'അച്ഛന്‍ നടന്നത് റോഡരികിലൂടെ, പാഞ്ഞുവന്ന ബസ് ഇടിച്ചിട്ട് വലിച്ചുകൊണ്ടുപോയി; എന്തേ നീതിയില്ല?'


അന്ന, അഞ്ജു, ലോറൻസ് വർഗീസ് അപകടത്തിൽ മരിച്ച വാർത്ത

പള്ളുരുത്തി: 'റോഡിന്റെ സൈഡില്‍ കൂടിയാണ് അപ്പച്ചന്‍ നടന്നത്. പാഞ്ഞുവന്ന ബസ് അപ്പച്ചനെ ഇടിച്ചിട്ട് വലിച്ച് കൊണ്ടുപോകുകയായിരുന്നു. ആ വീഡിയോ എല്ലാവരും കണ്ടതാണ്. പക്ഷേ, ആ ബസ് ഡ്രൈവറെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതെന്ത് നീതി... '-തോപ്പുംപടിയില്‍ ബസിടിച്ച് മരിച്ച ചാലേപ്പറമ്പില്‍ ലോറന്‍സ് വര്‍ഗീസിന്റെ മകള്‍ അഞ്ജുവിന്റെതാണ് ചോദ്യം.

കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് തോപ്പുംപടി കൊച്ചുപള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. വഴിയരികിലൂടെ നടന്നു പോകുകയായിരുന്ന ലോറന്‍സ് വര്‍ഗീസിനെ അമിതവേഗത്തില്‍ പാഞ്ഞുവന്ന സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.



'ഇതൊരു സാധാരണ അപകടമല്ല. റോഡരികിലൂടെ നടക്കുന്നയാളെ ബസ് ഇടിച്ചിട്ടു. അയാള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് നോക്കാതെ ബസ് മുന്നോട്ട് ഓടിച്ചു. യാത്രക്കാര്‍ പറഞ്ഞപ്പോഴാണ് ബസ് നിര്‍ത്തിയത്. ഇതൊക്കെ ചെയ്തിട്ടും വണ്ടി ഓടിച്ചിരുന്നയാളെ കണ്ടെത്താന്‍ പോലും ശ്രമിക്കുന്നില്ലല്ലോ?'- ലോറന്‍സ് വര്‍ഗീസിന്റെ മറ്റൊരു മകള്‍ അന്ന ചോദിക്കുന്നു.

മൂന്നുവര്‍ഷമായി സൗദിയില്‍ ജോലിചെയ്ത് വരികയായിരുന്നു ലോറന്‍സ് വര്‍ഗീസ്. ലോക് ഡൗണായതിനാല്‍ നാട്ടിലേക്ക് വരാന്‍ കഴിഞ്ഞില്ല. നാട്ടിലെത്തി ഏഴാം നാളിനാണ് അപകടമുണ്ടായത്. രണ്ടാമത്തെ മകള്‍ അഞ്ജു യു.കെ.യില്‍ നഴ്സാണ്. അപ്പച്ചന്‍ നാട്ടിലെത്തിയിട്ടും അഞ്ജുവിന് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിരുന്നില്ല. 'മൂന്നുവര്‍ഷം മുമ്പാണ് ഞാന്‍ അപ്പച്ചനെ കണ്ടത്. ഇപ്പോള്‍ ഞാന്‍ വരുമ്പോള്‍ അപ്പച്ചന്‍ ഫ്രീസറില്‍ കിടക്കുന്നതാണ് കണ്ടത്. അപകടം നടന്നത് വൈകീട്ട് അഞ്ചരയ്ക്കാണ്. അപകടശേഷം അപ്പച്ചനെ അവര്‍ കൊണ്ടുപോയത് കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍. അവിടെനിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക്. പിന്നെ മെഡിക്കല്‍ കോളേജിലേക്ക്... അങ്ങനെ രണ്ടര മണിക്കൂറോളം നഷ്ടമായി. ഒടുവില്‍ അവിടെ എത്തിയപ്പോള്‍ അദ്ദേഹം മരിക്കുകയും ചെയ്തു.

