തൃശ്ശൂര്‍: ദമ്പതിമാർ സഞ്ചരിച്ച ബൈക്കില്‍ മയില്‍ പറന്നുവന്ന് ഇടിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. പുന്നയൂര്‍ക്കുളം പീടികപ്പറമ്പില്‍ മോഹനന്റെ മകന്‍ പ്രമോസ് (34) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ വീണ (26)യ്ക്കും മറ്റൊരു ബൈക്ക് യാത്രക്കാരനായ ധനേഷിനും (37) പരിക്കേറ്റു. 

തൃശൂര്‍ അയ്യന്തോള്‍-പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നില്‍ തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിന് കുറുകെ പറന്ന മയില്‍ പ്രമോസിന്റെ നെഞ്ചില്‍ വന്നിടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട ബൈക്ക് സമീപത്തെ മതിലില്‍ ചെന്നിടിച്ച് മറിയുകയായിരുന്നു.

ഇതിനിടെ  മറ്റൊരു ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ചു. ആ ബൈക്കിലെ യാത്രക്കാരനായ വാടാനപ്പിള്ളി നടുവില്‍ക്കര വടക്കന്‍ വീട്ടില്‍ മോഹനന്റെ മകന്‍ ധനേഷിനും പരിക്കേറ്റു. പെയിന്റ് പണിക്കാരനായ ധനേഷ് ജോലിക്കു പോകുകയായിരുന്നു. ധനേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീണയുടെയും ധനേഷിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അപകടത്തില്‍  മയില്‍ ചത്തു. 

തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോസ്. തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയാണ് വീണ. നാല് മാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. 

മയിലിന്റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. തൃശൂര്‍ വെസ്റ്റ് സി.ഐയുടേയും എസ്.ഐയുടേയും നേതൃത്വത്തില്‍ തുടര്‍നടപടി സ്വീകരിച്ചു.

Content Highlights: man dies in bike accident at thrissur