ഫ്ഗാനിസ്താനിൽ താലിബാൻ ഭീകരരുടെ തോക്കിൻമുനയിൽ എല്ലാം അവസാനിച്ചെന്നു കരുതിയ നിമിഷം. ഒടുവില്‍ ജന്മനാടിന്റെ കരുതലിൽ ഉറ്റവർക്കരികിലെത്തിയ ആശ്വാസത്തിലാണ് തലശ്ശേരി മാടപ്പീടിക സ്വദേശി ദീദിൽ രാജീവ്. എല്ലാം നഷ്ടപ്പെട്ടെന്നു കരുതിയ നിമിഷത്തില്‍ നിന്ന് ജീവിതത്തിലേക്ക് നടന്നുകയറിയ അനുഭവങ്ങൾ മലയാളിയായ ദീദീൽ രാജീവ് പങ്കുവയ്ക്കുന്നു.

കാബൂൾ സുരക്ഷിതമായിരുന്നു
2012ലാണ് ഞാൻ കാബൂളിലെത്തിയത്. ഇടയ്ക്കിടെ ചെറിയ പ്രശ്നങ്ങളൊക്കെ നടക്കാറുണ്ടായിരുന്നെങ്കിലും അവിടെ പേടിക്കേണ്ട സാഹചര്യമില്ലായിരുന്നു. ഇന്ത്യൻ എംബസിയുടെയും അമേരിക്കൻ മിലിട്ടറിയുടെയും സഹായവും ഞങ്ങൾക്കുണ്ടായിരുന്നു. കാബൂൾ സുരക്ഷിതമായ സ്ഥലമായിരുന്നു. അവസാന നിമിഷവും അഫ്ഗാനിസ്താന്റെ പല ഭാഗത്തുനിന്നും ജനങ്ങളെല്ലാം അഭയം പ്രാപിച്ചത് കാബൂളിലായിരുന്നു. എല്ലാ രാജ്യങ്ങളുടെയും എംബസികളും അഫ്ഗാന്റേതടക്കമുള്ള സൈനിക കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്നത് കാബൂളിലാണ്. അവിടം താലിബാൻ പിടിച്ചടക്കില്ലെന്നായിരുന്നു ഞങ്ങളുടെയും വിശ്വാസം.

വിശ്വാസം തകർന്ന നിമിഷം
വൈകിയാണെങ്കിലും കാബൂളിലും പ്രശ്നമുണ്ടായേക്കാമെന്ന് മുൻകൂട്ടി കണ്ട് ഞാനും കൂടെ ജോലിചെയ്യുന്ന സുഹൃത്തുക്കളും രണ്ടുമാസത്തെ അവധിക്ക് അപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുകയായിരുന്നു. ഓഗസ്റ്റ് പതിനഞ്ചാം തീയതി രണ്ടുമണിക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് ടിക്കറ്റും എടുത്തു. എന്നാൽ, അന്നു രാവിലെ ഓഫീസിലെ ഒരു അഫ്ഗാൻ സ്റ്റാഫ് വിളിച്ചു. കാബൂളിലെ ചില പ്രദേശങ്ങൾ താലിബാന്റെ കൈകളിൽ ആയിക്കഴിഞ്ഞെന്നും എത്രയും വേഗം എയർപോർട്ടിലേക്ക് പോകാനുമായിരുന്നു അദ്ദേഹം പറഞ്ഞത്. അത് കേട്ടയുടനെ കയ്യിൽ കിട്ടിയ രണ്ടു ജോഡി ഡ്രസ്സും ലാപ്ടോപ്പും മാത്രമെടുത്ത് വിമാനത്താവളത്തിലേക്കിറങ്ങി. പക്ഷേ ഞങ്ങൾ അവിടെ എത്തുന്നതിന് 15 മിനിട്ട് മുമ്പുതന്നെ ആയിരക്കണക്കിന് ജനങ്ങളെക്കൊണ്ട് തെരുവുകൾ നിറഞ്ഞിരുന്നു. ഞങ്ങളുടെ വാഹനത്തിന് ഒരടി പോലും മുന്നോട്ടു പോകാനായില്ല. അരമണിക്കൂർ കൊണ്ട് എത്തേണ്ടിയിരുന്ന എയർപോർട്ടിൽ 6 മണിക്കൂർ കഴിഞ്ഞിട്ടും എത്താൻ പറ്റിയില്ല. തിരിച്ച് താമസസ്ഥലത്തേക്കോ ഇന്ത്യൻ എംബസിയിലേക്കോ എത്തിച്ചേരാൻ കഴിയാതെ റോഡരികിൽ നിൽക്കേണ്ടിവന്നു. ഒടുവിൽ ഒരു സുഹൃത്തിനെ വിളിച്ച് രണ്ടുദിവസം അവന്റെ വീട്ടിൽ തങ്ങി. അവിടെനിന്ന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. എന്നെപ്പോലെ കാബൂളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ ചേർന്ന് ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി. പിന്നെ അതുവഴി ഞങ്ങൾ വിവരങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങി. പക്ഷേ, പലർക്കും ഫോണിൽ ഇന്റർനെറ്റ് റീച്ചാർജ് ചെയ്യാൻ കഴിയാതെ വന്നതോടെ കമ്മ്യൂണിക്കേഷൻ മുടങ്ങി. ഒരു ദിവസം മുഴുവൻ വീട്ടിലേക്ക് വിളിക്കാൻ പോലും കഴിഞ്ഞില്ല. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കേണ്ടിവന്ന ദിവസമായിരുന്നു.