കൊച്ചിയില്‍നിന്ന് കളമശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെ നല്ല സൗകര്യമുള്ള എത്രയോ ആശുപത്രികളുണ്ട്. അങ്ങനെ ഒരിടത്ത് എത്തിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് അപ്പച്ചനെ നഷ്ടപ്പെടില്ലായിരുന്നു. നിയമങ്ങള്‍ തെറ്റിച്ച് അപ്പച്ചനെ ഇടിച്ചിട്ടെന്ന് മാത്രമല്ല, നല്ല ചികിത്സയും നല്‍കിയില്ല. മതിയായ പരിചരണം ലഭിക്കാതെയാണ് അദ്ദേഹം മരിച്ചത്. അപകടംനടന്ന് ഏഴുദിവസം കഴിഞ്ഞിട്ടും ഉത്തരവാദിയെ കണ്ടെത്താന്‍ ഒരുശ്രമവും അധികൃതര്‍ നടത്തുന്നുമില്ല' -കരച്ചിലിനിടയില്‍ അഞ്ജു പറയുന്നു.

ലോറന്‍സ് വര്‍ഗീസിന് ഭാര്യയും രണ്ട് മക്കളുമാണുള്ളത്. 15 വര്‍ഷത്തോളം അദ്ദേഹം ഗള്‍ഫിലായിരുന്നു. അതിനുശേഷം നാട്ടില്‍ കഴിയാമെന്ന് തീരുമാനിച്ചാണ് വന്നത്. 'അപ്പച്ചന്‍ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. പക്ഷേ, ഇത്ര പെട്ടെന്ന് ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് കരുതിയില്ല. അപ്പച്ചന് സംഭവിച്ചത് ഇനി മറ്റൊരാള്‍ക്കും സംഭവിക്കരുത്. ബസ് ഓടിക്കുന്നവരും മനുഷ്യരല്ലേ... അവര്‍ക്ക് മനഃസാക്ഷിയില്ലേ... ഇങ്ങനെ അപകടമുണ്ടാക്കുന്നവര്‍ക്കെതിരേ നടപടിയൊന്നുമില്ലാത്തതെന്താണ്? അയാളെ പിടിക്കുകയെങ്കിലും വേണ്ടേ? ഇതെന്ത് നീതിയാണ് ഞങ്ങള്‍ക്ക് നീതി കിട്ടണം. അതിന് ഏതറ്റം വരെയും പോകാനാണ് തീരുമാനം'- അഞ്ജുവും അന്നയും പറയുന്നു.

ബസ് ഡ്രൈവര്‍ ഒളിവില്‍

തോപ്പുംപടി: കഴിഞ്ഞ ശനിയാഴ്ച തോപ്പുംപടിയില്‍ അപകടമുണ്ടാക്കിയ സ്വകാര്യ ബസിന്റെ ഡ്രൈവറെ ഇനിയും കണ്ടെത്താനായില്ല. വഴിയരികിലൂടെ നടക്കുകയായിരുന്ന ലോറന്‍സ് വര്‍ഗീസിനെ 'ഷാന' എന്ന ബസാണ് ഇടിച്ച് തെറിപ്പിച്ചത്. അപകടത്തേത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലോറന്‍സ് വര്‍ഗീസ് മരിക്കുകയും ചെയ്തു.

തൊട്ടടുത്ത ബില്‍ഡിങ്ങിലെ നിരീക്ഷണ ക്യാമറകളില്‍ നിന്നാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. അമിതവേഗത്തില്‍ പായുന്ന ബസ് ലോറന്‍സ് വര്‍ഗീസിനെ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമായി ലഭിച്ചിട്ടുണ്ട്. ഇടുങ്ങിയ റോഡില്‍ ആ സമയത്ത് കാല്‍നടയാത്രക്കാര്‍ കൂടുതലുണ്ടായിരുന്നു. വേഗത്തില്‍ വാഹനം ഓടിക്കാവുന്ന സാഹചര്യമായിരുന്നില്ല. ബസ് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവുമാണ് ജീവന്‍ അപഹരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തെങ്കിലും ഡ്രൈവറെ കണ്ടെത്തിയിട്ടില്ല. അപകടദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനാല്‍ വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തൊട്ടടുത്ത രണ്ട് ദിവസം കൊച്ചിയില്‍ പോലീസ് സ്വകാര്യ ബസുകള്‍ പേരിന് പരിശോധിച്ചു. 150-ഓളം ബസുകള്‍ പരിശോധിച്ചെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ അപകടമുണ്ടാക്കിയ ആളെക്കുറിച്ച് അന്വേഷണം നടത്തിയില്ല. ഇത് ആക്ഷേപങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

Content Highlights: man dies as private bus hits, daughters seeks justice


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented