ഫറോക്ക്: പന്തെടുക്കാന്‍ പുഴയില്‍ ഇറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു. കരുവന്‍തിരുത്തി വേട്ടുവന്‍തൊടി അബ്ദുള്‍ ഗഫൂറിന്റെ മകന്‍ മുര്‍ഷിദ് (18) ആണ് തിങ്കളാഴ്ച വൈകീട്ട് ചാലിയാറിന്റെ കൈവഴിയായ ഓലശ്ശേരി കടവില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ഫാറൂഖ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിയാണ്.

കരുവന്‍തിരുത്തി ഓലശ്ശേരി കടവിനുസമീപം തിങ്കളാഴ്ച വൈകീട്ട് കുട്ടികള്‍ പന്തുകളിച്ചുകൊണ്ടിരിക്കെ പന്ത് പുഴയില്‍വീണു. അതുവഴി പോവുകയായിരുന്ന മുര്‍ഷിദ് അവര്‍ക്ക് പന്തെടുത്തുകൊടുക്കാന്‍ പുഴയില്‍ ഇറങ്ങി. ഇതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു.

മീഞ്ചന്ത ഫയര്‍ഫോഴ്‌സും നാട്ടുകാരും കോസ്റ്റ് ഗാര്‍ഡും ഫറോക്ക് പോലീസും നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രി 8.15-ഓടെ മൃതദേഹം പുഴയില്‍നിന്ന് ലഭിച്ചു.

മാതാവ്: സലീന. സഹോദരങ്ങള്‍: മുബഷിര്‍, അബ്ദുള്‍ ഫത്താഹ്, നബുഹാന്‍, മുഫീദ. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയി.

പുഴകണ്ടിരുന്ന്...മുര്‍ഷിദ് ഒടുവില്‍ മറഞ്ഞു

കരുവന്‍തിരുത്തി: പുഴയിലേക്ക് കാലുനീട്ടിയിരിക്കുന്ന ചിത്രമാണ് മുര്‍ഷിദിന്റെ ഫെയ്‌സ് ബുക്ക് പ്രൊഫൈല്‍ ഫോട്ടോ. എന്നാല്‍ ആ പുഴ തന്നെ മരണത്തിലേക്ക് കൊണ്ടുപോവുമെന്ന് മുര്‍ഷിദ് ഒരിക്കലും കരുതിക്കാണില്ല. സൗമ്യതയും സൗഹൃദവും നിറഞ്ഞ മുര്‍ഷിദിന്റെ വേര്‍പാട് നൊമ്പരത്തോടെയാണ് ഗ്രാമം കേട്ടത്.

തിങ്കളാഴ്ച കരുവന്‍തിരുത്തി ഓലശ്ശേരി കടവിനുസമീപം പന്തുകളിയില്‍ ഏര്‍പ്പെട്ട കൊച്ചുകുട്ടികളുടെ പന്ത് പുഴയില്‍ വീണു. അതുവഴി പോവുകയായിരുന്ന മുര്‍ഷിദ് അവര്‍ക്ക് അപകടം പിണയരുതെന്ന് കരുതിയാണ് പന്തെടുത്ത് കൊടുക്കാന്‍ പുഴയിലേക്ക് ഇറങ്ങിയത്. എന്നാല്‍, പുഴയിലെ ശക്തമായ ഒഴുക്കില്‍ മുര്‍ഷിദ് അകപ്പെടുകയായിരുന്നു. പുഴയോരത്ത് നിന്നിരുന്ന കുട്ടികള്‍ മുര്‍ഷിദ് ആഴങ്ങളിലേയ്ക്ക് പോവുന്നതുകണ്ട് അലറി വിളിച്ചു.

കുട്ടികളുടെ നിലവിളികേട്ട് തോണിയുമായി എത്തിയ മത്സ്യത്തൊഴിലാളി രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും മുര്‍ഷിദ് മുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തി . മീഞ്ചന്ത ഫയര്‍ ഓഫീസര്‍ പി.വി. വിശ്വാസും ഫയര്‍ഫോഴ്‌സ് മുങ്ങല്‍ വിദഗ്ധന്‍ ഇ. ശിഹാബുദ്ദീനും സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്.

ചൊവ്വാഴ്ച രാവിലെ ഫറോക്ക് പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. ഫാറൂഖ് കോളേജ് ബി. വോക്. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് മുര്‍ഷിദ്.