ഐ.എഫ്.എഫ്.കെ.: സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ദരൂഷ് മെഹ്‌റൂജിക്ക്‌തിരുവനന്തപുരം: സമഗ്രസംഭാവനയ്ക്ക് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നല്‍കുന്ന ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഇറാനിയന്‍ സംവിധായകന്‍ ദരൂഷ് മെഹ്‌റൂജിക്ക്.

ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ മെഹ്‌റൂജിക്ക് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഉപദേശകസമിതി ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍ അറിയിച്ചു. അഞ്ചുലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഇറാനിയന്‍ നവതരംഗ സിനിമകള്‍ക്ക് തുടക്കംകുറിച്ചവരിലൊരാളാണ് ദരൂഷ് മെഹ്‌റൂജി. സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, ചിത്രസംയോജകന്‍ തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. ചലച്ചിത്രജീവിതത്തിനിടെ പലകുറി ഭരണകൂടത്തിന്റെ അപ്രീതി നേരിട്ടിട്ടുണ്ട്.

ജയിംസ് ബോണ്ട് ചിത്രങ്ങളുടെ പാരഡിയായി 1966-ല്‍ നിര്‍മ്മിച്ച 'ഡയമണ്ട് 33' ആണ് മെഹ്‌റൂജി സംവിധാനംചെയ്ത ആദ്യ സിനിമ. 'ഗാവ്' എന്ന ചിത്രമാണ് മെഹ്‌റൂജിയുടെ സംവിധാനമികവിന് അന്താരാഷ്ട്രശ്രദ്ധ നേടിക്കൊടുത്തത്.

1971-ലെ വെന്നീസ് ചലച്ചിത്രമേളയിലേക്ക് ഇറാനില്‍നിന്ന് ഒളിച്ചുകടത്തിയ ചിത്രം പ്രദര്‍ശിപ്പിച്ചു.ആദ്യമായി ഓസ്‌കര്‍ അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ട ഇറാനിയന്‍ ചിത്രം മെഹ്‌റൂജിയുടെ 'ദി ബൈസൈക്കിള്‍' ആണ്. 1973-ല്‍ സംവിധാനം ആരംഭിച്ച ചിത്രത്തിന് മൂന്നുവര്‍ഷത്തോളം ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരുന്നു.

ആദ്യകാല ഇറാനിയന്‍ നിയോ റിയലിസ്റ്റ് ചിത്രങ്ങളിലൊന്നായ ദി കൗ(1960), അലി നസ്സിറിയാന്‍ രചിച്ച ഹാസ്യപ്രാധാന ചിത്രം ദി നൈവ്(1970), എക്കാലത്തേയും മികച്ച ഇറാനിയന്‍ ചിത്രമായി വിലയിരുത്തപ്പെടുന്ന ഹാമോണ്‍(1990), ദി പിയര്‍ ട്രീ (1999) തുടങ്ങിയവ മെഹ്‌റൂജിയുടെ സംവിധാനമികവിന് സാക്ഷ്യമാണ്.