സംഭവ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ | Photo: Screengrab from Mathrubhumi News
മലപ്പുറം: എടവണ്ണയക്കടുത്ത് കിഴക്കേ ചാത്തല്ലൂരില്‍ തീപ്പൊള്ളലേറ്റ് യുവാവ് മരിച്ചു. ഹോട്ടല്‍ തൊഴിലാളിയായ ഷാജി (42) യാണ് മരിച്ചത്. വഴിത്തര്‍ക്കത്തിനിടെ അയല്‍വാസി തീകൊളുത്തി കൊന്നുവെന്നാണ് മരിച്ചയാളുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍ക്കാരുമായി തുടര്‍ച്ചയായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മഞ്ചേരി കോടതിയില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് ഇന്നും പരിഗണിച്ചിരുന്നു. അതിനുശേഷം മടങ്ങി വരുമ്പോള്‍ അയല്‍വാസിയും ഷാജിയും നേര്‍ക്കുനേര്‍ വരികയും തുടര്‍ന്ന് വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്നാണ് ഷാജി പൊള്ളലേറ്റ് മരിക്കുന്നത്.
എന്നാല്‍ ഷാജി സ്വയം തീ കൊളുത്തിയതാണോ അതോ ഇയാളുടെ ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നോ എന്ന കാര്യത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായാണ് എടവണ്ണ പോലീസ് അറിയിച്ചത്.
അതേസമയം അയല്‍വാസി തര്‍ക്കത്തിനിടയില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുന്നത് കണ്ടുവെന്നാണ് സംഭവത്തിന് ദൃക്സാക്ഷിയായ അയല്‍വാസി നൗഷാദും കൊല്ലപ്പെട്ട ഷാജിയുടെ മകളും പറയുന്നത്. എന്നാല്‍ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കാര്യങ്ങള്‍ക്ക് വ്യക്തത വരികയുള്ളുവെന്നാണ് പോലീസ് പറയുന്നത്.
Content Highlights: man dies during boundary dispute family alleges murder
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..