റഷീദ് മാതാവ് ആയിഷയ്ക്കൊപ്പം
കല്പറ്റ: പോയിവരാമെന്നുപറഞ്ഞ് പടി കടന്നുപോയ മകൻ വർഷങ്ങൾക്കുശേഷം തിരികെയെത്തിയതിന്റെ സന്തോഷത്തിലാണ് കല്പറ്റ മുണ്ടേരി ചുണ്ടക്കുഴിവീട്ടിലെ ഹുസൈനും ഭാര്യ ആയിഷയും ബന്ധുക്കളുമെല്ലാം. തൊഴിൽ ആവശ്യത്തിനായി പോകുന്നെന്നു പറഞ്ഞാണ് അബ്ദുൾ റഷീദ് 2000-ത്തിൽ വീട്ടിൽനിന്നിറങ്ങിയത്. അന്ന് പ്രായം 27. പിന്നെ തിരികെയെത്തിയില്ല. റഷീദിനെക്കുറിച്ചൊരു വിവരവുമില്ല. അന്വേഷിച്ചെങ്കിലും കണ്ടെത്താനുമായില്ല. 21 വർഷങ്ങൾക്കുശേഷം 47-ാം വയസ്സിൽ റഷീദ് മടങ്ങിയെത്തി. അതും മാതാവിനും ബന്ധുക്കൾക്കുമൊപ്പം.
ഇടുക്കി ചെറുതോണിയിൽനിന്നാണ് വർഷങ്ങൾക്കിപ്പുറം റഷീദിനെ ബന്ധുക്കൾ കണ്ടെത്തുന്നത്. അതിന് സഹായമായതാവട്ടെ റഷീദിന്റെ മാതൃസഹോദരിയുടെ മകൻ ചുള്ളിപ്പറമ്പിൽ റഫീഖിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ്. എങ്ങനെയെങ്കിലും റഷീദിനെ കണ്ടെത്തി കൂട്ടിക്കൊണ്ടുവരണമെന്ന തീരുമാനത്തിലായിരുന്നു റഫീഖും ബന്ധുക്കളും. റഷീദിന്റെ പഴയ ഫോട്ടോ സഹിതമായിരുന്നു റഫീഖിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇത് ഗൾഫിലുള്ള സുഹൃത്ത് പങ്കുവെച്ചതോടെയാണ് റഷീദിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങിയത്. അന്വേഷണത്തിൽ റഷീദ് ഇടുക്കി ചെറുതോണിയിൽ താമസിക്കുന്നതായി വ്യക്തമായി.
ഇതോടെ മകനെ തിരിച്ചുകൊണ്ടുവരാനായി മാതാവ് ആയിഷയുൾപ്പെടെയുള്ളവർ ബുധനാഴ്ച രാത്രി ചെറുതോണിയിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച 11 മണിയോടെ റഷീദ് താമസിക്കുന്ന വീട്ടിലെത്തി. അപ്രതീക്ഷിതമായി മാതാവിനെയും ബന്ധുക്കളെയും കണ്ടതിന്റെ ഞെട്ടലിലായിരുന്നു റഷീദ്. സന്തോഷംകൊണ്ട് മാതാവ് ആയിഷ മകനെ വാരിപ്പുണർന്നു. കൂടെ വരണമെന്ന മാതാവിന്റെയും ബന്ധുക്കളുടെയും ആവശ്യം റഷീദിന് ഒഴിവാക്കാനായില്ല. വെള്ളിയാഴ്ച എല്ലാവർക്കുമൊപ്പം റഷീദ് വീട്ടിൽ തിരിച്ചെത്തി. ഭാര്യ നിഷയും മക്കളായ സുൽത്താനയും അമീറും റഷീദിനൊപ്പമുണ്ടായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം റഷീദിനെ കാണാനെത്തിയതോടെ സന്തോഷം നിറയുകയാണ് ചുണ്ടക്കുഴി വീട്ടിൽ.
Content Highlights: Man reached back home after 21 years in Wayanad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..