തിരുവനന്തപുരം: മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് എടുത്തു ചാടിയ യുവാവിനെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. ഒറ്റപ്പാലം സ്വദേശിയായ മുരുകനാണ് രാവിലെ 11 മണിയോടെ സിംഹക്കൂട്ടിലേക്ക് എടുത്തുചാടിയത്.

ആരും കാണാതെ കൂട്ടിന്റെ പുറക് വശത്തുകൂടെയാണ് മുരുകന്‍ എടുത്ത് ചാടിയത്. ഇത് കണ്ട വാച്ച്മാന്‍ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെ കൂടി  രക്ഷപ്പെടുത്തുകയായിരുന്നു.

ഒരു കൂട്ടില്‍ രണ്ട് വയസ്സുള്ള ഒരു സിംഹവും മറ്റൊരു കൂട്ടില്‍ മൂന്ന് സിംഹവുമാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് വയസ്സുള്ള ഗ്രേസിയെന്ന സിംഹത്തിന്റെ കൂട്ടിലേക്കാണ് ഇയാള്‍ എടുത്ത് ചാടിയത്. പോലീസും, ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തിയിരുന്നു. 

കൂട്ടിലേക്ക് ചാടിയ സമയത്ത് സിംഹം അടുത്തുവരെയെത്തിയിരുന്നുവെന്നാണ് പറയപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ മുരുകന്റെ കാലിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രക്ഷപ്പെടുത്തിക്കൊണ്ടുപോവുമ്പോള്‍ മുരുകന്‍ കണ്ടു നിന്നവര്‍ക്ക് റ്റാറ്റ നല്‍കിയതായും കാഴ്ചക്കാര്‍ പറയുന്നു. ഇയാള്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല.

zoo
മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടില്‍ ചാടിയ ആളെ രക്ഷപ്പെടുത്തിയപ്പോള്‍