Image: Mathrubhumi news screengrab
അങ്ങാടിക്കല്‍: പത്തനംതിട്ട അങ്ങാടിക്കലില്‍ ലഹരി ഉപയോഗിച്ച ശേഷം നാല്പ്പത്തഞ്ചുകാരന് സ്വന്തംവീടിന് തീയിട്ടു. ചാരുമുരിപ്പില്‍ സുനില്‍ എന്നയാളാണ് അതിക്രമം കാണിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് വീടിന് തീയിട്ടത്.
സുനിലും അമ്മയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. സുനില്‍ വീടിന് തീയിട്ട സമയത്ത് അമ്മ വീട്ടിലുണ്ടായിരുന്നില്ല. അലമാരയിലുണ്ടായിരുന്ന തുണി വാരിയിട്ട് അതിനു മുകളില്‍ വിറക് അടുക്കി തീകൊളുത്തുകയായിരുന്നു. ഇലക്ട്രിക് ഉപകരണങ്ങള്‍, ജനല്‍, കതക്, തുണി എന്നിവ കത്തി നശിച്ചിട്ടുണ്ട്.
തീപിടിച്ച വിവരം അറിഞ്ഞ സമീപവാസികള്‍ ഗ്രാമപ്പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇദ്ദേഹം അടൂരിലെ ഫയര്‍ ഫോഴ്സ് യൂണിറ്റിനെ വിവരം അറിയിച്ചു. എന്നാല്‍ ഫയര്‍ ഫോഴ്സ് എത്തുമ്പോഴേക്കും വീടിനുള്ളിലെ തടികൊണ്ടുള്ള ഉപകരണങ്ങള്‍ അടക്കം കത്തി നശിച്ചിരുന്നു.
മാനസികനില തെറ്റിയ നിലയിലാണ് സുനിലിനെ സമീപത്തുനിന്ന് കണ്ടെത്തിയത്. പിന്നീട് ഫയര്‍ ഫോഴ്സ് അംഗങ്ങള്‍ സുനിലിനെ ബലമായി കീഴ്പ്പെടുത്തി പോലീസിന് കൈമാറി. മദ്യം അടക്കമുള്ള ലഹരി പതിവായി ഉപയോഗിക്കുന്നയാളാണ് സുനില്‍ എന്നാണ് വിവരം.
Content Highlights: man set house on fire at pathanamathitta under intoxication
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..