ണ്ണീരും വിലാപങ്ങളും നടുക്കവും ബാക്കി. ആര് ആരെ ആശ്വസിപ്പിക്കും എന്നറിയാതെ വിങ്ങിപ്പൊട്ടിയ ഹൃദയങ്ങള്‍ അവളെ യാത്രയാക്കി. പയ്യാമ്പലത്ത് മാനസ എന്ന സങ്കടത്തെ അഗ്നിജ്വാലകള്‍ ഏറ്റുവാങ്ങി. 

ദീർഘനാളത്തെ സ്റ്റാക്കിങ്ങിനൊടുവിലാണ് രാഖിൽ അവളെ ക്രൂരമായി കൊലപ്പെടുത്തുന്നത്. തോക്കില്‍നിന്ന് തലയ്ക്കും നെഞ്ചിനു താഴെയും വെടിയേറ്റ് പിടഞ്ഞുവീണാണ് അവള്‍ മരിച്ചത്. തൊട്ടുപിന്നാലെ രാഖിലും ജീവിതം അവസാനിപ്പിച്ചു. ജോലിയെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം നിറമുള്ള സ്വപ്‌നങ്ങള്‍ കണ്ടിരുന്ന കുട്ടിയായിരുന്നിരിക്കണം മാനസ. ഏതാനും ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍, ദന്ത ഡോക്ടറായി സേവനം അനുഷ്ഠിക്കേണ്ടിയിരുന്നവള്‍. എന്നാൽ രാഖിലിന്റെ ക്രിമിനൽ മനസ്സ് അവളും വീട്ടുകാരുമെല്ലാം കണ്ട സ്വപ്നങ്ങളെ ഒരു നിമിഷം കൊണ്ടാണ് ഛിന്നഭിന്നമാക്കിയത്.

പ്രണയാര്‍ഭ്യര്‍ഥന നിരസിച്ചാല്‍, ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ഒരു പെണ്‍കുട്ടി തീരുമാനിച്ചാല്‍ അവള്‍ തേപ്പുകാരി ആകുന്നതും അല്‍പംകൂടി കടന്ന് അവളെ അങ്ങ് കൊന്നു കളഞ്ഞേക്കാമെന്ന് തീരുമാനിക്കുന്നതും എന്തുകൊണ്ടാണ്?  ഒരു പുരുഷന്‍ തന്നെ സ്‌നേഹിക്കുന്നു എന്ന ഒരൊറ്റക്കാരണം കൊണ്ട്,  ഇഷ്ടമില്ലായ്മകളും വിയോജിപ്പുകളും ഉണ്ടെങ്കിലും ആ ബന്ധത്തില്‍ സ്ത്രീ തുടരേണ്ടതുണ്ടോ? എന്തുകൊണ്ടാണ് വേണ്ടെന്നു വെക്കലുകളും പിന്മാറ്റവും ബന്ധങ്ങളുടെ കാര്യങ്ങളില്‍ മഹാപാതകങ്ങളാകുന്നത്. ചോദ്യങ്ങള്‍ നിരവധിയാണ്. ഉത്തരത്തിന്റെ ഭാഗം ശൂന്യവും. 

ആലപ്പുഴയിലെ പോലീസുകാരിയായ സൗമ്യ, തൃശ്ശൂരില്‍ അച്ഛനും അമ്മയും ഇല്ലാതെ മുത്തശ്ശിക്കൊപ്പം കഴിഞ്ഞിരുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥിനി നീതു, മലക്കപ്പാറയില്‍ കാറിനുള്ളില്‍ കൊല്ലപ്പെട്ട എറണാകുളത്തെ പതിനേഴുകാരി, പെരിന്തല്‍മണ്ണ ഏളാട് കുത്തേറ്റു മരിച്ച ദൃശ്യ, ഒന്നരക്കൊല്ലം മുമ്പ് കാക്കനാട് അത്താണിയില്‍ അച്ഛനമ്മമാരുടെ മുന്നില്‍ വെച്ച് തീയിട്ടു കൊന്ന ദേവിക... ഒടുവിലിതാ മാനസയും. പ്രണയനിരാസത്തിന് ശിക്ഷ മരണമെന്ന കാടന്‍നീതി അവസാനിപ്പിച്ചു കളഞ്ഞ പെണ്‍ജീവിതങ്ങളുടെ പട്ടിക നീണ്ടുകൊണ്ടേയിരിക്കുകയാണ്. പൂര്‍ണവിരാമമില്ലാതെ. 

image

58 കൊല്ലം മുന്‍പ്, പ്രണയനൈരാശ്യത്തിന്റെ പക തീര്‍ക്കാന്‍ യുവതിയെയും ഭര്‍ത്താവിനെയും കൊച്ചിയില്‍നിന്ന് മുംബെയിലെത്തി വെടിവെച്ചു കൊന്ന സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത ഇന്ന് മാതൃഭൂമി പത്രത്തിലുണ്ട്. മാനസയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ 1963-ല്‍ നടന്ന സമാനസംഭവം ഓര്‍ത്തെടുത്തത് ഹൈക്കോടതിയിലെ മുന്‍ സ്‌പെഷ്യല്‍ ഗവ. പ്ലീഡറായ അഡ്വ. കെ.വി. പ്രകാശാണ്. 

