നിലമ്പൂര്‍:  നിലമ്പൂരിലെ ഞെട്ടിക്കുളത്ത് മക്കളോടൊപ്പം ആത്മഹത്യചെയ്ത രഹ്നയുടെ ഭര്‍ത്താവിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തുടിമുട്ടിയിലെ ജ്യേഷ്ഠന്റെ വീട്ടിലായിരുന്ന ഭൂദാനം തുടിമുട്ടി മുതുപുരേടത്ത് ബിനേഷ് ശ്രീധരനെ(35) സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 

രഹ്നയെയും മക്കളായ ആദിത്യന്‍ അര്‍ജുന്‍, അഭിനവ് എന്നിവരെയും കഴിഞ്ഞ ഞായറാഴ്ചയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. പിന്നാലെ  വിനേഷിന് പരസ്ത്രീ ബന്ധമുണ്ടെന്നും ഇതാണ് രഹ്ന ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും ആരോപിച്ച് രഹ്നയുടെ വീട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിനേഷും ആത്മഹത്യ ചെയ്യുന്നത്.

ഭാര്യയും മക്കളും ആത്മഹത്യ ചെയ്യുമ്പോള്‍ ബിനേഷ് സ്ഥലത്തില്ലായിരുന്നു. കണ്ണൂര്‍ ഇരിക്കൂറില്‍ റബ്ബര്‍ ടാപ്പിങ്ങിനു പോയതായിരുന്നു ബിനേഷ്. അവിടെനിന്ന് കഴിഞ്ഞമാസം 29-ന് വന്നതിനുശേഷം നവംബര്‍ മൂന്നിനാണ് തിരികെ പോയത്. രണ്ട് കുട്ടികളുടെ ജന്മദിനം ഒന്നിച്ചാഘോഷിച്ചാണ് മൂന്നിന് തിരിച്ചുപോയത്.

രാവിലെ ബിനേഷ് രഹ്നയെ വിളിച്ചതായി പറയുന്നു. എന്നാല്‍ വിവരം കിട്ടാതിരുന്നതിനെത്തുടര്‍ന്ന് അടുത്ത വീട്ടിലേക്കുവിളിച്ച് നോക്കാന്‍ പറഞ്ഞതനുസരിച്ച് അടുത്ത വീട്ടുകാര്‍ വന്നുനോക്കിയപ്പോഴാണ് വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

വീടിന്റെ പിറകുവശത്തെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്നാണ് പോലീസ് സഹായത്തോടെ ഇവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ, രക്ഷിക്കാനായില്ല. കുട്ടികളുടെ മരണം ഉറപ്പാക്കിയ ശേഷമാണ് രഹ്ന തൂങ്ങിയതെന്നു കരുതുന്നു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlight; Man suicide soon after wife and child commit suicide