തിരുവനന്തപുരം: സിനിമയില്‍ പഴയത്, പുതിയത് എന്നില്ല, മറിച്ച് നല്ലത്, ചീത്ത എന്നുമാത്രമേ ഉള്ളൂവെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. ചാര്‍ലി ചാപ്ലിന്‍, സത്യജിത് റായ് എന്നിവര്‍ ഇന്നും നമ്മെ വിസ്മയിപ്പിക്കുന്നത് അതുകൊണ്ടാണ്. അതിനാല്‍ തന്നെ നല്ല സിനിമകളാണ് എന്നും ആസ്വാദകരെ ആകര്‍ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അലോസരങ്ങളില്ലാത്ത അവിസ്മരണീയമായ അനുഭവമായിരുന്നു ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. മേളയുടെ സംഘാടകമികവിന് ഉപദേശക സമിതി ചെയര്‍മാന്‍ ഷാജി എന്‍. കരുണിനെയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ചലച്ചിത്ര അക്കാദമിയെയും അദ്ദേഹം അഭിനന്ദിച്ചു. മലയാള സിനിമാവ്യവസായത്തിന്റെ വളര്‍ച്ചയെപ്പറ്റി പഠിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ മേളയില്‍ ഉണ്ടായ പരാതികള്‍ പരിഹരിക്കാനും കൂടുതല്‍ മികവുറ്റതാക്കാനും ഇത്തവണ സാധിച്ചുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ്‌നാഥ്, സംവിധായകന്‍ ഷാജി എന്‍.കരുണ്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി ടി.രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.