തിരുവനന്തപുരം : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ബി.ജെ.പി.യുമൊഴികെയുള്ള പാര്‍ട്ടികളുമായി പ്രാദേശികമായ നീക്കുപോക്കുകളാകാമെന്ന് സി.പി.എം. വര്‍ഗ്ഗീയകക്ഷികളുമായി സഹകരിക്കില്ല. എന്നാല്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും തെറ്റിനില്‍ക്കുന്നവരെ പ്രോത്സാഹിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാനസമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്രാദേശികമായി പ്രകടനപത്രിക തയ്യാറാക്കുന്നതിന് ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കാന്‍ പെട്ടികള്‍ സ്ഥാപിക്കുന്നതടക്കമുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കും. മലബാര്‍ മേഖലകളില്‍ ഇത് ആരംഭിച്ചുകഴിഞ്ഞുവെന്നും മറ്റു ഭാഗങ്ങളിലും ഇത് ഉടന്‍ ആരംഭിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

പെട്ടികള്‍ സ്ഥാപിച്ച് അഭിപ്രായം സ്വരൂപിക്കുന്നതിനു പുറമേ പ്രാദേശിക തലങ്ങളിലെ പ്രമുഖവ്യക്തികളുടെ അഭിപ്രായം പ്രത്യേകമായും തേടും. പ്രകടനപത്രികയ്ക്ക് അന്തിമരൂപം നല്‍കുന്നതിന് മുന്നോടിയായി വീണ്ടും ജനകീയചര്‍ച്ച സംഘടിപ്പിക്കാനാണ് തീരുമാനം.
 

കഴിഞ്ഞ കേന്ദ്രക്കമ്മിറ്റിയോഗ തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങ്ങായിരുന്നു സംസ്ഥാനസമിതിയുടെ ആദ്യ ദിവസത്തെ യോഗത്തിന്റെ മുഖ്യ അജണ്ട. പഞ്ചായത്ത് തിരഞെടുപ്പ് ഒഴികെയുള്ള സംസ്ഥാനവിഷയങ്ങള്‍ ആദ്യദിനത്തില്‍ പരിഗണിച്ചില്ല.
 

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ സംസ്ഥാനസമിതിയില്‍ ഉള്‍പ്പെടുത്തുന്നതും വെള്ളിയാഴ്ച ചര്‍ച്ചയ്ക്കുവന്നില്ല. സംസ്ഥാനസമിതി ശനിയാഴ്ചയും തുടരും. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും വെള്ളിയാഴ്ച സംസ്ഥാനസമിതിയിലും പങ്കെടുത്ത ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിക്ക് മടങ്ങി.