മല്ലപ്പള്ളി: കലങ്ങിയൊഴുകി കുത്തിയൊലിച്ചെത്തുന്ന മണിമലയാറ്റിലൂടെ ഒഴുകിയെത്തുന്ന ഒരാള്‍.. മല്ലപ്പള്ളി പാലത്തില്‍ നിന്ന് കയര്‍ ഇട്ടുകൊടുത്ത് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന നാട്ടുകാര്‍.. ഇക്കഴിഞ്ഞ ഉരുള്‍പൊട്ടല്‍ ദുരന്തദിവസങ്ങളില്‍ നാം ഞെട്ടലോടെയും ആശങ്കയോടെയും കണ്ട ദൃശ്യങ്ങളായിരുന്നു ഇത്. എന്നാല്‍ ഒഴുകിയെത്തിയ ആള്‍ രക്ഷപ്പെട്ടോ എന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച മൂന്ന് മിനുട്ടോളം മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയിലുണ്ടായിരുന്നില്ല. ആ ആള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു? ആരാണ് അയാള്‍? 

മുരുണി സ്വദേശിയായ ടി.ഡി സജി ആണ് വീഡിയോയിലുള്ള ആള്‍. മലവെള്ളത്തില്‍ മുങ്ങിയ തന്റെ വള്ളം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സജിയും കൂട്ടുകാരന്‍ മനോജും ഒഴുക്കിലകപ്പെട്ടത്. അതിസാഹസികമായ രക്ഷപ്പെടലിനെ കുറിച്ച് സജി പറയുന്നത് ഇങ്ങനെ.. 

'പുഴയില്‍ വെള്ളം പൊങ്ങിയപ്പോള്‍ വള്ളം മാറ്റാനായി കെട്ടഴിച്ചു. പക്ഷേ കൈയില്‍ നിന്ന് വിട്ടുപോയി. മരത്തിനടിച്ച് വള്ളം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോയി. അത് പിടിക്കാനായി ശ്രമിക്കുന്നതിനിടെയാണ് മലവെള്ളപ്പാച്ചിലില്‍ പെട്ട് ഒഴുകിപ്പോയത്. അരമണിക്കൂറോളം ഒഴുകിയിരുന്നു. തീരത്തേക്ക് നീന്താന്‍ ശ്രമിച്ചിട്ടും ചുഴി ഉള്ളതിനാല്‍ സാധിച്ചിട്ടില്ല. 

ഇത് പാലത്തിന് മേലെ നില്‍ക്കുന്ന ആള്‍ക്കാര്‍ കാണുന്നുണ്ടായിരുന്നു. അങ്ങനെയാണ് അവര്‍ കയര്‍ ഇട്ടുതന്നത്. കയറില്‍ തൂങ്ങിനില്‍ക്കുമ്പോഴും മലവെള്ളത്തില്‍ വലിയ മരവും മറ്റെന്തൊക്കയോ സാധനങ്ങളും വന്ന് ശരീരത്തില്‍ അടിക്കുന്നുണ്ടായിരുന്നു. പക്ഷെ അങ്ങനെ നിന്നാല്‍ രക്ഷപ്പെടില്ലെന്ന് മനസ്സിലായപ്പോള്‍ വീണ്ടും താഴേക്ക് നീന്തി. എങ്ങനെയൊക്കയോ രക്ഷപ്പെട്ട് കരയ്‌ക്കെത്തി. കരയ്‌ക്കെത്തിയപ്പോള്‍ കൂട്ടുകാരന്‍ വീട്ടിലെത്തിച്ചു. അപ്പോഴേക്കും വിവരമറിഞ്ഞ് വീട്ടിലും ആള് കൂടിയിരുന്നു. അതിനുശേഷമാണ് ഭാര്യ പോലും അറിയുന്നത്.' സജിയുടെ വാക്കുകളില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ ആശ്വാസം..