അപകടത്തിന്റെ ദൃശ്യം (ഫോട്ടോ: എ.എഫ്.പി.), ഇൻസൈറ്റിൽ ഷംസുദ്ദീൻ
കോഴിക്കോട്: സംഭവസ്ഥലത്ത് കണ്ട കാഴ്ച അതിദയനീയമാണെന്ന് കോറമണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന കണ്ണൂര്‍ പയ്യന്നൂര്‍ കേന്ദ്രീയവിദ്യാലയത്തിലെ അധ്യാപകനായ വി. ഷംസുദ്ദീന്‍. ഭാര്യയും പയ്യന്നൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ ടി.പി. സമീറയ്ക്കും മകന്‍ മുഹമ്മദ് സദദിനുമൊപ്പം കൊല്‍ക്കത്തയ്ക്കുസമീപമുള്ള സാന്ദ്രഗച്ചി റെയില്‍വേസ്റ്റേഷനില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ടതായിരുന്നു ഷംസുദ്ദീന്‍. മകന്റെ ജോലി ആവശ്യാര്‍ഥമായിരുന്നു കൊല്‍ക്കത്തയിലെത്തിയത്.
''തീവണ്ടിയുടെ മധ്യഭാഗത്തായിരുന്നു ഞാനും കുടുംബവുമുണ്ടായിരുന്ന തേഡ് എ.സി. കോച്ച് ആയ ബി-4. നല്ല വേഗത്തിലായിരുന്നു ട്രെയിന്‍. പെട്ടെന്ന് വലിയ കുലുക്കം അനുഭവപ്പെട്ടു. പാളംതെറ്റി ഒരുവശത്തേക്ക് ചെരിഞ്ഞ് കുറെദൂരം മുന്നോട്ടുപോയി.
ചെരിഞ്ഞുനിന്ന കോച്ചില്‍നിന്നാണ് ഞങ്ങള്‍ പുറത്തിറങ്ങിയത്. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ച അതിദയനീയമായിരുന്നു. വികൃതമായ നിലയില്‍ ഒട്ടേറെ മൃതദേഹങ്ങള്‍ ചുറ്റും കിടക്കുന്നുണ്ടായിരുന്നു. പരിക്കേറ്റ് കുടുങ്ങിക്കിടന്നവരെ രക്ഷിക്കാനാണ് ഞങ്ങളും മറ്റുള്ളവരും ആദ്യം ശ്രമിച്ചത്. പാളവും പൂര്‍ണമായും തകര്‍ന്നിരുന്നു.
അപകടസമയത്ത് കോച്ചിലുണ്ടായിരുന്ന ഭൂരിഭാഗംപേരും അവരവരുടെ സീറ്റില്‍ ഇരിക്കുകയായിരുന്നു. അതിനാല്‍ അധികം പേര്‍ക്ക് പരിക്കേറ്റില്ല. കുറച്ചുകൂടി വൈകി യാത്രക്കാര്‍ ഉറങ്ങുന്ന സമയത്താണ് അപകടമെങ്കില്‍ അവസ്ഥ ഇതിലും ദയനീയമാകുമായിരുന്നു. സ്ലീപ്പര്‍ കോച്ചുകള്‍ തീവണ്ടിയുടെ പിറകിലായിരുന്നു. വൈകീട്ട് തീവണ്ടിയില്‍ കയറുമ്പോള്‍ത്തന്നെ ആ കോച്ചുകള്‍നിറയെ അതിഥിതൊഴിലാളികളടക്കമുള്ളവരായിരുന്നു.
അപകടംനടന്ന് 15 മിനിറ്റിനുള്ളില്‍ത്തന്നെ ആംബുലന്‍സുകള്‍ എത്തിയിരുന്നു. ട്രെയിനിലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രദേശവാസികളുടെ സഹായത്തോടെ ദീര്‍ഘദൂരം നടന്നാണ് ചെന്നൈയിലേക്കുള്ള ദേശീയപാതയിലേക്ക് എത്തിയത്. അവിടെനിന്ന് ഒരു കാറില്‍ ഭുവനേശ്വറിലേക്ക് തിരിച്ചു'' -ഷംസുദ്ദീന്‍ പറഞ്ഞു.
Content Highlights: malayali passenger recollects terrific visuals from odisha train tragedy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..