തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്കുശേഷം ചിക്കന്‍പോക്‌സ് പടരുന്നു. ഈ വര്‍ഷം ഇതിനോടകം 15 പേര്‍ ചിക്കന്‍പോക്‌സ് ബാധിച്ച് മരിച്ചു. കുട്ടികളാണ് രോഗബാധിതരില്‍ ഏറെയും.

അതേസമയം, സര്‍ക്കാര്‍ ആശുപത്രികളിലൊന്നും ചിക്കന്‍പോക്‌സ് പകരാതിരിക്കാനുള്ള വാക്‌സിന്‍ ഇല്ല. പുറത്തുനിന്ന് വാക്‌സിന്‍ വാങ്ങിനല്കുന്നവര്‍ക്ക് കുത്തിവയ്പിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്നുമാത്രം.

കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിനേഷന്‍പട്ടികയില്‍ ഇല്ലാത്തതിനാലാണ് മരുന്ന് വാങ്ങി സൂക്ഷിക്കാത്തതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴിയും ചിക്കന്‍പോക്‌സ് പ്രതിരോധ മരുന്ന് വാങ്ങുന്നില്ല.
സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണെങ്കിലും മരുന്നിന് മാത്രം 1200 മുതല്‍ 2500 രൂപ വരെയാണ് വില. കിടത്തിച്ചികിത്സ ആവശ്യമായവര്‍ക്ക് വേണ്ട ഐസലേഷന്‍ വാര്‍ഡ് അടക്കമുള്ള സൗകര്യങ്ങള്‍ പല സര്‍ക്കാര്‍ ആശുപത്രികളിലും ഇല്ല.
സാധാരണ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ചിക്കന്‍പോക്‌സ് കാണുന്നതെങ്കിലും കാലാവസ്ഥയിലെ വ്യതിയാനവും മറ്റും കാരണം രോഗബാധിതരായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടുകയാണ്.

ഒക്ടോബറില്‍ മാത്രം ആയിരത്തിലധികം പേര്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടി. ഈ വര്‍ഷം ചികിത്സതേടിയവരുടെ എണ്ണം 16,000 കടന്നു. ദിവസവും അമ്പതിലധികം ആളുകള്‍ ചികിത്സയ്‌ക്കെത്തുന്നതായി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, ചികിത്സയ്ക്കാവശ്യമായ മരുന്ന് ലഭ്യമായതിനാല്‍ ചിക്കന്‍പോക്‌സിനെ ഭയക്കേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതലയുള്ള ഡോ. ആര്‍.രതീഷ് പറഞ്ഞു. രോഗിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗകാരണമായ വൈറസ് പകരുന്നത്. രോഗി ഉപയോഗിച്ച വസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോഴും മറ്റും അതീവ ശ്രദ്ധ പാലിച്ചാല്‍ രോഗം പടരുന്നത് തടയാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ചെള്ളുപനി അടക്കമുള്ള മറ്റ് അപൂര്‍വരോഗങ്ങള്‍ക്കും ശമനമായിട്ടില്ല. ചെള്ളുപനി ബാധിച്ച് ഇക്കൊല്ലം ഇതുവരെ 14 പേര്‍ക്കും കുരങ്ങുപനി ബാധിച്ച് 11 പേര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. എലിപ്പനി മൂലം 16 പേരും മരിച്ചു.

എച്ച് വന്‍ എന്‍ വണ്‍ മൂലം ഈ മാസം 20 വരെ മാത്രം 77 പേരാണ് മരിച്ചത്. 850 ഓളം പേര്‍ക്കാണ് രോഗം ബാധിച്ചത്. മിക്ക ജില്ലകളും ഡെങ്കിയുടെ പിടിയിലാണ്. മരണം 22ല്‍ എത്തി. 15 പേരെങ്കിലും ദിവസവും ചികിത്സതേടുന്നുമുണ്ട്.