രശ്മി
തിരുവനന്തപുരം: രാജ്യത്തെ മുഴുവന്‍ സൈനിക സ്‌കൂളുകളിലും പെണ്‍കുട്ടികളെ പ്രവേശിപ്പിക്കാനുള്ള വിപ്ലവകരമായ തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതിനെ വലിയ തോതിലാണ് സ്വാഗതം ചെയ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം വരുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സൈനിക സ്‌കൂളില്‍ പഠിച്ച പെണ്‍കുട്ടികള്‍ കേരളത്തിലുണ്ട്. കഴക്കൂട്ടം സൈനിക സ്‌കൂളില്‍ ആറുമുതല്‍ പ്ലസ്ടു വരെ പഠിച്ച രശ്മി ഇന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിലെ കേരള മിനറല്‍ സ്‌ക്വാഡിന്റെ നോര്‍ത്തേണ്‍ റീജിയണില്‍ ജിയോളജിസ്റ്റാണ്. സൈനിക സ്‌കൂളിലെ അന്നത്തെ കാലം ഓര്‍മിച്ചെടുക്കുകയാണ് അവര്‍.
സൈനിക സ്‌കൂളുകളെന്നത് റെസിഡന്‍ഷ്യല്‍ സ്‌കൂളുകളാണ്. വിദ്യാര്‍ഥികള്‍ മാത്രമല്ല അധ്യാപകരും സ്‌കൂളിലെ മറ്റ് ജീവനക്കാരുമെല്ലാം ആ ക്യാമ്പസില്‍ തന്നെയാണ് താമസിക്കുന്നത്. ഇങ്ങനെ താമസിക്കുന്ന അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും മക്കളില്‍ പെണ്‍കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് സൈനിക സ്‌കൂളില്‍ പഠിക്കാന്‍ അനുവാദമുണ്ട്.
അല്ലാതെ ഇപ്പോഴത്തേപ്പോലെ എന്‍ട്രസ് പരീക്ഷ എഴുതി മെരിറ്റടിസ്ഥാനത്തില്‍ പെണ്‍കുട്ടികള്‍ക്ക് അന്ന് സൈനിക സ്‌കൂളില്‍ പ്രവേശനം ലഭിക്കാറില്ല. എന്റെ അച്ഛന്‍ ഡോ. സി.കെ.സി നായര്‍ അക്കാലത്ത് അവിടെ അധ്യാപകനായിരുന്നു. മലയാളം അധ്യാപകനായി ജോലി ചെയ്ത് വരവെയാണ് ഞാന്‍ കഴക്കൂട്ടം സൈനിക സ്‌കൂളിലെ വിദ്യാര്‍ഥിയായത്.
അന്ന് ആണ്‍കുട്ടികളെപ്പോലെ ബോര്‍ഡിങ് സൗകര്യങ്ങളൊന്നും ഇല്ല. താമസിക്കുന്ന വീട്ടില്‍ നിന്ന് സ്‌കൂളില്‍ പോയി വന്നാണ് പഠിച്ചുകൊണ്ടിരുന്നത്. പുതിയ തീരുമാന പ്രകാരം പെണ്‍കുട്ടികള്‍ക്കും ബോര്‍ഡിങ് സൗകര്യമുണ്ടാകും.
ഞങ്ങള്‍ രണ്ടുപേര്‍ ഒരേ ക്ലാസില്‍ പെണ്‍കുട്ടികളായി ആദ്യമുണ്ടായിരുന്നു. മറിയം എന്നായിരുന്നു അവളുടെ പേര്. പക്ഷെ അവരുടെ അച്ഛന്‍ സൈനിക സ്‌കൂളിലെ അധ്യാപന ജോലി ഉപേക്ഷിച്ച് നൈജീരിയയില്‍ ജോലി കിട്ടി പോയപ്പോള്‍ അവളും സ്‌കൂളില്‍ നിന്ന് പോയി. ഒന്നര വര്‍ഷത്തോളം മാത്രമേ ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നുള്ളു. പിന്നെ 12-ാം ക്ലാസ് വരെ ഞാന്‍ മാത്രമായിരുന്നു ക്ലാസില്‍ പെണ്‍കുട്ടിയായി ഉണ്ടായിരുന്നത്.
