കോതമംഗലം: ''പഠിക്കാന്‍ മിടുക്കിയായിരുന്ന അവള്‍ ഞങ്ങളുടെ എല്ലാമായിരുന്നു... ഞങ്ങളുടെ സ്വപ്നവും പ്രതീക്ഷയും...'' -മാനസയുടെ വല്യച്ഛന്‍ വിജയന്‍ വികാരനിര്‍ഭരമായാണ് ഇതു പറഞ്ഞത്. കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രി വളപ്പിലെ പാര്‍ക്കിങ് ഏരിയയില്‍ കാറിലിരുന്നാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നാലു വര്‍ഷവും മികച്ചരീതിയില്‍ മാനസ കോഴ്സ് പൂര്‍ത്തിയാക്കി. ഒന്നര മാസത്തെ ഹൗസ് സര്‍ജന്‍സി കൂടി പൂര്‍ത്തിയായാല്‍ അവള്‍ ഡോക്ടറായി. അതിന്റെയൊരു ആഹ്ലാദനിമിഷം അടുത്തുവരുത്തുന്നതും കാത്തിരിക്കുകയായിരിന്നു കുടുംബാംഗങ്ങളെല്ലാം.

''മാനസയുടെ അച്ഛന്‍ ഉള്‍പ്പെടെ ഞങ്ങള്‍ നാല് സഹോദരങ്ങളും ഒരേ പറമ്പില്‍ തന്നെയാണ് വീടുവച്ച് താമസിക്കുന്നത്. വീട്ടിലെത്തിയാല്‍ അവള്‍ എന്റെ അടുത്ത് ഓടിയെത്തും...'' വല്യച്ഛനോട് കൂടുതല്‍ അടുപ്പമായിരുന്നുവെന്ന് പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്... 'അവള്‍ക്ക് ഞങ്ങള്‍ എല്ലാവരുമായും നല്ല അടുപ്പമായിരുന്നു' എന്നും വിജയന്‍ പറഞ്ഞു. നെല്ലിക്കുഴിയിലെ കോളേജ് പരിസരത്തോ താമസസ്ഥലത്തോ എത്തി രാഖിന്‍ ശല്യപ്പെടുത്തിയതായി മാനസ പറഞ്ഞിരുന്നില്ല.

കണ്ണൂരില്‍ വീടിന്റെ സമീപം വെച്ച് പലകുറി ശല്യം ചെയ്തിരുന്നതായി അവള്‍ അച്ഛനമ്മമാരോട് പറഞ്ഞിരുന്നു. അക്കാര്യം പോലീസിലും അറിയിച്ചിരുന്നു. മാനസയുടെ വീടും രാഖിന്റെ വീടും തമ്മില്‍ ഏകദേശം 30 കിലോമീറ്റര്‍ അകലമുണ്ട്. ശനിയാഴ്ച പുലര്‍ച്ചയ്ക്കാണ് വിജയനും മാനസയുടെ അമ്മാവനും അടക്കമുള്ള ബന്ധുക്കള്‍ കോതമംഗലത്തെത്തിയത്. അച്ഛനമ്മമാര്‍ എത്തിയില്ല. സംഭവത്തിന്റെ ആഘാതത്തില്‍നിന്ന് അവര്‍ മുക്തരായിട്ടില്ല.

മാനസയ്ക്കുനേരേ രാഖില്‍ ഉതിര്‍ത്തത് മൂന്നുവെടി

കൊച്ചി: കോതമംഗലത്ത് യുവതിയെ വെടിവെച്ചുകൊന്ന് യുവാവ് സ്വയം വെടിവെച്ചുമരിച്ച സംഭവത്തില്‍ വെടിവെപ്പ് നടന്ന മുറിക്കകത്ത് ചുമരില്‍ തറച്ചനിലയില്‍ ഒരു വെടിയുണ്ട ഫൊറന്‍സിക് സംഘം കണ്ടെത്തി. ഇതോടെ, മാനസയ്ക്കുനേരേ പ്രതി രാഖില്‍ വെടിയുതിര്‍ത്തത് മൂന്നുതവണയെന്നു വ്യക്തമായി.

രണ്ടുവെടിയുണ്ടകള്‍ മാനസയുടെ ശരീരത്തില്‍ പതിച്ചിരുന്നു. ഒന്ന് ഉന്നംതെറ്റി പതിച്ചതാകാമെന്നുകരുതുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടയില്‍ രാഖിലിന്റെ പോക്കറ്റില്‍നിന്ന് അഞ്ചു വെടിയുണ്ടകള്‍കൂടി കണ്ടെടുത്തു.

