ശബരിമല: മണ്ഡല പൂജക്ക് അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥ ഘോഷയാത്ര ബുധനാഴ്ച ആഘോഷപൂർവം സന്നിധാനത്ത് എത്തും. 23ന് രാവിലെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് സന്നിധാനത്ത് എത്തുക. വ്യാഴാഴ്ച ആണ് മണ്ഡല പൂജ. ഇതിനുള്ള ഒരുക്കങ്ങളെല്ലാം സന്നിധാനത്ത് പൂർത്തിയായി. ചൊവ്വാഴ്ച കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. തുടർന്ന് വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം നൽകി. ബുധനാഴ്ച പെരുനാട് ശാസ്താ ക്ഷേത്രത്തിൽ നിന്നും യാത്ര പുറപ്പെടും. പിന്നീട് ളാഹ, പ്ലാപ്പള്ളി, നിലയ്ക്കൽ, ചാലക്കയം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഉച്ചയ്ക്ക് പമ്പയിൽ എത്തും.
പമ്പാ ത്രിവേണിയിൽ എത്തുന്ന രഥഘോഷയാത്രയെ ദേവസ്വം ഭാരവാഹികൾ, അയ്യപ്പ സേവാ സംഘം പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ച് ഗണപതി കോവിലിലേക്ക് കൊണ്ടുപോകും. മൂന്നു മണി വരെ തങ്ക അങ്കി ദർശനത്തിന് വെക്കും. തുടർന്ന് തങ്ക അങ്കി പേടകത്തിലാക്കി സന്നിധാനത്തേക്ക് തിരിക്കും. തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആചാരപൂർവമുള്ള സ്വീകരണം നൽകി പതിനെട്ടാം പടിക്ക് ചുവട്ടിലേക്ക് ആനയിക്കും. പിന്നീട് പടി കയറി തങ്ക അങ്കിയുമായി മുകളിലെത്തുമ്പോൾ കൊടിമരച്ചുവട്ടിൽ വെച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, ദേവസ്വം ബോർഡ് അംഗങ്ങൾ, ദേവസ്വം വകുപ്പ്സെക്രട്ടറി, ദേവസ്വം കമ്മീഷണർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ച് സോപാനത്തിലേക്ക് കൊണ്ടുപോകും.
ഇവിടെ നിന്നും ക്ഷേത്ര തന്ത്രിയും മേൽശാന്തിയും ചേർന് തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവിൽ നട അടയ്ക്കും. തുടർന്ന് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധനയ്ക്കായി നട തുറക്കും. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജ ഉച്ചക്ക് 12ന് നടക്കും. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് മുഖ്യ കാർമികത്വം വഹിക്കും. രാത്രി നട അടയ്ക്കുന്നതോടെ ഈ മണ്ഡല കാലത്തിന് സമാപനമാവും. പിന്നെ മകരവിളക്ക് ഉത്സവത്തിന് 30ന് വൈകിട്ട് വീണ്ടും നട തുറക്കും. ജനുവരി 14ന് ആണ് മകരവിളക്ക്.
Content Highlights: Mandala Pooja, Thanka Anki Procession, Sabarimala