കൊച്ചി: കോതമംഗലത്ത് യുവതിയെ വെടിവെച്ചു കൊന്ന് യുവാവ് സ്വയം വെടിവെച്ചു മരിച്ച സംഭവത്തില്‍ അന്വേഷണം പിസ്റ്റള്‍ കേന്ദ്രീകരിച്ച്. മാനസയെ കൊല്ലാനുപയോഗിച്ച തോക്ക് രാഖിലിന് എവിടെനിന്ന് ലഭിച്ചു എന്ന് കണ്ടെത്താനുള്ള തീവ്രാന്വേഷണത്തിലാണ് പോലീസ്. രാഖിലിന്റെ ഫോണ്‍വിളികളും യാത്രചെയ്ത ലൊക്കേഷനുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. രാഖിലിന്റെ ചില സുഹൃത്തുക്കളില്‍ നിന്ന് ശനിയാഴ്ചതന്നെ പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ടവര്‍ ലൊക്കേഷന്‍ വെച്ച് റൂട്ട്മാപ്പ് ഉണ്ടാക്കിയ ശേഷം, ഇവിടങ്ങളില്‍ എന്തിനു പോയി എന്ന് കണ്ടെത്തുകയാണ് ആദ്യം ചെയ്യുക. അസ്വാഭാവികമായി എവിടെയെങ്കിലും പോയിട്ടുണ്ടെങ്കില്‍ ആസമയം ഫോണില്‍ ആരെയെല്ലാം ബന്ധപ്പെട്ടു എന്നതും പരിശോധിക്കും.

എട്ടു ദിവസത്തോളം രാഖില്‍ കേരളത്തിന് പുറത്ത് തങ്ങിയതായി വിവരമുണ്ട്. ജൂലായ് 12-ന് സുഹൃത്തിനൊപ്പം കേരളത്തിന് പുറത്തേക്ക് പോയതായാണ് കണ്ടെത്തല്‍. ഇത് തോക്ക് വാങ്ങാനായി പോയതാകാമെന്നാണ് കരുതുന്നത്. കണ്ണൂര്‍ സ്വദേശിയായ രാഖിലിന് മംഗലാപുരത്ത് നിന്ന് തോക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. മംഗലാപുരത്തേക്ക് തോക്ക് വരുന്നത് ബിഹാറില്‍ നിന്നാണ്. രാഖില്‍ ബിഹാറിലെത്തി തോക്ക് സംഘടിപ്പിച്ചതാണോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

ദുരൂഹത നിറഞ്ഞ എട്ടു ദിവസം

രാഖില്‍ കേരളത്തിന് പുറത്ത് കഴിഞ്ഞതായി കരുതുന്ന എട്ടു ദിവസം തോക്ക് വാങ്ങാനും വെടിവെയ്പ് പരിശീലിക്കാനും ചെലവിട്ടതാണോ എന്നാണ് സംശയം. ഈ ദിവസങ്ങളിലെ രാഖിലിന്റെ പ്രവര്‍ത്തനങ്ങള്‍ പോലീസ് അന്വേഷിക്കും. മാനസയ്‌ക്കെതിരേ വെടിയുതിര്‍ത്തതില്‍ ഒരു വെടിയുണ്ട മാത്രമാണ് ഉന്നം തെറ്റിയത്. അതിനാല്‍ത്തന്നെ പരിശീലനം നേടിയ ശേഷമാണ് തോക്ക് ഉപയോഗിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.

തോക്കെത്തുന്ന വഴി

മംഗലാപുരം കേന്ദ്രീകരിച്ചുള്ള സംഘമാണ് കേരളത്തിലേക്ക് തോക്ക് കൈമാറുന്നത്. ഇവരുമായി ബന്ധമുള്ള കേരളത്തിലെ ഗുണ്ടാ സംഘങ്ങള്‍ക്കും ഇവര്‍ തോക്ക് കൈമാറും. മംഗലാപുരം സംഘത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വഴിയാണ് കേരളത്തിലേക്ക് തോക്ക് എത്തുന്നത്. ബിഹാറില്‍ നിന്നാണ് മംഗലാപുരം സംഘം തോക്ക് കൊണ്ടുവരുന്നത്.

രവി പൂജാരിയുടെ തണലില്‍ പ്രവര്‍ത്തിക്കുന്ന സംഘമാണ് മംഗലാപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിനായി എത്തിച്ച തോക്കും ഇത്തരത്തില്‍ ബീഹാര്‍-മംഗലാപുരം-കാസര്‍കോട് വഴി കൊച്ചിയില്‍ എത്തിയതാണ്. രണ്ടുലക്ഷം രൂപ വരെയാണ് പിസ്റ്റളിന് മംഗലാപുരം സംഘം വാങ്ങുന്നത്.

content highlights: manasa murder case: from where rakhil got pistol- police enquires