Deedil back to India
നാട്ടിലേക്കുള്ള ഇന്ത്യൻ വിമാനത്തിൽ നിന്ന് ദീദിൽ പകർത്തിയ സെൽഫി

കയ്യിൽ തോക്കുമായി മുന്നിൽ താലിബാൻ
ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലുള്ള ഒരു സ്ഥലത്ത് ഞങ്ങൾ 150 ഇന്ത്യക്കാരും എത്തിച്ചേർന്നു. അവിടെനിന്ന് വിമാനത്താവളത്തിലേക്ക് പോകാനും അനുമതി ലഭിച്ചു. നാട്ടിലേക്ക് പോകാൻ പ്രത്യേക വിമാനം എംബസി വഴി ഏർപ്പാടുചെയ്തിട്ടുണ്ടെന്നറിഞ്ഞ ആശ്വാസത്തിലായിരുന്നു അപ്പോൾ. 
ആറുബസ്സുകളിലായി സ്ത്രീകളും കുട്ടികളുമടക്കം ഞങ്ങൾ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. വഴിയിൽ നല്ല ട്രാഫിക് ബ്ലോക്കായിരുന്നു. എയർപോർട്ടിന് തൊട്ടടുത്തെത്തിയപ്പോൾ ബസിന് മുന്നോട്ടു നീങ്ങാൻ പറ്റാത്ത സ്ഥിതിയായി. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടപ്പോൾ അരമണിക്കൂറിനകം ഗേറ്റ് തുറക്കുമെന്നും അമേരിക്കൻ മിലിട്ടറി സഹായത്തിനെത്തുമെന്നും വിവരം കിട്ടി.
പക്ഷേ, അപ്പോഴേക്കും രണ്ട് താലിബാൻ ഭീകരർ നമ്മുടെ ബസ്സിനകത്തേക്ക് കയറിവന്നു. നേരിട്ട് വിമാനത്താവളത്തിലേക്ക് പ്രവേശിക്കാനാവില്ലെന്നായിരുന്നു അവർ പറഞ്ഞത്. താലിബാന്റെ വാഹനത്തിന്റെ അകമ്പടിയോടെ ഞങ്ങളെ അവിടെ എത്തിക്കാമെന്ന് അവർ ഉറപ്പു നൽകി. അത് വിശ്വസിക്കുകയല്ലാതെ മറ്റ് നിവൃത്തിയുണ്ടായില്ല. അവരുടെ കയ്യിൽ തോക്കുകളുണ്ടായിരുന്നു. പക്ഷേ, മാന്യമായായിരുന്നു അപ്പോഴത്തെ പെരുമാറ്റം. ആ രണ്ടുപേർ നമ്മുടെ ബസ്സിൽ തന്നെ ഇരുന്നു. താലിബാന്റെ കാറിനു പിന്നാലെ ഞങ്ങളുടെ ബസ്സുകൾ മുന്നോട്ടുനീങ്ങി. കുറച്ചുദൂരം ചെന്നപ്പോഴാണ് നമ്മൾ താലിബാൻ ഭീകരരുടെ കൈയിൽ അകപ്പെട്ടെന്ന് മനസ്സിലായത്. പിന്നെ മിണ്ടാതിരിക്കുക മാത്രമായിരുന്നു വഴി. അവർ എന്താണ് ചെയ്യാൻ പോകുന്നതെന്നറിയില്ല.  കാര്യങ്ങൾ പരിശോധിക്കാനാണ് കൊണ്ടുപോകുന്നതെന്ന് ബസ്സിലുണ്ടായിരുന്ന താലിബാൻ ഭീകരർ പറഞ്ഞു. ഒടുവിൽ ആളൊഴിഞ്ഞ ഒരു പ്രദേശത്ത് ഞങ്ങളെ എത്തിച്ചു. 

വിശപ്പിനേക്കാളേറെ ഭയമായിരുന്നു
ആരെയും ഫോൺ വിളിച്ച് വിവരങ്ങൾ അറിയിക്കരുതെന്നായിരുന്നു ആദ്യ നിർദ്ദേശം. ഞങ്ങളുടെ ഫോണുകൾ അവർ വാങ്ങിവച്ചു. എല്ലാം ഞങ്ങൾ അനുസരിച്ചു. സ്ത്രീകളെയും പുരുഷന്മാരെയും പ്രത്യേകം സ്ഥലങ്ങളിൽ അവർ മാറ്റിയിരുത്തി. ഞങ്ങളുടെ പേരുവിവരങ്ങൾ അവർ കുറിച്ചെടുത്തു. പിന്നീട് പ്രത്യേകം മുറികളിലേക്ക് മാറ്റി. ആദ്യം സ്ത്രീകളെയും പിന്നീട് അഫ്ഗാൻ പൗരന്മാരെയും അവർ മോചിപ്പിച്ചു. പക്ഷേ ഞാനുൾപ്പെട്ട ഒരു സംഘത്തിന് അവിടെ കാത്തിരിക്കേണ്ടിവന്നു. എന്തുകൊണ്ടാണ് ഞങ്ങളെ മാത്രം വിടാത്തതെന്ന് അന്വേഷിച്ചെങ്കിലും വിടാൻ അനുമതി ലഭിച്ചില്ലെന്നായിരുന്നു മറുപടി. ഉച്ചഭക്ഷണത്തിന്റെ സമയമായപ്പോൾ ഞങ്ങൾക്ക് അവർ ഭക്ഷണം തന്നു. വിശപ്പില്ലായിരുന്നെങ്കിലും ഭയം കാരണം ഞങ്ങൾ വേണ്ടെന്ന് പറഞ്ഞില്ല. ചുറ്റിനും ആയുധാരികളായ താലിബാൻ ഭീകരർ. ആരെങ്കിലും എതിർത്തു പറഞ്ഞാൽ എന്താവും സ്ഥിതി എന്നറിയില്ല.
ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴേക്കും ഞങ്ങളെ വിടാനുള്ള അനുമതി ലഭിച്ചെന്ന് രാൾ അറിയിച്ചു. പിന്നെ എങ്ങനെയെങ്കിലും അവിടെ വിടുക മാത്രമായിരുന്നു ലക്ഷ്യം. അതിനു മുമ്പ് മൊബൈലുകൾ തിരിച്ചുകിട്ടി. ഉടനെ ആദ്യം പോയ സ്ത്രീകളടങ്ങുന്ന സംഘത്തിലുള്ളവർക്ക് സുരക്ഷിതമായി ഒരിടത്ത് നിൽക്കാനും ഒരുമിച്ച് വിമാനത്താവളത്തിലേക്ക് പോകാമെന്നും മെസേജ് അയച്ചു.