13 ബുള്ളറ്റ് ലോഡ് ചെയ്യാവുന്ന തോക്കായിരുന്നു ഇത്. 7.62 എം.എം. പിസ്റ്റളാണ് ഇതിനുപയോഗിച്ചത്. ഒരു ബുള്ളറ്റ് സ്വയം ജീവനൊടുക്കാനും ഉപയോഗിച്ചു. തൊട്ടടുത്തുനിന്നാണ് രാഖില്‍ നിറയൊഴിച്ചതെന്നും വ്യക്തമായി. തോക്കില്‍ ഏഴ് ഉണ്ടകള്‍ നിറച്ചിരുന്നു. മൂന്നെണ്ണം തോക്കില്‍ അവശേഷിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിതന്നെ പോലീസ് തോക്ക് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് വിദഗ്ധപരിശോധനയ്ക്ക് ബെംഗളൂരുവിലേക്ക് അയക്കും.

അന്വേഷണത്തിന് പ്രത്യേകസംഘം

കൂടുതല്‍ അന്വേഷണത്തിന് റൂറല്‍ എസ്.പി. കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. കോതമംഗലം എസ്.ഐ. മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച പുലര്‍ച്ചയോടെ കണ്ണൂരിലെത്തി. മേലൂരിലെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. സംഭവത്തിനു ദൃക്സാക്ഷികളായ സഹപാഠികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. മാനസയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചുവരുകയാണ്.

കണ്ണൂരിലെത്തിയ സംഘം കളക്ടറേറ്റില്‍നിന്ന് തോക്കിന്റെ ലൈസന്‍സ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കും. മാനസയുമായുള്ള പ്രണയബന്ധം തകര്‍ന്നതിലുള്ള മനോവിഷമമാണ് രാഖിലിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന ആദ്യ മൊഴികള്‍.

കൊലപാതകത്തിനുമുന്പ് രാഖില്‍ എട്ടുദിവസത്തോളം കേരളത്തിനുപുറത്ത് തങ്ങിയതായി വിവരമുണ്ട്. ഇതിനാല്‍ തോക്ക് തേടിയുള്ള അന്വേഷണം സംസ്ഥാനത്തിനുപുറത്തേക്കും വ്യാപിപ്പിക്കും. രാഖിലിന്റെ സമീപകാല യാത്രകളും ഫോണ്‍രേഖകളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരുന്നു. ഒരുമാസത്തോളമായി രാഖില്‍ നെല്ലിക്കുഴിയിലാണ് തങ്ങിയിരുന്നത്. കൊലപാതകവുമായി നേരിട്ടുബന്ധമുള്ള മറ്റാരുമില്ലെന്നാണ് ഇതുവരെ പോലീസിനു ലഭിക്കുന്ന വിവരം.

രാഖില്‍ കാര്‍ ഈയിടെ വിറ്റു

തലശ്ശേരി: രാഖില്‍ തോക്ക് വാങ്ങിയത് കാര്‍ വിറ്റ പണംകൊണ്ടെന്ന് സംശയം. പുതുതായി വാങ്ങിയ കാര്‍ വിറ്റതായി ചിലരോട് പറഞ്ഞിരുന്നു. കഴിഞ്ഞതവണ രാഖില്‍ വീട്ടില്‍ വന്നപ്പോള്‍ അധികം സംസാരിച്ചിരുന്നില്ല. അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നതിനാല്‍ വീട്ടുകാരും കൂടുതലൊന്നും അന്വേഷിച്ചിരുന്നില്ല.

'ചെറിയ സൂചനപോലും അവനില്‍നിന്നുണ്ടായില്ല'

കണ്ണൂര്‍: ''കോതമംഗലത്തേക്കുപോകുമ്പോള്‍ തീവണ്ടിയില്‍വെച്ച് വ്യാഴാഴ്ചയാണ് അവന്‍ അവസാനമായി എന്നെ വിളിക്കുന്നത്. അവന്റെ എല്ലാ കാര്യങ്ങളും അറിയുന്ന വ്യക്തിയാണ് ഞാന്‍. പക്ഷേ, ചെറിയ സൂചനപോലും അവനില്‍നിന്നുണ്ടായില്ല''- കോതമംഗലത്ത് വിദ്യാര്‍ഥിനിയെ കൊന്ന് സ്വയം വെടിവെച്ചുമരിച്ച രാഖിലിന്റെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ ആദിത്യന്‍ പറയുന്നു. ഇന്റീരിയര്‍ വര്‍ക്കില്‍ രാഖിലിന്റെ പങ്കാളികൂടിയാണ് ആദിത്യന്‍.

