തിരുവനന്തപുരം: ലോക്കപ്പ് മര്‍ദനം മൂലമാണ് ഉദയകുമാര്‍ മരിച്ചതെന്ന് ഒടുവില്‍ ശാസ്ത്രീയമായി തെളിയിക്കപ്പെടുകയായിരുന്നു. രേഖകള്‍ നശിപ്പിക്കാനും തിരുത്താനും കൂട്ടുനിന്നവരെയും സി.ബി.ഐ പ്രതികളാക്കി. മരിച്ച ഉദയകുമാറിന്റെ അമ്മ പ്രഭാവതിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. ഇതിനിടയില്‍ സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രത്തിലെ ഏഴ് പ്രതികളില്‍ ഒരാള്‍ മരിക്കുകയും ഒരാളെ കോടതി ഒഴിവാക്കുകയും ചെയ്തു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഉരുട്ടിക്കൊലക്കേസില്‍ അന്തിമ വിധി പറഞ്ഞു കഴിഞ്ഞു. പ്രതികളായ അഞ്ച് പോലീസുകാരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.
കേസിന്റെ നാള്‍വഴികള്‍
2005 സെപ്റ്റംബര്‍ 27 - ഫോര്‍ട്ട് പോലീസ് കസ്റ്റഡിയില്‍ വെച്ച് ഉദയകുമാര്‍ കൊല്ലപ്പെടുന്നു
2005 സെപ്റ്റംബര്‍ 30: ഉരുട്ടിക്കൊലയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
2005 ഒക്ടോബര്‍ 3 : പ്രതികളായ രണ്ട് പോലീസുകാര്‍ നെയ്യാറ്റിന്‍കര സ്വദേശി ശ്രീകുമാര്‍ , വഴുതക്കാട് സ്വദേശി ജിതകുമാര്‍ എന്നിവര്‍ മനോജ് എബ്രഹാമിന് മുന്നില്‍ കീഴടങ്ങി
2005 ഒക്ടോബര്‍ 4: കോടതിമുറ്റത്ത് സംഘര്‍ഷാവസ്ഥ
2005 ഒക്ടോബര്‍ 5 : ഉരുട്ടിക്കൊലക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടു
2005 ഒക്ടോബര്‍ 10 : പേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സസ്പെന്ഷന്
2006 ഫെബ്രുവരി 13 : ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി 300 പേജുള്ള കുറ്റപത്രം നല്കി
2007 ജൂലൈ 2 : പ്രധാന സാക്ഷി സുരേഷ് കുമാര്‍ അറസ്റ്റില്‍
2007 ഒക്ടോബര്‍ 17: സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി
2007 ജൂലൈ 2 : പ്രധാന സാക്ഷി സുരേഷ് കുമാര്‍ അറസ്റ്റില്‍
2007 ഒക്ടോബര്‍ 17: സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി
2009 ഒക്ടോബര്‍ 20 : തിരുവല്ലം പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഡി.വിജയകുമാര്‍, കോണ്‍സ്റ്റബിള്‍ അനില്‍ കുമാര്‍ എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തു
2014 മെയ് 12: എസ്പി ടി.കെ ഹരിദാസിനെ ഏഴാംപ്രതിയാക്കി സി.ബി.ഐയുടെ കുറ്റപത്രം
2014 ജൂണ്‍ 27 : ഉരുട്ടിക്കൊലക്കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
2016 മാര്‍ച്ച് 31 : വിചാരണ വേഗത്തിലാക്കാന്‍ കോടതി ഉത്തരവ്, ഉദയകുമാറിന്റെ അമ്മ പ്രഭാവതിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി.
