നവോത്ഥാന സംരക്ഷണസമിതി യോഗം(ഫയൽ ചിത്രം) | Photo: Mathrubhumi
കൊല്ലം: ശബരിമല യുവതീപ്രവേശന വിവാദവേളയിൽ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് രൂപവത്കരിച്ച നവോത്ഥാന സംരക്ഷണസമിതി ശോഷിക്കുന്നു. ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട ഐക്യ മലയരയ മഹാസഭ സമിതിവിട്ടു. ശബരിമല മേൽശാന്തി നിയമനം അടക്കമുള്ള വിഷയങ്ങളിൽ നവോത്ഥാനവിരുദ്ധ നിലപാട് സ്വീകരിക്കുന്നെന്ന് ആരോപിച്ചാണ് മലയരയ മഹാസഭ സമിതിയുമായുള്ള ബന്ധം വിച്ഛേദിച്ചത്. സർക്കാരിന്റെ നിഷേധാത്മക നിലപാട് അംഗീകരിക്കാനാകില്ലെന്ന് നവോത്ഥാനസമിതി സെക്രട്ടറിയും മലയരയ മഹാസഭ ജനറൽ സെക്രട്ടറിയുമായ പി.കെ.സജീവ് പറഞ്ഞു.
ഓഗസ്റ്റ് 15-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഭരണഘടനാ സംരക്ഷണ സമ്മേളനങ്ങളുടെ സമാപനം ജനുവരി 26-ന് ചെമ്പഴന്തിയിൽ നടത്താനിരിക്കെയാണ് സംഘടനകളുടെ കൊഴിഞ്ഞുപോക്ക്. ഓഗസ്റ്റിനുശേഷമുള്ള സമിതിയുടെ പരിപാടികളിൽ കെ.പി.എം.എസും പങ്കെടുക്കുന്നില്ല. 26-ലെ സമ്മേളനത്തിലും പങ്കെടുക്കില്ലെന്ന് കെ.പി.എം.എസ്. പ്രസിഡന്റ് എൽ.രമേശൻ മാതൃഭൂമിയോട് പറഞ്ഞു.
ചേരമർ സാംബവർ ഡെവലപ്മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്.), അഖിലകേരള ചേരമർ ഹിന്ദു മഹാസഭ തുടങ്ങിയ സംഘടനകളും സമിതിയുമായി നിസ്സഹകരണത്തിലാണ്. 166 സമുദായ, സാമൂഹിക സംഘടനകൾ രജിസ്റ്ററിൽ എഴുതി ഒപ്പിട്ടാണ് വെള്ളാപ്പള്ളി നടേശൻ ചെയർമാനും പുന്നല ശ്രീകുമാർ ജനറൽ കൺവീനറുമായ സമിതി രൂപവത്കരിച്ചത്. പിന്നീട് സമിതിക്ക് സംഘടനാരൂപം നൽകിയപ്പോൾ വെള്ളാപ്പള്ളി നടേശൻ പ്രസിഡൻറായി. പുന്നല പിൻവാങ്ങിയതിനാൽ പി.രാമഭദ്രനെ ജനറൽ സെക്രട്ടറിയാക്കി. ഈ സമയത്ത് ക്രിസ്ത്യൻ, മുസ്ലിം സംഘടനകളും നവോത്ഥാനസമിതിയുടെ ഭാഗമായിരുന്നു.
വിഴിഞ്ഞം സമരത്തിന്റെ മുന്നണിയിൽ ഉണ്ടായിരുന്ന ഫാ. യൂജിൻ പെരേരയാണ് സമിതിയുടെ വൈസ് പ്രസിഡന്റ്. ഇദ്ദേഹം അടക്കം ഒട്ടേറെപ്പേർ ഇപ്പോൾ സമിതി പ്രവർത്തനങ്ങളുമായി സഹകരിക്കുന്നില്ല. കെ.പി.എം.എസും പൂർണ നിസ്സഹകരണത്തിലേക്ക് നീങ്ങുകയാണ്. അതേസമയം മലയരയ മഹാസഭ ഉന്നയിക്കുന്ന വിഷയങ്ങൾ നവോത്ഥാന സമിതിക്ക് പരിഹരിക്കാൻ കഴിയുന്നവയല്ലെന്നും ഈ ആവശ്യങ്ങൾ ഉന്നയിക്കാനുള്ള വേദിയല്ല സമിതിയെന്നും സംസ്ഥാന ട്രഷറർ കെ.സോമപ്രസാദ് പറഞ്ഞു.
Content Highlights: malayaraya sabha quits navodhana samrakshana samithi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..