കച്ചേരിപ്പടിയിലെ കലങ്ങോട്ട് എന്ന വീട്ടില്‍ താമസിച്ചിരുന്ന പ്രകാശിന്റെ തൊട്ടയല്‍പക്കത്തായിരുന്നു കൊല്ലപ്പെട്ട ഏറ്റി എന്ന പെണ്‍കുട്ടി താമസിച്ചിരുന്നത്. ''ഏറ്റി സെയ്ന്റ് തെരേസാസ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. നഗരമധ്യത്തില്‍ത്തന്നെ താമസിച്ചിരുന്ന ഒരു യുവാവിന് അവളോട് പ്രണയം തോന്നി. പലതവണ യുവാവ് ഏറ്റിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നാണ് പറയുന്നത്. ഏറ്റിയെ കാണാനായി യുവാവ് അവളുടെ വീടിനടുത്തുള്ള 'മദ്രാസ് കഫേ' എന്ന ഹോട്ടലില്‍ വന്ന് മുറിയെടുത്ത് താമസിക്കുമായിരുന്നു. മദ്രാസ് കഫേയിലെ പടിഞ്ഞാറു ഭാഗത്തെ മുറിയില്‍ നിന്നാല്‍ ഏറ്റിയുടെ വീട് കാണാം. അതുകൊണ്ടാണ് യുവാവ് ആഭാഗത്തുള്ള മുറി ആവശ്യപ്പെട്ടിരുന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ച ഏറ്റി വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് പോയപ്പോള്‍ എല്ലാം അവസാനിച്ചെന്നു കരുതി. എന്നാല്‍, ഉള്ളിലെ പക അണയാതെ സൂക്ഷിച്ച ആ യുവാവ് കൊച്ചിയില്‍ നിന്ന് മുംബൈയിലെത്തി. ഏറ്റിയെയും ഭര്‍ത്താവിനെയും വെടിവെച്ചു കൊന്ന് സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. 

പ്രണയനിരാസത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവരില്‍ ഏറെയും പെണ്‍കുട്ടികളാകയാല്‍, ചോദ്യത്തിന്റെ മുന പുരുഷന്മാരിലേക്കാണ് നീളുന്നത്. ഒരു പെൺകുട്ടി നിങ്ങളുടെ പ്രണയാഭ്യർഥന നിരസിച്ചാൽ അത് സ്വീകരിക്കാൻ ഉള്ള പാകത കൂടി ആൺകുട്ടികളെ നമ്മൾ പറഞ്ഞു പഠിപ്പിക്കേണ്ടതുണ്ട്. ഇഷ്ടം നിരസിക്കുന്നത് ആത്മാഭിമാനത്തെ മുറിപ്പെടുത്തില്ല എന്നും ആണിന് ഇഷ്ടം തോന്നിയാൽ തിരിച്ച് പെണ്ണ് സ്നേഹിക്കണമെന്ന് വാശി പിടിക്കാൻ പാടില്ലെന്നും ആൺകുട്ടികളെ നാം പഠിപ്പിക്കേണ്ടതുണ്ട്.

പെൺകുട്ടികൾ  പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ നടന്ന ക്രൂരതകളുടെ  ഒടുവിലത്തെ ഇരയാണ് മാനസ. 

ഇനി മാനസമാര്‍ ഉണ്ടാകാതിരിക്കട്ടെ. അവളുടേതാകട്ടെ ആ പട്ടികയിലെ അവസാനത്തെ പേര്. ജീവിക്കാനുള്ള ഒരു പെണ്‍കുട്ടിയുടെ അവകാശം ഏതെങ്കിലും പുഴുവരിച്ച മനസ്സിന്റെ താളംതെറ്റലില്‍ ചിതറിത്തെറിക്കാതിരിക്കട്ടെ. 

പ്രണയവും സൗഹൃദവും വേണ്ട എന്ന് തോന്നിടത്ത് നിര്‍ത്താനും അവസാനിപ്പിക്കാനും കഴിയേണ്ട യാത്രയാണ്. അല്ലെങ്കില്‍ ഒരു ബസ്സിലെ ഒരുമിച്ചുള്ള യാത്ര അവസാനിപ്പിച്ച് മറ്റൊരു ബസ്സില്‍ തനിച്ചോ മറ്റാര്‍ക്കോ ഒപ്പം യാത്ര ചെയ്യേണ്ടതാണ് ജീവിതം. ആ സ്വാതന്ത്ര്യം പ്രണയത്തിനും സൗഹൃദത്തിനും ഉണ്ടാവണം. സ്വയം ശിക്ഷിക്കുകയോ എതിരാളിയെ ശിക്ഷിക്കാനുള്ള ലൈസന്‍സല്ല പ്രണയവും സൗഹൃദവും. ആ ബോധവും പുതിയ തലമുറയിലെ കുട്ടികളിലേക്ക് പകര്‍ന്ന് നല്‍കാന്‍ സമൂഹത്തിനാവണം

content highlights: manasa murder case