-
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് വീട് വെക്കാനുള്ള ഭൂമി കണ്ടെത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച 'മനസോടിത്തിരി മണ്ണ്' ക്യാമ്പയിനിലൂടെ ലഭ്യമാകുന്ന ഭൂമിയുടെ ഉപയുക്തത സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി. ഭൂമിയുടെ യോഗ്യതാനിര്ണയം, അനുയോജ്യത, രജിസ്ട്രേഷൻ വ്യവസ്ഥകള്‍, ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍, ഭൂമി നിരാകരിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചാണ് മാര്‍ഗരേഖ. ക്യാമ്പയിന് വിജയത്തിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് തദ്ദേശസ്വയംഭരണമന്ത്രി എം.വി. ഗോവിന്ദൻ ആഹ്വാനം ചെയ്തു.
'മനസോടിത്തിരി മണ്ണ്' ക്യാമ്പയിനായി ഇതിനകം സംസ്ഥാനത്ത് 1076 സെന്റ് സ്ഥലമാണ് ലഭിച്ചത്. ഇതിന് പുറമേ 696 സെന്റ് ഭൂമി വാഗ്ഗാനം ചെയ്യപ്പെട്ടിട്ടുമുണ്ട്. രണ്ട് രീതിയില്‍ ഭൂമി സംഭാവന ചെയ്യുമ്പോള്‍ രജിസ്ട്രേഷന് നടത്താനാകും. ഭൂദാതാവിന് നേരിട്ട് ഭൂരഹിത ഭവനരഹിത ലൈഫ് പദ്ധതി ഗുണഭോക്താവിന്റെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യാം. തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് ഭൂമി നല്കുന്നതെങ്കില് സ്ഥാപന സെക്രട്ടറിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തുനല്‍കണം. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അനുബന്ധ ചെലവുകള്‍ തദ്ദേശ ഭരണ സ്ഥാപനം വഹിക്കും. ലഭിച്ച ഭൂമിയും ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളുടെ എണ്ണവും തദ്ദേശ സ്ഥാപനത്തിന് ലഭ്യമായ ഫണ്ടും പരിഗണിച്ച് വ്യക്തിഗതമായ വീടോ ഭവന സമുച്ചയമോ ക്ലസ്റ്റര്‍ ഹോമോ നിര്‍മ്മിക്കാന്‍ തദ്ദേശ സ്ഥാപനം തീരുമാനിക്കും.
വ്യക്തിപരമായ വീടുകള്‍ക്കായി ഗുണഭോക്താക്കള്‍ക്ക് പരമാവധി മൂന്ന് സെന്റ് വീതം വീതിച്ച് നല്കാൻ അനുവാദമുണ്ട്. റോഡ്, കുടിവെള്ളം, വൈദ്യുതി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പ്രദേശത്തേക്ക് തദ്ദേശസ്ഥാപനം ഉറപ്പുവരുത്തും. ഗുണഭോക്താക്കളെ ലൈഫ് പട്ടികയില്‍ നിന്ന് മുൻഗണനാക്രമത്തില്‍ തിരഞ്ഞെടുക്കും. വ്യക്തിഗത ഭവനങ്ങള്‍ക്കായി നല്കുന്നുണ്ടെങ്കില് മാത്രമേ രജിസ്ട്രേഷന് ആവശ്യമുള്ളൂ. ലൈഫ് പദ്ധതിക്കും ലൈഫ് ഗുണഭോക്താക്കള്‍ക്കും രജിസ്റ്റര്‍ ചെയ്തുകൊടുക്കുന്ന ഭൂമിക്ക് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും ഒഴിവാക്കിയിട്ടുണ്ട്. ലഭ്യമാകുന്ന ഭൂമി ഗുണഭോക്താവിനും ഗുണഭോക്താവിന്റെ അവകാശികള്‍ക്കും ജീവിതാവസാനം വരെ അവകാശം ഉണ്ടായിരിക്കും. ഭൂമി അനന്തരാവകാശികള്‍ക്ക് മാത്രമേ കൈമാറ്റം ചെയ്യാൻ പാടുള്ളൂ എന്നും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ലംഘിച്ചാലോ അനന്തരവകാശികള്‍ ഇല്ലെങ്കിലോ സ്ഥലം തദ്ദേശസ്ഥാപനത്തിന് തിരികെ നല്‍കണമെന്ന വ്യവസ്ഥയും രജിസ്ട്രേഷനില്‍ ഉള്‍പ്പെടുത്തും.
വാഗ്ദാനം ചെയ്യപ്പെട്ട ഭൂമിയിലെ എല്ലാ സാങ്കേതികപ്രശ്നങ്ങളും തദ്ദേശ സ്ഥാപനങ്ങള്‍ പരിഹരിക്കും. ഭൂമി സംബന്ധിച്ച് തര്‍ക്കമോ കോടതി വ്യവഹാരമോ ഉണ്ടെങ്കില്‍ തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടത്തും. പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം ഭൂദാതാവ് രജിസ്ട്രേഷന് വിസമ്മതിക്കുകയാണെങ്കില്‍ എല്ലാ അനുമതിയും റദ്ദാക്കുമെന്നും മാര്‍ഗനിര്‍ദേശം പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..