
Photo: ANI
മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടകവസ്തു കണ്ടെത്തിയ സംഭവത്തില്‍ പോലീസില്‍ കീഴടങ്ങിയ ഉഡുപ്പി സ്വദേശി ആദിത്യറാവു(36)വിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവില്‍ എത്തിച്ച ഇയാളെ ഇന്ന് തെളിവെടുപ്പ് നടത്തും. ജോലി ചെയ്ത സ്ഥലത്തും താമസിച്ചിരുന്ന സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തുക.
ബോംബുവെച്ചത് താനാണെന്ന് ആദിത്യറാവു സമ്മതിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം പോലീസ് നടത്തും. ഓണ്‍ലൈന്‍ വഴിയാണ് ബോംബുനിര്‍മാണത്തിനുള്ള വസ്തുക്കള്‍ വാങ്ങിച്ചതെന്നും യുട്യൂബ് നോക്കിയാണ് ബോംബ് നിര്‍മിക്കാനുള്ള വിദ്യ പഠിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍ ഓണ്‍ലൈനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി, യുട്യൂബ് നോക്കി ബോംബുണ്ടാക്കാന്‍ സാധിച്ചത് എങ്ങനെയാണെന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്. ഒപ്പം അതീവ സുരക്ഷാ മേഖലയായ മംഗളൂരു വിമാനത്താവളത്തിന്റെ ടിക്കറ്റ് കൗണ്ടര്‍ വരെ എങ്ങനെ എത്തി എന്നൊക്കെയാണ് പോലീസിനെ അലട്ടുന്ന ചോദ്യം. അതി തീവ്ര സ്ഫോടനത്തിന് സാധ്യതയുള്ള ബോംബാണ് കണ്ടെത്തിയത് എന്നാണ് പോലീസ് ആദ്യഘട്ടത്തില്‍ നല്കിയ സൂചന.
കര്‍ണാടക പോലീസ് മേധാവി നീലമണി രാജുവിന്റെ ഓഫീസിലെത്തി കീഴടങ്ങിയ ആദിത്യറാവുവിനെ പ്രാഥമിക ചോദ്യംചെയ്യലിനുശേഷം റാവുവിനെ മംഗളൂരു പോലീസിന് കൈമാറി. ബംഗളൂരുവില്‍ നിന്ന് മാംഗളൂരുവില്‍ എത്തിച്ച ഇയാളെ വിശദമായ ചോദ്യം ചെയ്യും തെളിവെടുക്കും. വ്യാഴാഴ്ച വൈകീട്ട് മംഗളൂരു കോടതിയില്‍ ഹാജരാക്കുന്ന ആദിത്യയെ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. മുന്നംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Content Highlights: Mangalore Airport bomb scare; interrogations underway
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..