അനിശ്ചിതത്വ​ത്തിന്റെ മണിക്കൂറുകൾ
താലിബാന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടശേഷം ബാക്കിയുള്ളവരെയും കണ്ടെത്തി എയർപോർട്ടിലേക്ക് നീങ്ങി. ഇന്ത്യൻ എംബസിക്ക് വിവരങ്ങൾ കൈമാറുന്നുണ്ടായിരുന്നു. വിമാനത്താവളത്തിന്‌ പുറത്ത് ഞങ്ങൾ പത്തുമിനിറ്റോളം കാത്തുനിന്നിട്ടും അകത്തേക്ക് കടക്കാനായില്ല. ഒടുവിൽ എംബസിയിൽ നിന്ന് വിവരം വന്നു ആദ്യം ഞങ്ങൾക്കുവേണ്ടി തയ്യാറാക്കിയ സ്ഥലത്തേക്ക് മടങ്ങുക. വൈകുന്നേരം അഞ്ചുമണിയായിരുന്നു അപ്പോൾ. രാത്രി എട്ടുമണിയായിട്ടും ഞങ്ങൾക്ക് എംബസി നിർദ്ദേശിച്ച സ്ഥലത്ത് എത്താനായില്ല. എട്ടരയോടടുത്ത് ഞങ്ങൾ അവിടെ എത്തി. ഉടനെ എംബസിയുടെ സന്ദേശമെത്തി. ഞങ്ങൾക്കുവേണ്ടി പ്രത്യേക വിമാനം മറ്റൊരു സ്ഥലത്ത് കാത്തുനിൽക്കുന്നുണ്ടെന്ന്. ഉടൻ അവിടെ എത്തണം എന്നായിരുന്നു നിർദ്ദേശം. ഇരുപതു മിനിറ്റുകൊണ്ട് താലിബാൻ വാഹനങ്ങളുടെ അകമ്പടിയോടെ തന്നെ ഞങ്ങൾ അവിടെയത്തി. ഇന്ത്യൻ സർക്കാർ താലിബാനുമായി നയതന്ത്രപരമായി ഇടപെട്ടതുകൊണ്ടാകും അവർ നമ്മുടെ വാഹനത്തിനൊപ്പം വന്നതും ഞങ്ങളെ ഒന്നും ചെയ്യാതെ വിട്ടയച്ചതും. അതിന് ഇന്ത്യൻ സർക്കാരിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അല്ലായിരുന്നെങ്കിൽ പറഞ്ഞ സമയത്ത് ഞങ്ങൾക്കവിടെ എത്താനാവില്ലായിരുന്നു.

Afghanistan roadside
അഫ്ഗാനിസ്താനിലെ വഴിയോരത്തെ കാഴ്ച | ഫോട്ടോ: ദീദിൽ

ആശ്വാസത്തിലേക്ക് ആദ്യ ചുവട്
വിമാനത്താവളത്തിലെത്തിയ ഉടനെ അമേരിക്കൻ മിലിട്ടറി ഞങ്ങളെ സ്വാഗതം ചെയ്തു. പൂർണ്ണസംരക്ഷണവും ഭക്ഷണവും തന്നു. ഒരുദിവസം മുഴുവൻ ഞങ്ങളാരും ഭക്ഷണം കഴിച്ചിരുന്നില്ല. പലരും തലകറങ്ങി വീണിരുന്നു. അവർക്ക് ആവശ്യമായ മരുന്നുകളും ചികിത്സയും അവർ നൽകി. ദൈവാനുഗ്രഹത്താൽ ഞങ്ങൾ 150 പേരും ഇന്ത്യയിൽ സുരക്ഷിതരായി മടങ്ങിയെത്തി. അഫ്ഗാൻ പൗരനെ വിവാഹം ചെയ്ത ഇന്ത്യക്കാരിയായ ഒരു സ്ത്രീയ്ക്ക് അവരുടെ ഭർത്താവിനെയും കൂടെ കൂട്ടാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയിരുന്നു. അതുപോലെ നിരവധി അഫ്ഗാൻ പൗരന്മാരും ഞങ്ങൾക്കൊപ്പം ഇന്ത്യയിലെത്തി.

