പാലക്കാട്‌: കഴിഞ്ഞ വര്‍ഷം മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍നിന്ന് പിടിച്ചെടുത്തത് മോഷ്ടിച്ച ആയുധങ്ങളാണെന്ന് ക്രൈംബ്രാഞ്ച്. രാജ്യത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍നിന്ന് മാവോയിസ്റ്റുകള്‍ മോഷ്ടിച്ച തോക്കുകള്‍ അടക്കമുള്ള ആയുധങ്ങളാണിവയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. 

2019 ഒക്ടോബറില്‍ പാലക്കാട് അഗളിയിലെ മഞ്ചിക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലിനിടയില്‍ വെടിയേറ്റ് മരിച്ച മൂന്ന് മാവോയിസ്റ്റുകളില്‍നിന്ന് കണ്ടെടുത്ത ആയുധങ്ങളാണിവ.  

എകെ 47, .303 റൈഫിള്‍, നാടന്‍ തോക്കുകള്‍ തുടങ്ങിയ ആയുധങ്ങളാണ് അന്ന് പിടിച്ചെടുത്തിരുന്നത്‌. 2004 മുതല്‍ 2014 വരെ രാജ്യത്തിന്റെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് മോഷണം പോയവയാണ് ഈ ആയുധങ്ങളെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. 2004ല്‍ ആയിരക്കണക്കിന് നക്‌സലേറ്റുകള്‍ ഒഡീഷയിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് കെകലാക്കിയ ആയുധനങ്ങളും 2014ല്‍ ചത്തീസ്ഗഢില്‍ നടത്തിയ ആക്രമണത്തിനിടയില്‍ മാവോയിസ്റ്റുകല്‍ കവര്‍ച്ച നടത്തിയ ആയുധനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 

പിടിച്ചെടുത്ത ആയുധങ്ങളുടെ വിവരങ്ങള്‍ രാജ്യത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലേക്ക് ക്രൈംബ്രാഞ്ച് അയച്ചുനല്‍കിയിരുന്നു. ഇതിന് ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്‌റ്റേഷനുകളില്‍ നേരിട്ടെത്തി പരിശോധിച്ച ശേഷമാണ് ആയുധങ്ങള്‍ മോഷ്ടിക്കപ്പെട്ടവയാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഡയറക്ടര്‍ റിപ്പോര്‍ട്ട് തയ്യറാക്കിയത്.

content highlights; manchikkandi maoist encounter, police recoverd weapon are stolen weapons