കൊച്ചി: മട്ടാഞ്ചേരിയില്‍ ഭിന്നശേഷിക്കാരനായ മകനെ പിതാവ് അതിക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വടികൊണ്ട് അടിക്കുന്നതും തലകുത്തനെ നിര്‍ത്തി മര്‍ദിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. 

വീട്ടിലുള്ളവര്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും മര്‍ദനം തുടരുന്നത് ദൃശ്യത്തിലുണ്ട്. ദൃശ്യങ്ങള്‍ പുറത്തെത്തിയതിനു പിന്നാലെ പിതാവ് സുധീറിനെ പോലീസ് അറസ്റ്റ് ചെയ്തു.

പതിനെട്ടു വയസ്സുള്ള കുട്ടിക്കാണ് ക്രൂരമര്‍ദനം ഏറ്റത്. തളര്‍ന്നുവീണ് കിടക്കുന്ന കുട്ടിയെ എഴുന്നേല്‍പ്പിച്ച് കാലുകൊണ്ട് നെഞ്ചിനും വയറിനും ചവിട്ടുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

ഭിന്നശേഷിക്കാരനായ കുട്ടിയെ പിതാവ് നിരന്തരം മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കുട്ടി മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതാണ് പീഡനത്തിന് കാരണമെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അമ്മയുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തും. 

content highlights: man thrashes differently abled son in mattanchery arrested