എന്തുചെയ്യുമെന്നറിയാതെ സ്ത്രീകൾ
അഫ്ഗാനിലെ സ്ത്രീകളുടെ ജീവിതത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ടുതന്നെ കുറേ മാറ്റങ്ങൾ വന്നിരുന്നു. അവരുടെ ജീവിതം കുറേ മെച്ചപ്പെട്ടിരുന്നു. അവർ ജോലി ചെയ്ത് ജീവിക്കാനും ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനും തുടങ്ങി. കുറച്ചുവർഷത്തെ അനുഭവം കൊണ്ട് ഞാൻ നേരിട്ട് കണ്ടതാണ് അത്. പക്ഷേ വളരെ പെട്ടെന്ന് എല്ലാം മാറിമറിഞ്ഞു. ഇനി അവരാരും തന്നെ വീട്ടിൽ നിന്ന് പുറത്തിറങ്ങാനോ ജോലിക്കുപോകാനോ തയ്യാറാകുമെന്ന് തോന്നുന്നില്ല. ജോലിക്കുപോകാൻ സ്ത്രീകളെ അനുവദിക്കുമെന്ന് താലിബാൻ പറയുമ്പോഴും അത് എത്രമാത്രം വിശ്വസിക്കാനാകുമെന്നറിയില്ല. തുടക്കത്തിൽ ലോകശ്രദ്ധ നേടാൻ വേണ്ടിയാകും അവർ ഇപ്പോൾ അതു ചെയ്യുന്നത്. എന്തായിരുന്നു താലിബാൻ ഭരണം എന്ന് അവിടെ ജീവിക്കുന്ന അഫ്ഗാൻ സുഹൃത്തുക്കൾ പറഞ്ഞുകേട്ടിട്ടുണ്ട് . എന്തെങ്കിലും വഴിയുണ്ടെങ്കിൽ ഇന്ത്യയിലേക്ക് വരാൻ വരെ തയ്യാറാണെന്ന് പല സുഹൃത്തുക്കളും എന്നോട് പറഞ്ഞിരുന്നു.

വിങ്ങലായി​ അഫ്ഗാനിസ്താൻ
ജോലിയുടെ കാര്യത്തേക്കാളേറെ വേദന കൂടപ്പിറപ്പുകളെപ്പോലെ കണ്ട കുറേ അഫ്ഗാനി സുഹൃത്തുക്കളെ ഓർത്താണ്. അവർ ഇനി എന്താണ് ചെയ്യുക? ജോലി ഇല്ലാതെ അവർ എങ്ങനെ ജീവിക്കുമെന്നറിയില്ല. അതോർക്കുമ്പോൾ വല്ലാത്ത സങ്കടമുണ്ട്. അവരെ ഒറ്റയ്ക്കിട്ട് വരേണ്ടിവന്നു. എന്നും അവരുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയുന്നുണ്ട്. നാളെ എന്താണ് സംഭവിക്കുക എന്ന് അവർക്കറിയില്ല. അമേരിക്കൻ കമ്പനിയ്ക്കുവേണ്ടി ജോലി ചെയ്ത അഫ്ഗാൻ പൗരന്മാരുടെ വിവരങ്ങളെല്ലാം താലിബാൻ ഭീകരരുടെ കൈകളിലുണ്ട്. ഭാവിയിൽ ഇവരെ അവർ എന്തും ചെയ്തേക്കുമെന്ന ഭയത്തിലാണ് ജനങ്ങൾ. അതുകൊണ്ട് ഏതെങ്കിലും രാജ്യത്തേക്ക്  രക്ഷപ്പെടാനാണ് അവർ ശ്രമിക്കുന്നത്. ഒരുമാസം കഴിഞ്ഞാലേ എന്താകും അവിടത്തെ ജീവിതം എന്നറിയാൻ സാധിക്കൂ.
അഫ്ഗാനിസ്താനിലെ സാഹചര്യം നോക്കി രണ്ടുമാസം കഴിഞ്ഞാൽ തിരിച്ച് ജോലിയിൽ പ്രവേശിക്കാം എന്ന ഉറപ്പിലാണ് ഞങ്ങളെല്ലാം നാട്ടിലെത്തിയിരിക്കുന്നത്. ഭാവിയിൽ സാഹചര്യങ്ങൾ മെച്ചപ്പെടുകയാണെങ്കിൽ തിരിച്ചുപോകാനാണ് ഉദ്ദേശിക്കുന്നത്. കുറേ സ്വപ്നങ്ങൾ ആ മണ്ണിൽ ഉപേക്ഷിച്ചാണ് മടങ്ങിയത്.

Content Highlights: Deedil Rajiv shares his experience in Afghanistan