തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസിലെ കണ്ടക്ടറെ മര്‍ദ്ദിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വര, സുന്ദര വിലാസത്തില്‍ രാജ്‌മോഹന്‍ (33)നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.

വിഴിഞ്ഞം - പൂവാര്‍ - തിരുവനന്തപുരം റൂട്ടിലെ ബസ് കണ്ടക്ടറായ നേമം സ്വദേശി അനില്‍കുമാറിനാണ് മര്‍ദ്ദനമേറ്റത്. യാത്രക്കാരനായ പ്രതി ടിക്കറ്റ് എടുക്കാന്‍ 500 രൂപ നോട്ട് കൊടുത്തപ്പോള്‍ ചില്ലറയില്ലാത്തതിനാല്‍ ബാക്കി പിന്നെ കൊടുക്കാമെന്ന് പറഞ്ഞതിന് കണ്ടക്ടറുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് കണ്ടക്ടറുടെ മുഖത്തടിച്ച് പരിക്കേല്‍പ്പിക്കുകയും ആയിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെകണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. വിഴിഞ്ഞം എസ്.എച്ച്.ഒ രമേശ്, എസ്‌ഐമാരായ രാജേഷ്, ബാലകൃഷ്ണന്‍ ആചാരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: Man arrested for attacking KSRTC conductor