ദേശീപാതയിലെ കുഴി, അപകടത്തിൽ മരിച്ച ഹാഷിം | Screengrab: മാതൃഭൂമി ന്യൂസ്
കൊച്ചി: കൊച്ചിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് യാത്രികൻ മരിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ. കുഴികൾ എത്രയും പെട്ടെന്ന് അടയ്ക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി നിർദ്ദേശിച്ചു. അമിക്കസ്ക്യൂറി വഴി ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നിർദ്ദേശം നൽകിയത്. റോഡിലെ കുഴികൾ സംബന്ധിച്ച കേസുകൾ തിങ്കളാഴ്ച പരിഗണിക്കും. അപകടവും തൊട്ടുപിന്നാലെ കുഴിയടക്കാൻ നടത്തിയ ശ്രമവും മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
ദേശീയപാതാ അതോറിറ്റിയുടെ കേരള റീജ്യണൽ ഹെഡിനും പാലക്കാട് പ്രൊജക്ട് ഡയറക്ടർക്കുമാണ് അമിക്കസ്ക്യൂറി വഴി നിർദേശം നൽകിയത്. ജോലികൾ ഇതിനകംതന്നെ തുടങ്ങിക്കഴിഞ്ഞുവെന്ന് ദേശീയപാതാ അതോറിറ്റി കോടതിയെ അറിയിച്ചു. ഇന്ന് കോടതി ഉണ്ടായിരുന്നില്ല. എന്നാൽ വാർത്തകൾ ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റോഡിലെ കുഴി അടയ്ക്കാൻ അടിയന്തരമായി നിർദ്ദേശം നൽകിയത്.
പറവൂര്‍ സ്വദേശി ഹാഷിം ആണ് അപകടത്തില്‍ മരിച്ചത്. സ്കൂട്ടര്‍ കുഴിയില്‍ വീണതിനെ തുടര്‍ന്ന് റോഡിന് എതിര്‍വശത്തേക്ക് തെറിച്ച് വീണ ഹാഷിമിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.
അങ്കമാലി - ഇടപ്പള്ളി റോഡിലെ നെടുമ്പാശ്ശേരി സ്കൂളിന് സമീപമാണ് സംഭവമുണ്ടായത്. റോഡിലെ വളവിലാണ് രാത്രി 11 മണിയോടെ അപകടമുണ്ടായത്. രാത്രി തന്നെ നാഷണല്‍ ഹൈവേ അധികൃതര്‍ റോഡിലെ കുഴിയടച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കേസെടുത്ത് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ഹോട്ടല്‍ തൊഴിലാളിയാണ് മരിച്ച ഹാഷിം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..