തൃശ്ശൂര്‍: ലോകപ്രശസ്തമായ സോന്‍പുര്‍ മേളയിലെ ആനവില്പന പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ ബിഹാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ആനകളെ വാങ്ങാന്‍ കോടിക്കണക്കിനു രൂപ നല്‍കിയ മലയാളികള്‍ ഇതോടെ വെട്ടിലായി.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആനകളെ വാങ്ങാന്‍ മുഖ്യമായും ആശ്രയിച്ചിരുന്നത് സോന്‍പുര്‍ മേളയെയായിരുന്നു. ഇത്തവണ ആനകളെ ബുക്കുചെയ്ത് കാത്തിരിക്കുന്ന എണ്‍പതോളം പേര്‍ കേരളത്തില്‍ത്തന്നെയുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഇതിനായി അമ്പതുകോടി രൂപയെങ്കിലും മലയാളികള്‍ നല്‍കിയിട്ടുണ്ടാകുമെന്നാണ് കണക്ക്.

കേരളത്തില്‍ ഇപ്പോഴുള്ള 600ഓളം ആനകളില്‍ 27 എണ്ണം മാത്രമാണ് നാടന്‍ ഇനം. ബാക്കിയുള്ളവയില്‍ മിക്കതും സോന്‍പുര്‍ മേളയില്‍നിന്നും മറ്റും എത്തിയതാണ്. കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിനുവരെ സോന്‍പുര്‍ സംഘം ആവശ്യക്കാരെത്തേടി എത്തിയിരുന്നു എന്നാണ് അറിവ്. തമിഴ്‌നാട് അതിര്‍ത്തിയില്‍ കേരളത്തിലേക്കു കടത്താനുള്ള ആനകളെ കൂട്ടത്തോടെ പാര്‍പ്പിക്കുന്നതായി മുമ്പ് ആരോപണമുണ്ടായിരുന്നു. സോന്‍പുരില്‍നിന്നുള്ളവയാണ് ഇവ എന്നാണു കരുതുന്നത്.

ബിഹാറിലെ വൈശാലി ജില്ലയില്‍ ഛപ്രയ്ക്കടുത്ത് സോന്‍പുര്‍ ഗജേന്ദ്രമോക്ഷ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി വൃശ്ചികമാസത്തില്‍ കാര്‍ത്തിക ആഘോഷ സമയത്താണ് മേള നടക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കാലിച്ചന്തയാണിത്. ഇതിന്റെ ഭാഗമായാണ് ഗജമേള നടക്കുന്നത്. ആനക്കച്ചവടത്തില്‍ കേരളത്തില്‍നിന്ന് 2,800 കോടി രൂപ സോന്‍പുരില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്.
വന്യജീവി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ശ്രമഫലമായാണ് ആനകളുടെ വില്പനയും ആനക്കടത്തും ബിഹാര്‍ സര്‍ക്കാര്‍ നിരോധിച്ചത്. ഇതു സംബന്ധിച്ച് ബിഹാര്‍ വൈല്‍ഡ്‌ലൈഫ് ബോര്‍ഡ് എല്ലാ വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍മാര്‍ക്കും കത്തയച്ചുകഴിഞ്ഞു. ഇതോടെ ആനക്കടത്തിന്റെ വലിയൊരു വഴിതന്നെ അടയും. അനധികൃത ഇടപാടാണ് എന്നതിനാല്‍ പണം നഷ്ടമായവര്‍ക്ക് പരാതിപ്പെടാന്‍പോലും പറ്റിയെന്നുവരില്ല.