വിഷ്ണു പ്രസാദ്
തുറവൂര്‍: മൂന്നു വയസ്സുകാരിയായ മകള്‍ അദ്വിയയ്ക്കു കേക്കുമായി വരാമെന്നു പറഞ്ഞാണ് വിഷ്ണുപ്രസാദ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍, രാത്രി വൈകിയും കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത് വിഷ്ണുവിന്റെ മരണവാര്‍ത്തയായിരുന്നു. തുറവൂര്‍ പഞ്ചായത്ത് 16-ാം വാര്‍ഡ് പടിഞ്ഞാറെ മനക്കോടം ലക്ഷംവീട്ടില്‍ പ്രസാദിന്റെ മകന് വിഷ്ണു പ്രസാദ് (28) ആണ് തിങ്കളാഴ്ച രാത്രി പന്ത്രണ്ടേകാലിനു ചേര്‍ത്തല പതിനൊന്നാം മൈലിലുണ്ടായ അപകടത്തില്‍ മരിച്ചത്.
എറണാകുളത്തെ സ്പെയര്‍ പാര്‍ട്സ് കടയിലെ സെയില്‍സ്മാനായ വിഷ്ണു തിങ്കളാഴ്ച രാത്രി ഏഴിനാണ് തണ്ണീര്‍മുക്കത്തെ സുഹൃത്തിന്റെ വിവാഹ വാര്‍ഷികത്തിനു കേക്കുമുറിക്കാന്‍ പോകുകയാണെന്നും തിരികെ വരുമ്പോള്‍ കേക്കു കൊണ്ടുവരാമെന്നും പറഞ്ഞു വീട്ടില്‍ നിന്നിറങ്ങുന്നത്. സുഹൃത്തിന്റെ വീട്ടില്‍ നിന്നുള്ള മടക്കയാത്രയില്‍ വിഷ്ണു സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റ വിഷ്ണുവിനെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂലിപ്പണിക്കാരനായ അച്ഛന് പ്രസാദിനും മത്സ്യസംസ്കരണ ശാലയിലെ പണിക്കാരിയായ അമ്മ മിനിക്കും മിക്കവാറും ദിവസങ്ങളില്‍ തൊഴിലുണ്ടാകില്ല. വിഷ്ണുവിന്റെ മരണത്തോടെ തകര്‍ന്ന കുടുംബത്തെ ആശ്വസിപ്പിക്കാനാകാതെ വിഷമിക്കുകയാണു ബന്ധുക്കളും നാട്ടുകാരും. ബിബിതയാണ് വിഷ്ണുവിന്റെ ഭാര്യ.
Content Highlights: Man killed in road accident in cherthala
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..