ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി ജവാന് വീരമൃത്യു. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി വൈശാഖ് ആണ് കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജൂനിയർ കമ്മീഷൻ ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്.

അതിർത്തിയിൽ ഭീകരവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയാണ് സുരക്ഷാ സേന പൂഞ്ച് ജില്ലയിൽ തിരച്ചിൽ ആരംഭിച്ചത്. എന്നാൽ തിരച്ചിലിനിടെ സൈനികർക്ക് നേരെ ഭീകരവാദികൾ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ പരിക്കേറ്റ വൈശാഖ് അടക്കമുള്ള അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ആയിരുന്നു മരണം.

നാല് തീവ്രവാദികളാണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്നും രണ്ട് തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചതായുമാണ് വിവരം. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞ ആഴ്ച ശ്രീനഗറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ രണ്ട് അധ്യാപകരെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സതീന്ദര്‍ കൗര്‍, അധ്യാപകനായ ദീപക് ചാന്ദ് എന്നിവരെയാണ് കൊലപ്പെടുത്തിയത്. സഫ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ആക്രമണമുണ്ടായത്. സ്‌കൂളിനുള്ളിലേക്ക് പ്രവേശിച്ച ഭീകരര്‍ അധ്യാപകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Content Highlights: Malayali jawan killed in Jammu and Kashmir