നിദ ഫാത്തിമ | Screengrab: Mathrubhumi News
തിരുവനന്തപുരം: നാഗ്പുരില്‍ അന്തരിച്ച ദേശീയ സൈക്കിള്‍ പോളോ താരമായ മലയാളി പെണ്‍കുട്ടി രാവിലെ നടന്നാണ് ആശുപത്രിയിലേക്ക് വന്നതെന്ന് നാഗ്പുര്‍ കേരള സമാജം ഭാരവാഹി മനോജ് ആയൂര്‍. രാവിലെ ആശുപത്രിയിലേക്ക് നടന്നുവന്നെന്നും ചികിത്സയ്ക്കിടെ നില വഷളായി പെട്ടെന്ന് കുഴഞ്ഞുവീണ് മരണം സംഭവിച്ചെന്നുമാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞതെന്നും കേരള സമാജം ജനറല്‍ സെക്രട്ടറിയായ മനോജ് ആയൂര്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
'രാവിലെ പത്തുമണിയോടെ ഭോപ്പാലില്‍നിന്നുള്ള ഒരാളാണ് എന്നെ വിവരമറിയിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. എല്ലാവരും എഫ്.ഐ.ആര്‍ എഴുതാനായി സ്റ്റേഷനിലേക്ക് പോയിരിക്കുകയായിരുന്നു. പെണ്‍കുട്ടി രാവിലെ ആശുപത്രിയിലേക്ക് നടന്നാണ് വന്നത്. ചികിത്സയ്ക്കിടെ കൂടുതല്‍ വയ്യാതായി മരണം സംഭവിച്ചെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. പെട്ടെന്ന് കുഴഞ്ഞുവീണെന്നാണ് വിവരം. കേരളസമാജം ഭാരവാഹികളെല്ലാം ആശുപത്രിയില്‍ എത്തിയിട്ടുണ്ട്', മനോജ് ആയൂര്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് ദേശീയ സൈക്കിള്‍ പോളോ താരവും ആലപ്പുഴ സ്വദേശിയുമായ നിദ ഫാത്തിമ (10) നാഗ്പുരില്‍ അന്തരിച്ചത്. കഴിഞ്ഞദിവസം രാത്രിമുതല്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്ന നിദയ്ക്ക് വ്യാഴാഴ്ച രാവിലെ മുതല്‍ കടുത്ത ഛര്‍ദിയുമുണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചെന്നാണ് വിവരം.
ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായാണ് നിദ ഉള്‍പ്പെടെയുള്ള കേരള ടീമംഗങ്ങള്‍ നാഗ്പുരില്‍ എത്തിയത്. അതേസമയം, ഇവിടെയെത്തിയ കേരള താരങ്ങള്‍ക്ക് ദേശീയ ഫെഡറേഷനില്‍നിന്ന് കടുത്ത അനീതി നേരിട്ടെന്നാണ് ആരോപണം. കോടതി ഉത്തരവ് പ്രകാരമാണ് കേരള ടീമംഗങ്ങള്‍ നാഗ്പുരില്‍ മത്സരിക്കാനെത്തിയത്. എന്നാല്‍ ദേശീയ ഫെഡറേഷന്‍ ഇവര്‍ക്ക് താമസമോ മറ്റുസൗകര്യങ്ങളോ ഏര്‍പ്പെടുത്തിയില്ല. മത്സരിക്കാനുള്ള അനുമതി നല്‍കണമെന്ന് മാത്രമാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളതെന്നും അതിനാല്‍ മറ്റുസൗകര്യങ്ങള്‍ നല്‍കാന്‍ നിര്‍വാഹമില്ലെന്നുമായിരുന്നു ഫെഡറേഷന്റെ നിലപാട്.
Content Highlights: malayali cycle polo player nidha fathima death in nagpur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..