ഭക്ഷണത്തിനും താമസത്തിനും മാര്‍ഗമില്ല, ചുറ്റും പരിഹാസം; ദയാവധം തേടി മലയാളി ട്രാന്‍സ് വുമണ്‍


രാജി പുതുക്കുടി

റിഹാന ഇർഫാൻ

റിഹാന ഇര്‍ഫാന്‍- കൂര്‍ഗ് ഭരണകൂടത്തിന് ദയാവധ ഹര്‍ജി നല്‍കി കാത്തിരിക്കുന്ന മലയാളി ട്രാന്‍സ് വുമണ്‍. ഇരുപത്തിയൊമ്പതാമത്തെ വയസ്സില്‍ ജീവിതം അവസാനിപ്പിക്കാന്‍ റിഹാന തീരുമാനിച്ചത് ജീവിച്ച് കൊതി തീര്‍ന്നതുകൊണ്ടല്ല, ജീവിതം അക്ഷരാര്‍ഥത്തില്‍ വഴി മുട്ടിയതുകൊണ്ടാണ്. ട്രാന്‍സ് വുമണായതിനാല്‍ താമസിക്കാന്‍ ഇടമില്ല, ചെയ്യാന്‍ ജോലിയില്ല, ഒരുനേരം വയറു നിറച്ചുണ്ണാനുള്ള വരുമാനം പോലും ഇല്ല, ചുറ്റുമുള്ളവരുടെ മനം മടുപ്പിക്കുന്ന പരിഹാസം. ആശ്രയിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ. ജീവിതം മുന്നോട്ട് പോകാന്‍ ലൈംഗിക തൊഴിലില്ലാതെ വേറെ വഴിയില്ലെന്ന് വന്നതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ മാറി.

മരിച്ചാല്‍ തീരുന്നതാണ് ഈ പ്രശ്‌നങ്ങളെല്ലാം എന്ന ചിന്തയിലേക്ക് എത്തിയപ്പോളാണ് റിഹാന കര്‍ണാടകയിലെ കൂര്‍ഗ് ജില്ലാ ഭരണകൂടത്തിന് ദയാവധത്തിന് ഹര്‍ജി നല്‍കിയത്.

കോഴിക്കോട് താമരശ്ശേരി സ്വദേശിയായ റിഹാന എട്ട് വര്‍ഷം മുന്‍പാണ് കര്‍ണാടകയില്‍ എത്തുന്നത്. ലിംഗമാറ്റ ശാസ്ത്രക്രിയക്കായി ആദ്യം എത്തിയത് ബെംഗളൂരുവില്‍. രണ്ട് ശസ്ത്രക്രിയകള്‍ക്കായി ചെലവായത് മൂന്ന് ലക്ഷത്തിലധികം രൂപ. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് ഒപ്പംനിന്ന് പല ചടങ്ങുകളില്‍ പങ്കെടുത്താണ് ചികിത്സയ്ക്കുള്ള പണം അത്രയും റിഹാന കണ്ടെത്തിയത്. ചികിത്സ പൂര്‍ത്തിയായതോടെ അവിടെനിന്ന് പുറത്തിറങ്ങി. സ്ത്രീയായി, മാന്യമായി തൊഴിലെടുത്ത് ജീവിക്കാനായിരുന്നു റിഹാനയുടെ ആഗ്രഹം.

