തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടിയ ആളെ ഉപദ്രവമേല്‍ക്കാതെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത് കൂട്ടില്‍ അപകടകാരിയല്ലാത്ത സിംഹക്കുട്ടി ആയിരുന്നതിനാലെന്ന് മൃഗശാലാജീവനക്കാര്‍. ഗ്രേസി എന്ന രണ്ടുവയസുകാരി സിംഹക്കുട്ടിയായിരുന്നു സംഭവസമയത്ത് ലയണ്‍സ് പാര്‍ക്ക് എന്ന തുറന്ന കൂട്ടില്‍ ഉണ്ടായിരുന്നത്. ഇവള്‍ പൊതുവെ ശാന്തസ്വഭാവിയാണെന്ന് മൃഗശാലാജീവനക്കാര്‍ പറയുന്നു. 

തിരുവനന്തപുരം മൃഗശാലയില്‍ തന്നെ ജനിച്ചു വളര്‍ന്ന സിംഹമാണ് ഗ്രേസി. ജനിച്ചതുമുതല്‍ ആളുകളെ കാണുകയും പരിചയിച്ചുമുള്ള അടുപ്പം കാരണമാകാം അവള്‍ ആരുടെയും അടുത്തേക്ക് പോലും വരാത്തത്. അക്രമാസക്തയുമായില്ല. കൂട്ടില്‍ ഗ്രെയ്സി ആയതുകൊണ്ടുതന്നെ കൂട്ടില്‍ ഇറങ്ങാന്‍ വലിയ ഭയം ഉണ്ടായിരുന്നില്ല എന്നും ജീവനക്കാര്‍ കൂട്ടിച്ചേര്‍ക്കുന്നു. കൂട്ടിലേക്ക് ഒരാള്‍ ചാടുന്നത് കണ്ട് ഗ്രെയ്സി അയാളില്‍നിന്ന് പരമാവധി അകലം പാലിക്കുകയാണ് ഉണ്ടായത് എന്ന് ദൃക്സാക്ഷികളും പറയുന്നു. 

ഏകദേശം പതിനൊന്നുമണിയോടെയാണ് ഒറ്റപ്പാലം സ്വദേശി മുരുകന്‍ സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്ത് ചാടിയത്. സന്ദര്‍ശകര്‍ അകത്തു കടക്കാതിരിക്കാനായി സിംഹക്കൂടിന്റെ കിടങ്ങിന് ചുറ്റുമായി കെട്ടിയിരിക്കുന്ന മുളങ്കമ്പ് കൊണ്ടുള്ള വേലിയും അരമതിലും ചാടിയാണ് ഇയാള്‍ കിടങ്ങിലേക്ക് ചാടിയത്. ഏകദേശം പതിനഞ്ചടിയോളം താഴ്ചയുള്ള കിടങ്ങിലേക്കുള്ള ചാട്ടത്തില്‍ തന്നെ ഇയാളുടെ കാല്‍ ഒടിഞ്ഞതായി ദൃക്സാക്ഷികള്‍ പറയുന്നു. 

മുട്ടുകാലില്‍ ഇഴഞ്ഞാണ് ഇയാള്‍ പിന്നീട് മുന്നോട്ട് നീങ്ങിയത്. മൃഗശാലയിലേക്ക് സന്ദര്‍ശകര്‍ വന്നുതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. കൂടുകള്‍ വൃത്തിയാക്കുന്ന സമയമായതിനാല്‍ സിംഹക്കൂടിന്റെ പരിസര പ്രദേശങ്ങളില്‍ തന്നെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നതും രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ സഹായകമായി. ഇയാള്‍ കൂട്ടിലേക്ക് ചാടുന്നത് കണ്ട് മറ്റു സന്ദര്‍ശകര്‍ ബഹളംകൂട്ടിയപ്പോള്‍ തന്നെ സുരക്ഷാജീവനക്കാരെത്തി വയര്‍ലെസ് സംവിധാനം വഴി കൂടുതല്‍ മൃഗശാലാജീവനക്കാരെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 

പതിനഞ്ചോളം ജീവനക്കാരാണ് മുരുകനെ രക്ഷപ്പെടുത്താനായി കൂട്ടിലേക്ക് ഇറങ്ങിയത്. നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന മുരുകനെ താങ്ങിയെടുത്താണ് ഇവര്‍ പുറത്തെത്തിച്ചത്. രാജീവ്, മധു, അരുണ്‍, കിരണ്‍, ബിജു, ഉദയലാല്‍, ഹര്‍ഷാദ്, ഷൈജു, രതീഷ്, സജീവ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്തത്. മൃഗശാലാ ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് ഇയാളെ കൃത്യസമയത്ത് രക്ഷിക്കാനും ആശുപത്രിയില്‍ എത്തിക്കാനും സഹായകമായത്.  

അയാളെ ഉപദ്രവിക്കാന്‍ പോയിട്ട് സിംഹത്തിന് അടുത്ത് വരാനുള്ള അവസരം പോലും ഞങ്ങള്‍ കൊടുത്തില്ല. ഞങ്ങളുടെ ജീവന്‍ പോയാലും പുറത്തു നിന്നുമുള്ള ഒരു സന്ദര്‍ശകര്‍ക്ക് ഒരപകടവും വരുത്തരുത് എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഗ്രേസിക്കൊപ്പം ആയുഷ് മറ്റൊരു സിംഹം കൂടി ഈ കൂട്ടിലുണ്ട്. രാവിലത്തെ കൂടു വൃത്തിയാക്കലിന്റെ ഭാഗമായാണ് അവനെ പുറത്തേക്ക് വിടാതിരുന്നത്. അത് ഭാഗ്യമായി. ആയുഷ് പുറത്തുണ്ടായിരുന്നുവെങ്കില്‍ ആര്‍ക്കും കൂട്ടില്‍ ഇറങ്ങാനും പറ്റുമായിരുന്നില്ല, ചാടിയ ആളെയും അവന്‍ വകവരുത്തുമായിരുന്നു - മൃഗശാലാ സൂപ്പര്‍വൈസര്‍ രാജേഷ് പറയുന്നു.

മുരുകന്‍ സിംഹക്കൂട്ടിലേക്ക് ചാടുന്നതിന്റെ വീഡിയോ കാണാം

content highlights: Man jumped into Lion park at Trivandrum Zoo