പൊതുപ്രവേശന പരീക്ഷ വഴിയല്ല സ്‌കൂളില്‍ പഠിക്കുന്നത് എന്നതുകൊണ്ട് സ്‌കൂളിലെ മറ്റ് ചിട്ടവട്ടങ്ങളിലോ പരിശീലനങ്ങളിലോ ഭാഗമാകേണ്ടതില്ലായിരുന്നു. രാവിലെ പി.ടിക്ക് പോവുക, വൈകിട്ട് കായിക വിനോദങ്ങള്‍ എന്നിവയിലൊന്നും പങ്കെടുക്കേണ്ടതില്ല. ആകെ പഠിക്കാനുള്ള അവസരം ലഭിക്കുക മാത്രമാണ് അന്ന് ലഭിച്ചിരുന്നത്.
1984 ലാണ് ഞാന്‍ 12-ാം ക്ലാസ് പാസാകുന്നത്. അതുവരെ എന്റെ പ്രായത്തിലുള്ള മറ്റ് പെണ്‍കുട്ടികള്‍ക്ക് ലഭിച്ചതുപോലുള്ള സ്‌കൂള്‍ ജീവിതമോ അനുഭവങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ ഹൈസ്‌കൂള്‍ കാലഘട്ടത്തിന്റെ അവസാനമൊക്കെ ആയപ്പോഴാണ് കൂടെ പഠിക്കുന്ന മറ്റ് ആണ്‍കുട്ടികളുമായി സൗഹൃദമൊക്കെ ഉണ്ടായത്. അന്നൊക്കെ ഞാന്‍ ഒറ്റയ്ക്കായിരുന്നു. കുട്ടികളായിരുന്ന സമയത്തൊന്നും ആണ്‍കുട്ടികളുടെ സൗഹൃദത്തിലൊന്നും ഉള്‍പ്പെട്ടിരുന്നില്ല. എന്നെ കൂടെ കൂട്ടാന്‍ അവര്‍ക്കും താത്പര്യമൊന്നുമുണ്ടായിരുന്നില്ല എന്നുവേണം കരുതാന്‍. ക്ലാസില്‍ വരാന്‍ പറ്റാതായാല്‍ നോട്ട് തരാന്‍ മടിയൊക്കെ ആയിരുന്നു അന്ന്.
മറ്റ് പെണ്‍കുട്ടികളൊന്നുമില്ലാത്തതിനാല്‍ ഏറെക്കാലം ഇതുതന്നെ ആയിരുന്നു അവസ്ഥ. എന്റെ സഹോദരിയുള്‍പ്പെടെ വേറെ പെണ്‍കുട്ടികളും എനിക്ക് മുമ്പും ശേഷവും കഴക്കൂട്ടം സൈനിക സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്. ഇപ്പോള്‍ അവിടെ പഠിച്ച പെണ്‍കുട്ടികളുടെ വാട്സാപ്പ് കൂട്ടായ്മ തന്നെയുണ്ട്.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് പരിശീലനം നല്‍കുകയാണ് പ്രധാനമായും സൈനിക സ്‌കൂളില്‍ നല്‍കുന്നത്. അതിലൊന്നും ഞങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ഇപ്പോള്‍ പ്രവേശനം ലഭിച്ച പെണ്‍കുട്ടികള്‍ക്ക് അന്ന് ഞങ്ങള്‍ അനുഭവിച്ച പ്രശ്നങ്ങളൊന്നുമുണ്ടാകില്ല. പ്ലസ് ടുവിന് ശേഷം ഡിഗ്രിക്ക് ജിയോളജി എടുത്ത് പിജിക്ക് ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ കയറുകയായിരുന്നു.
സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ ഞങ്ങളെല്ലാം സ്വാഗതം ചെയ്യുകയാണ്. നല്ലൊരു തീരുമാനമായി തന്നെയാണ് അന്ന് കഴക്കൂട്ടത്ത് പഠിച്ചവരെല്ലാം പറയുന്നത്. ഒറ്റപ്പെടലിന്റെ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ആണ്‍കുട്ടികള്‍ക്കൊപ്പം തന്നെ സേനകളില്‍ ചേരാന്‍ അവര്‍ക്ക് സാധിക്കും.
content highlights: malayalee student who studied in a military school years before the central decision came
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..