ഒറ്റപ്പാലം: യുവാവിനെ കാറിന്റെ ബോണറ്റിലിരുത്തി രണ്ട് മണിക്കൂര്‍ അപകടകരമാം വിധത്തില്‍ വണ്ടിയോടിച്ചതായി പരാതി. ഒറ്റപ്പാലത്താണ് സംഭവം. സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഉസ്മാന്‍ എന്നയാള്‍ തനിക്ക് നേരെ കാറിടിച്ച് കയറ്റുകയായിരുന്നുവെന്ന് ഫൈസല്‍ എന്നയാള്‍ ഒറ്റപ്പാലം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

ചുനങ്ങാട് സ്വദേശി ഉസ്മാനും പെരിന്തല്‍മണ്ണ സ്വദേശി ഫൈസലും തമ്മില്‍ 78000 രൂപയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഉസ്മാന്റെ സ്ഥാപനത്തിലേക്ക് സാധനം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഇടപാട് നടന്നത്. പലതവണ പണം ചോദിച്ചിട്ടും ഉസ്മാന്‍ തിരികെ നല്‍കിയില്ല. തുടര്‍ന്ന് പണം ആവശ്യപ്പെട്ട് ഫൈസലും സുഹൃത്തുക്കളും പെരിന്തല്‍മണ്ണയില്‍ നിന്ന് ഒറ്റപ്പാലത്തിനടുത്തുള്ള ഉസ്മാന്റെ വീടിന് സമീപത്തെത്തുകയായിരുന്നു.

വീടിന് സമീപത്ത് കാത്തുനിന്ന് ഉസ്മാന്‍ വരുന്നത് കണ്ടപ്പോള്‍ കൈ നീട്ടി കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വാഹനം നിര്‍ത്താതെ ഫൈസലിനു നേരെ കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. ബോണറ്റിലേക്ക് മറിഞ്ഞുവീണ ഇയാള്‍ വൈപ്പറില്‍ അള്ളിപ്പിടിച്ചാണ് നിന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടകരമായ യാത്രയ്ക്കൊടുവില്‍ ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനിലാണ് വാഹനം നിര്‍ത്തിയതെന്ന് ഫൈസല്‍ പറഞ്ഞു. 

ഫൈസലിന് നേരിയ പരിക്കുകളുണ്ട്. ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. തന്നെ കൊലപ്പെടുത്താനായിരുന്നു ഉസ്മാന്റെ ശ്രമമെന്ന് ഫൈസല്‍ പ്രതികരിച്ചു. ബസ്സിന്റേയും മറ്റ് വാഹനങ്ങളുടേയും അടുത്തെത്തി കാര്‍ വെട്ടിക്കാന്‍ ശ്രമിച്ചു. പലതവണ ബ്രേക്ക് പിടിച്ച് താഴെയിടാന്‍ ശ്രമിച്ചു, തന്നെ കൊല്ലുമെന്ന് ഉസ്മാന്‍ ആക്രോശിച്ചിരുന്നുവെന്നും ഫൈസല്‍ പറഞ്ഞു.  

സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് ഉസ്മാനെ കസ്റ്റഡിയിലെടുത്തു. ഉസ്മാന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ പോലീസ് മോട്ടോര്‍വാഹന വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights: man travelled two kilo meters on the bonnet of a car Ottappalam