2017 ജൂണ്‍ 22- പ്രധാന സാക്ഷിയുടെ നിസകരണത്തെത്തുടര്ന്ന് വിചാരണ മുടങ്ങി
2017 ജൂണ്‍ 23- മുന്‍ പോലീസ് ഉദ്യോഗസ്ഥന് കൂറുമാറി
2017 ജൂണ്‍ 29 - മാപ്പു സാക്ഷി കൂറു മാറി 2017 ആഗസ്റ്റ് 16 - തുടര്‍ വിചാരണ
2017 നവംബര്‍ 17- മാപ്പു സാക്ഷി ഹീരാലാലിന്റെ രഹസ്യമൊഴി കാണാനില്ലെന്ന് സി.ബി.ഐ കോടതി മനസിലാക്കി
2018 ജനുവരി 10- വിചാരണയ്ക്കിടെ സാക്ഷികളുടെ കൂറുമാറ്റം, അഞ്ച് സാക്ഷികളെ വിസ്തരിക്കുന്നതില്‍ നിന്ന് സി.ബി.ഐ പിന്മാറി
2018 ഫിബ്രവരി 20 - മൂന്ന് മജിസ്ട്രേറ്റുമാരെ വിസ്തരിച്ചു
2018 മാര്‍ച്ച് 22-വിചാരണയ്ക്ക് എത്താതിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കോടതിയുടെ വിമര്‍ശനം
2018 ഏപ്രില്‍ 25 - സാക്ഷി വിസ്താരം പൂര്‍ത്തിയായി
2018 മാര്‍ച്ച് 10 : മൂന്നാം പ്രതിയായ പോലീസുകാരന് കിളിമാനൂര്‍ സ്വദേശി സോമന് (56) മരിച്ചു
2018 ജൂലൈ 20 : തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ വാദം പൂര്‍ത്തിയായി
2018 ജൂലൈ 24 : അഞ്ച് പോലീസുകാരും കുറ്റക്കാരെന്ന് കോടതി വിധി
ഉരുട്ടിക്കൊലക്കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥന് ഐ.പി.എസ് നല്കാന് തീരുമാനിച്ചതിനെക്കുറിച്ച് ആരോപണം ഉയര്‍ന്നു വന്നിരുന്നു. ഇ.കെ സാബു, ടി.അജിത് കുമാര്‍ എന്നിവരുടെ നിര്‍ബന്ധപ്രകാരമാണ് ജനറല്‍ ഡയറിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ എഴുതിച്ചേര്‍ത്തതെന്ന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.ഈ കേസിലെ ഏറിയ പങ്ക് സാക്ഷികളും പോലീസുകാര്‍ തന്നെയായിരുന്നു. സി.ഐ. ഇ.കെ. സാബുവിന്റെ സ്ക്വാഡിലെ അംഗങ്ങളായ ജിതകുമാറും ശ്രീകുമാറുമാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. മര്‍ദനമേറ്റ് ഉദയകുമാര്‍ നിലവിളിച്ചപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ ശ്രമിച്ചപ്പോള്‍ എസ്.ഐ. അജിത്കുമാര്‍ തടഞ്ഞെന്ന് മറ്റൊരു സാക്ഷി മൊഴിനല്‍കിയിരുന്നു.
പോലീസ് കസ്റ്റഡിയില്‍ ഉദയകുമാറിന്റെ മരണത്തിന് പുറമെനിന്നുള്ള ഏക ദൃക്സാക്ഷിയായ മോനി എന്ന സുരേഷ് കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു. പോലീസുദ്യോഗസ്ഥര്‍ മാത്രം പ്രതികളായ കേസില്‍ പോലീസുകാര്‍ തന്നെയാണ് സാക്ഷികള്‍. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പോലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്, എസ്.ഐ. ആയിരുന്ന ടി. അജിത്കുമാര്‍, സി.ഐ. ആയിരുന്ന ഇ.കെ. സാബു, എ.സി. ആയിരുന്ന ടി.കെ. ഹരിദാസ് എന്നിവരാണ് കേസിലെ പ്രതികള്‍.
നീണ്ടുപോകുന്ന വിചാരണ നടപടികള്‍
കേസിന്റെ വിചാരണ നടപടികള്‍ പ്രതികള്‍ നീട്ടികൊണ്ടുപോകുകയാണെന്നും സംഭവം നടന്ന് 11 വര്‍ഷം പിന്നിട്ടിട്ടും വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിലെ പ്രതികളായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന് എന്നിവര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജികള്‍ തള്ളിയാണ് ജസ്റ്റിസ് പി.ഡി. രാജന്റെ ഉത്തരവ്. പൊലീസ് കസ്റ്റഡിയിലെ കൊലപാതകം എന്ന നിലയില്‍ കൊല്ലപ്പെട്ടയാളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കോടതി നിരീക്ഷിച്ചു. കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികളുടെ ഹര്‍ജി.
വ്യാജരേഖ ചമച്ച് തെളിവു നശിപ്പിച്ച കേസില്‍ സി.ബി.ഐ. ഹീരലാലിനെ നാലാം പ്രതിയാക്കിയിരുന്നു. വിചാരണക്കോടതിയില്‍ സത്യം വെളിപ്പെടുത്തിയ ഇയാളെ സി.ബി.ഐ. മാപ്പുസാക്ഷിയാക്കുകയായിരുന്നു.
ഉരുട്ടിക്കൊലക്കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്.പി. കെ. ബാലചന്ദ്രനോട് സത്യമെല്ലാം പറഞ്ഞിരുന്നെങ്കിലും അത് രേഖപ്പെടുത്തിയില്ലെന്ന് ഹീരലാല് പറഞ്ഞു. 2005 സെപ്റ്റംബര്‍ 27- നാണ് ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ നിന്ന് ഉദയകുമാറിനെയും സുഹൃത്ത് സുരേഷിനെയും അറസ്റ്റുചെയ്തത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്റ്റേഷനിലെത്തിച്ച ഇവരെ സ്ക്വാഡിലെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഉദയകുമാര്‍ കൊല്ലപ്പെട്ടുവെന്നുമാണ് സി.ബി.ഐ. കേസ്.
ജിതകുമാര്‍, ശ്രീകുമാര്‍, സോമന് എന്നീ പോലീസുകാരും മേലുദ്യോഗസ്ഥരായ ടി. അജിത്കുമാര്‍, ഇ.കെ.സാബു, ടി.കെ. ഹരിദാസ് എന്നിവരുമാണ് പ്രതികള്‍. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ പോലീസുകാര്‍ കൂട്ടമായി കൂറുമാറിയതിനാലാണ് സി.ബി.ഐ. അന്വേഷിച്ചത്.
2010-ല്‍ ഹൈക്കോടതി കേസ് സി.ബി.ഐ.ക്ക് കൈമാറി. തിരുവനന്തപുരം യൂണിറ്റ് എസ്.പി. കെ.പ്രദീപ് കുമാറിനായിരുന്നു അന്വേഷണച്ചുമതല. ഈ അന്വേഷണത്തിലാണ് കേസ് അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ ശ്രമം നടന്നുവെന്ന് കണ്ടെത്തിയത്. ഉദയകുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന് എന്നിവരെ പ്രതിചേര്‍ത്തു.
ഡ്യൂട്ടി നോട്ട്ബുക്ക് തിരുത്തി, അതിനനുസരിച്ച് വിചാരണക്കോടതിയില്‍ വസ്തുതാവിരുദ്ധമായ മൊഴി നല്‍കിയത് മേലുദ്യോഗസ്ഥരുടെ ഭീഷണിയെത്തുടര്‍ന്നെന്ന് മാപ്പുസാക്ഷി. കരമന പോലീസ് സ്റ്റേഷനിലെ വനിതാ പോലീസുകാരിയും ഉരുട്ടിക്കൊലക്കേസിലെ മാപ്പുസാക്ഷിയുമായ സജിതയാണ് കോടതിയില്‍ ഈ മൊഴി നല്‍കിയത്.
മേലുദ്യോഗസ്ഥനായ അന്നത്തെ എസ്.ഐ. അജിത്കുമാര്‍ രേഖകള്‍ തിരുത്താന്‍ സി.ഐ. ആയിരുന്ന ഇ.കെ. സാബുവിന്റെ സാന്നിധ്യത്തില്‍ ആവശ്യപ്പെട്ടു. വഴങ്ങാതിരുന്ന തന്നോട്, ജോലിയെ ബാധിക്കുമെന്ന് മേലുദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി എന്നാണ് സജിതയുടെ മൊഴി.
തുടക്കക്കാരി ആയതിനാല്‍ ഭീഷണിയില്‍ ഭയന്ന് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തു. സി.ബി.ഐ. കേസ് ഏറ്റെടുത്തപ്പോള്‍ എല്ലാ സത്യവും തുറന്നുപറഞ്ഞു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ ഡിവൈ.എസ്.പി. പ്രഭയോട് എല്ലാകാര്യവും പറഞ്ഞിരുന്നു. മൊഴി നല്കിയപ്പോള് വസ്തുതാവിരുദ്ധമായ രേഖകളുടെ അടിസ്ഥാനത്തില്‍ മൊഴിനല്‍കാന്‍ നിര്‍ദേശിച്ചു.
സി.ഐ.യുടെ പ്രത്യേക സംഘത്തിലെ ജിതകുമാറും ശ്രീകുമാറും ഉച്ചയ്ക്കാണ് കൊല്ലപ്പെട്ട ഉദയകുമാറിനെയും സുരേഷ്കുമാറിനെയും സ്റ്റേഷനില്‍ എത്തിച്ചത്. ഉച്ചയ്ക് രണ്ടുമണിക്കുപകരം രാത്രി എട്ടുമണി എന്നെഴുതാനാണ് മേലുദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയത്. ഉദയകുമാര്‍ നിലവിളിക്കുന്നത് കേട്ട് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ താന്‍ ആവശ്യപ്പെട്ടെന്നും തന്റെ ആവശ്യം നിരസിച്ച എ.എസ്.ഐ. വിജയകുമാര്‍, സ്വന്തം കാര്യം നോക്കാന്‍ പറഞ്ഞ് ശാസിച്ചെന്നും സജിത മൊഴി നല്കി.
ഇതേ ആവശ്യം വിജയകുമാര്‍ എസ്.ഐ. അജിത്കുമാറിനോട് പറഞ്ഞപ്പോള്‍, എസ്.ഐ. വഴക്കുപറഞ്ഞതായി വിജയകുമാര്‍ പറഞ്ഞെന്നും സാക്ഷി വെളിപ്പെടുത്തി. 10 മണിക്ക് ആശുപത്രിയില്‍ കൊണ്ടുപോയ ഉദയകുമാര്‍ 12 മണിക്ക് മരിച്ചതായി സ്റ്റേഷനില്‍ വിളിച്ചുപറഞ്ഞെന്നും സജിത കോടതിയെ അറിയിച്ചു.
2005 സെപ്റ്റംബര്‍ 27-നാണ് ഫോര്‍ട്ട് സി.ഐ. ആയിരുന്ന ഇ.കെ. സാബുവിന്റെ സ്ക്വാഡ് ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍നിന്ന് ഉദയകുമാറിനെയും സുരേഷിനെയും പിടികൂടിയത്. ഉദയകുമാറിന്റെ പക്കലുണ്ടായിരുന്ന നാലായിരം രൂപയെ സംബന്ധിച്ച ചോദ്യംചെയ്യലില്‍ ഉദയകുമാര്‍ കൊല്ലപ്പെട്ടെന്നാണ് സി.ബി.ഐ. കേസ്.
കേസ് അട്ടിമറിക്കാന്‍ ശ്രമം
വിചാരണയ്ക്കിടെ മാപ്പുസാക്ഷികളടക്കം ഏഴ് സാക്ഷികള്‍ കൂറുമാറി. കൊല്ലപ്പെട്ട ഉദയകുമാറിനൊപ്പം പിടിയിലായ സുഹൃത്ത് മണി എന്ന സുരേഷ്കുമാറും കൂറുമാറിയിരുന്നു.
പോലീസുകാരനല്ലാത്ത ഏക നിര്‍ണായക സാക്ഷിയായിരുന്നു സുരേഷ്കുമാര്‍. ജില്ലാകോടതിയില്‍ നടന്ന ആദ്യഘട്ട വിചാരണയിലും സുരേഷ് കൂറുമാറിയിരുന്നു. സുരേഷിന്റെ ചാഞ്ചാട്ടം മുന്നില്‍ക്കണ്ട് സി.ബി.ഐ. സുരേഷ്കുമാറിനെ തെളിവ് നശിപ്പിച്ചകേസില്‍ പ്രതിയാക്കി. എന്നാല്‍, ഇയാളുടെ ആവശ്യപ്രകാരം കോടതി മാപ്പുസാക്ഷി ആക്കുകയും ചെയ്തു. കേസിനെ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താം എന്ന ഉറപ്പിലാണ് ഇയാള്‍ മാപ്പുസാക്ഷി ആയത്. വിചാരണയില്‍ ഇതിനു വിരുദ്ധമായാണ് സുരേഷ് പ്രവര്‍ത്തിച്ചത്.
ഉന്നതോദ്യോഗസ്ഥരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ജനറല്‍ ഡയറിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ എഴുതിച്ചേര്‍ത്തതെന്ന് മാപ്പുസാക്ഷിയായ പോലീസുദ്യോഗസ്ഥന് . ഉന്നതോദ്യോഗസ്ഥരായ ഇ.കെ.സാബുവും ടി.അജിത്കുമാറുമാണ് നിര്‍ബന്ധിച്ചതെന്ന് വിചാരണ നടക്കുന്ന സി.ബി.ഐ. പ്രത്യേക കോടതിയില്‍ ഇദ്ദേഹം മൊഴി നല്‍കിയത്. ഉദയകുമാര്‍ കൊല്ലപ്പെട്ട ദിവസം ജനറല്‍ ഡയറിയുടെ ചുമതല ഉണ്ടായിരുന്ന തങ്കമണി എന്ന പോലീസുദ്യോഗസ്ഥനാണ് മാപ്പുസാക്ഷി.
സി.ഐ. ഇ.കെ.സാബുവിന്റെ ക്രൈം സ്ക്വാഡാണ് ഉദയകുമാറിനെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചത്. ചോദ്യംചെയ്യാന്‍ സി.ഐ. ഓഫീസിലേക്ക് നടത്തിക്കൊണ്ടുപോയ ഉദയകുമാറിനെ ജിതകുമാറും ശ്രീകുമാറും തോളിലേറ്റിയാണ് തിരികെ കൊണ്ടുവന്നത്. ജിതകുമാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ലോക്കപ്പില്‍ കിടത്തിയെന്നും തങ്കമണി മൊഴിനല്‍കി. ഉന്നതോദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ക്രൈംബ്രാഞ്ചിനും വിചാരണ കോടതിക്കും ആദ്യം മൊഴിനല്‍കിയത്. മനഃസാക്ഷി അനുവദിക്കാത്തതിനാലാണ് സത്യം പറയുന്നതെന്നും തങ്കമണി കോടതിയെ അറിയിച്ചു.
സംഭവദിവസം അസി. കമ്മിഷണര്‍മാരായ ഷെറഫുദ്ദീന്, ടി.കെ.ഹരിദാസ്, സി.ഐ.മാരായ ഇ.കെ.സാബു, മുഹമ്മദ് ഷാഫി, എസ്.ഐ. ടി.അജിത്കുമാര്‍ എന്നിവര്‍ ഫോര്‍ട്ട് സ്റ്റേഷനില്‍ എത്തിയിരുന്നതായും തങ്കമണി കോടതിയില്‍ മൊഴിനല്‍കി. ഉന്നത പോലീസുദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍. കഴിഞ്ഞദിവസം പോലീസുദ്യോഗസ്ഥന് കൂറുമാറിയിരുന്നു.
ആദ്യം ലോക്കല്‍ പോലീസിലെ നര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണര്‍ പി.പ്രഭയാണ് കേസ് അന്വേഷിച്ചത്. ഇതിനുശേഷം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഈ രണ്ട് അന്വേഷണ സംഘവും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കാതെ മൂന്ന് പോലീസുകാരില്‍ മാത്രമായി കുറ്റപത്രം ചുരുക്കിയിരുന്നു.
തെളിവു നശിപ്പിച്ചതിനും വ്യാജ എഫ്.ഐ.ആര്. തയ്യാറാക്കിയതിനും പോലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്, വി.പി.മോഹന്‍, അന്നത്തെ ഫോര്‍ട്ട് പോലീസ് സ്റ്റേഷന് എസ്.ഐ. ടി.അജിത്കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.കെ.സാബു, അസിസ്റ്റന്റ് കമ്മിഷണര്‍ ടി.കെ.ഹരിദാസ്, വനിതാ പോലീസുകാരായ സജിതകുമാരി, ഷീജകുമാരി, ഉദയകുമാറിനൊപ്പം പോലീസ് പിടികൂടിയ മണി എന്നുവിളിക്കുന്ന സുരേഷ്, ക്രൈം എസ്.ഐ. രവീന്ദ്രന് നായര്‍, റൈറ്റര്‍മാരായ ഹീരലാല്, തങ്കമണി, വിജയകുമാര്‍ എന്നിവരെ പ്രതിചേര്‍ത്ത് മറ്റൊരു കേസ് സി.ബി.ഐ. എടുത്തിരുന്നു.
ഇതില്‍ പ്രതികളായ വനിതാ പോലീസുകാരായ സജിതകുമാരി, ഷീജകുമാരി, ഉദയകുമാറിനൊപ്പം പോലീസ് പിടികൂടിയ മണി എന്നു വിളിക്കുന്ന സുരേഷ്കുമാര്‍, ക്രൈം എസ്.ഐ. രവീന്ദ്രന് നായര്‍, റൈറ്റര്‍മാരായ ഹീരലാല്, തങ്കമണി, വിജയകുമാര്‍ എന്നിവരെ കോടതി മാപ്പുസാക്ഷിയാക്കി. രണ്ട് കുറ്റപത്രവും വെവ്വേറെ പരിഗണിക്കണമെന്ന് പ്രതികളായ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
Content highlights: Crime news, Udayakumar custodial death