പെണ്‍കുട്ടിയോട് അവന് കടുത്ത ഇഷ്ടമായിരുന്നു. പക്ഷേ, അവസാനം അവള്‍ അകന്നതായി അവന് തോന്നിയിരുന്നു. ഇക്കാര്യമൊക്കെ തന്നോട് പറഞ്ഞിട്ടുണ്ട്.

അവസാനം പറഞ്ഞത്, 'എനിക്ക് ഒരിക്കല്‍ക്കൂടി അവളോട് സംസാരിക്കണം. അവള്‍ എതിര്‍ത്തുപറയുകയാണെങ്കില്‍ പിന്നെ ഞാന്‍ പിന്തിരിയും' എന്നാണ്. ''ബുധനാഴ്ച കണ്ണൂര്‍ ടൗണില്‍വെച്ച് രാഖില്‍ കുറെനേരം സംസാരിച്ചു. അന്നുവൈകീട്ട് എറണാകുളത്തുപോകാന്‍ തീരുമാനിച്ചതാണ്. പിന്നെ യാത്ര വേണ്ടെന്നുവെച്ചു. ഞങ്ങള്‍ മടങ്ങി. പിറ്റേന്ന് അവന്‍ എറണാകുളത്തേക്ക് വണ്ടികയറി. ട്രെയിനില്‍നിന്നാണ് എന്നെ വിളിക്കുന്നത്. 'എനിക്ക് അവളോടൊന്ന് സംസാരിക്കണം. എന്തിനാണ് എന്നെ ഒഴിവാക്കിയതെന്ന് ചോദിക്കണം. ശേഷം മടങ്ങിവരാം' എന്നും പറഞ്ഞിരുന്നു. അവന് തോക്ക് എവിടെനിന്ന് കിട്ടിയെന്ന് അറിയില്ലെന്ന് ആദിത്യന്‍ പറഞ്ഞു.

എല്ലാം രാഖില്‍ തീരുമാനിച്ച്ഉറപ്പിച്ചിരുന്നു

കൊച്ചി: മാനസയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ രാഖില്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണെന്ന് വ്യക്തമാക്കുന്നതാണ് സഹോദരന് അയച്ച സന്ദേശം. 'വീട്ടിലെ കാര്യങ്ങളെല്ലാം നീ നന്നായി നോക്കണം' എന്നായിരുന്നു രാഖില്‍ സഹോദരനായ രാഹുലിന് അയച്ച സന്ദേശം. 
ഒരാഴ്ച മുമ്പാണ് മൊബൈലില്‍ സന്ദേശം അയച്ചത്. എന്നാല്‍ അത് ഇങ്ങനെ ആയിത്തീരുമെന്ന് രാഹുല്‍ കരുതിയില്ല.

പിന്നീട് രാഹുല്‍ കാണുന്നത് കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രി മോര്‍ച്ചറിയില്‍ സഹോദരന്റെ ചേതനയറ്റ ശരീരമാണ്. സന്ദേശം ലഭിച്ചതോടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. മാനസയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി കൊടുത്തതോടെ ഇതുമായി ബന്ധപ്പെട്ട പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു.

അവിടെ വെച്ച്, മാനസയുടെ പിറകെ നടക്കരുതെന്ന് പോലീസ് താക്കീത് നല്‍കിയിരുന്നു. ഇതോടെ രാഖില്‍ വീടിന് പുറത്തിറങ്ങാതെ മുറി അടച്ചിരിക്കുന്ന രീതിയിലേക്ക് മാറി. ബാഗെടുത്ത് ഒരു ദിവസം വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. എവിടേക്കാണ് പോയതെന്ന് രാഹുലിനും വീട്ടുകാര്‍ക്കും അറിയില്ലായിരുന്നു. ഫോണിലൂടെ ബന്ധപ്പെടാനുള്ള ശ്രമങ്ങളും വിജയിച്ചില്ലെന്ന് വീട്ടുകാര്‍ പറയുന്നു.

content highlights: manasa murder case: relatives responds