ബെംഗളൂരുവിലും മൈസൂരിലും കോയമ്പത്തൂരിലും എല്ലാം മാറി മാറി സഞ്ചരിച്ചു. ഒരു ജോലിക്കായി തുണിക്കടകളലും ആശുപത്രികളിലും അങ്ങനെ പലയിടങ്ങളിലും കയറിയിറങ്ങി. പക്ഷേ ട്രാന്‍സ് വുമണായതിനാല്‍ എല്ലായിടത്തും തഴയപ്പെട്ടു, ഒടുവില്‍ പട്ടിണിയാവാതിരിക്കാന്‍ ഭിക്ഷാടനം തുടങ്ങി. പ്ലസ്ടു യോഗ്യത ഉള്ള താന്‍ ഉന്നത വിദ്യാഭ്യാസം നേടിയാലെങ്കിലും ഒരു നല്ല തൊഴില്‍ കിട്ടും എന്ന പ്രതീക്ഷയാണ് വീണ്ടും പഠിക്കാന്‍ റിഹാനയെ പ്രേരിപ്പിച്ചത്. അങ്ങനെ കൂര്‍ഗിലെ ഒരു കോളേജില്‍ ഡിഗ്രിയ്ക്ക് അഡ്മിഷന്‍ കിട്ടി. അതോടെ കൂര്‍ഗിലെത്തി, പിച്ചയെടുത്താണെങ്കിലും പഠിക്കാന്‍ ഉള്ള പണം കണ്ടെത്താം എന്ന സ്വപ്നവുമായി കോളേജില്‍ പോയെങ്കിലും സഹപാഠികളുടെ ഭാഗത്തുനിന്നുണ്ടായ പരിഹാസവും ഒറ്റപ്പെടുത്തലും കാരണം പഠനം തുടരാനായില്ല. താമസ സ്ഥലത്തു നിന്നും അയല്‍ക്കാര്‍ ഇറക്കി വിടുകയും ചെയ്തു.

പിന്നീട് താമസ സ്ഥലം അന്വേഷിച്ച് ഒരുപാട് അലഞ്ഞു പലരും വീട് നല്‍കാന്‍ കൂട്ടാക്കിയില്ല, തയ്യാറായവരെ അയല്‍ക്കാര്‍ പിന്തിരിപ്പിച്ചു. ഒടുവില്‍ മാറി മാറി ലോഡ്ജുമുറികളിലായി താമസം. ഒരു ദിവസം 400 രൂപ എങ്കിലും നല്‍കണം മുറി ലഭിക്കാന്‍. കൂര്‍ഗിലെ കടകളിലും തെരുവിലും മുഴുവന്‍ ഭിക്ഷ എടുത്തിട്ടും 100 രൂപ പോലും കിട്ടിയില്ല. അതോടെ താമസിക്കാന്‍ സ്ഥലം കിട്ടുന്നില്ലെന്നും അഭയം കണ്ടെത്താന്‍ സഹായിക്കണം എന്നും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെ സമീപിച്ചു. എന്നിട്ടും നടപടി ഉണ്ടായില്ല. സര്‍ക്കാരിന്റെ അഭയകേന്ദ്രങ്ങളില്‍ പോലും ഇടം കിട്ടിയില്ല.

ഇപ്പോള്‍ സ്ഥിരമായി കാണുന്നത് കൊണ്ട് ഭിക്ഷ കൊടുക്കാന്‍ പോലും ആളുകള്‍ പാടെ മടികാണിക്കുന്ന സ്ഥിതിയാണെന്ന് റിഹാന പറയുന്നു. പണം വേണമെങ്കില്‍ ലൈംഗിക തൊഴിലെടുക്കുകയല്ലാതെ മറ്റുവഴിയില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഞാന്‍ അങ്ങനെ ഇരുട്ടിന്റെ മറവില്‍ ജീവിക്കാനല്ല ആഗ്രഹിച്ചത്, മറ്റെന്തെങ്കിലും തൊഴിലെടുത്ത് ജീവിക്കാനാണ്. ഒരു വഴിയും ഇല്ലെന്നായപ്പോള്‍ ദയാ വധത്തിന് ഹര്‍ജിയുമായി ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ എത്തി. അതും സ്വീകരിക്കില്ലെന്നായപ്പോളാണ് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞത്. അതുകേട്ടപ്പോള്‍ ഹര്‍ജി വാങ്ങാന്‍ തയ്യാറായി. ജീവിച്ച് കൊതി തീര്‍ന്നിട്ടില്ല പക്ഷെ ജീവിക്കാന്‍ മറ്റുവഴിയില്ലെങ്കില്‍ ഇതല്ലാതെ ഞാന്‍ എന്തുചെയ്യണം- റിഹാന ചോദിക്കുന്നു.

Content Highlights: malayali transwoman apply for mercy killing


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented