പുല്‍പ്പള്ളി :  ചീയമ്പം 73 കോളനിയിലിറങ്ങിയ പരിക്കേറ്റ കടുവ മയക്കുവെടിയേറ്റതിനുപിന്നാലെ ചത്തു. രാവിലെ ആറുമണിയോടെയാണ് ചീയമ്പം 73 കോളനിക്ക് സമീപം കടുവയെ കണ്ടത്. കോളനിയ്ക്കടുത്തുള്ള കാപ്പി തോട്ടത്തില്‍കയറിയ കടുവയെ പിന്നീട് കാണാതായി.

കോളനി നിവാസികള്‍ അറിയിച്ചതനുസരിച്ച് ചെതലയം റേഞ്ചില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തി കോളനിയില്‍ സംരക്ഷണം ഏര്‍പ്പെടുത്തി. പതിനൊന്ന് മണിയോടെ ഫോറസ്റ്റ് അസി. വെറ്ററിനറി സര്‍ജന്‍ ഡോ. ജിജിമോന്‍ എത്തി കടുവയെ മയക്കുവെടി വെച്ചു. രണ്ടു മണി വരെ നാലുതവണ വെടിയുതിര്‍ത്തെങ്കിലും കടുവ മയങ്ങാത്തതിനെ തുടര്‍ന്ന് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍നിന്നും ഡോ. അരുണ്‍ സക്കറിയ എത്തിയാണ് കടുവയെ വെടിവെച്ച് പിടികൂടിയത്. മയങ്ങിവീണ കടുവ അല്പസമയത്തിനകം ചാവുകയും ചെയ്തു. 

പരിക്കേറ്റ് വലതുവശത്തെ പിന്‍കാലിലെ എല്ലുകള്‍ പൊട്ടി പുറത്തുവന്ന നിലയിലായിരുന്നു കടുവ. മറ്റേതെങ്കിലും കടുവയുമായോ ആനയുമായോ ഉള്ള ഏറ്റുമുട്ടലിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റതെന്നാണ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മോഹനന്‍ പിള്ള അറിയിച്ചു. ഈ പരിക്ക് മൂലമാണ് കടുവ ചത്തതെന്നാണ് പ്രാഥമിക നിഗമനം. 

കടുവയെ ബത്തേരിയിലെ വനംവകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോയി.