തൃശ്ശൂര്‍: ഇരിങ്ങാലക്കുട ജോയിന്റ് ആര്.ടി.ഒ. ആയിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ 11 മാസങ്ങള്‍ക്കുശേഷം അറസ്റ്റ്. അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതോടെയാണ് ജോയിന്റ് ആര്‍ടിഒ കെ.എസ്. ഷിബുവിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ ഷിബുവിനെ നവംബര്‍ 27 വരെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഏജന്റുമാരില്‍നിന്ന് കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് തൃശ്ശൂര്‍ റെയില്‍വ്വേ സ്റ്റേഷനില്‍ വെച്ച് പിടികൂടിയത്. അന്ന് ഷിബുവിന്റെ കൈവശം 56,500 രൂപയുണ്ടായിരുന്നു. പിടിച്ചെടുത്ത തുക ശമ്പളമായി ലഭിച്ചതാണെന്നാണ് ഷിബു മൊഴിനല്‍കിയത്. ആയിരത്തിന്റെ നോട്ടുകളാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അന്വേഷണത്തില്‍ ട്രഷറിയില്‍നിന്ന് കിട്ടിയത് 500 ന്റെ നോട്ടുകളാണെന്ന് ബോധ്യപ്പെട്ടു.
അന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും നിയമനടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. കേസന്വേഷണത്തിന്റെ ഭാഗമായി ഏജീസ് ഓഫീസിലും ട്രഷറിയിലും വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് മൊഴി വ്യാജമെന്ന് തെളിഞ്ഞത്. കൂടാതെ ഷിബുവിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഇരിങ്ങാലക്കുടയിലെ ഡ്രൈവിങ് സ്കൂള്‍ നടത്തിപ്പുകാരന് ബാങ്ക് അക്കൗണ്ടില്‍ 40,000 രൂപ അടച്ചതിന്റെ വിവരങ്ങളും വിജിലന്‍സിന് ലഭിച്ചു. വിജിലന്‍സ് ഡിവൈഎസ്പി എ. രാമചന്ദ്രന്റെയും ഇന്‍സ്പെക്ടര്‍ ഷാജ് ജോസിന്റെയും നേതൃത്വത്തിലായിരുന്നു അറസ്റ്റ്.