ഈ തൈകൾ നട്ടു. ദേശീയപാത വികസനം പൂർത്തിയായശേഷം ഇതിനടുത്ത് മാവിൻതൈ നട്ടുസംരക്ഷിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. ചരിത്രത്തിന്റെ ഓർമകൾ പേറുന്ന ചുമടുതാങ്ങിയും പിന്നീട് മാറ്റിസ്ഥാപിക്കും.

Content Highlights: mango tree in chempakamangalam - national highway expansion

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented