തിരുവനന്തപുരം: പ്രതിരോധ കുത്തിവെയ്പുകളെടുക്കാത്തതുമൂലമാണ് മലപ്പുറത്ത് ഡിഫ്ത്തീരിയ ബാധിച്ചതും വിദ്യാര്‍ഥി മരിക്കാനിടയായതുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. പ്രതിരോധ കുത്തിവെയ്പിലൂടെ ഡിഫ്ത്തീരിയ സംസ്ഥാനത്ത് നിന്ന് തുടച്ച് നീക്കപ്പെട്ടതാണ്. എന്നാല്‍ കുത്തിവെയ്പുകളെടുക്കുന്നതില്‍ മലപ്പുറം ഉള്‍പ്പടെയുള്ള ചില ജില്ലകള്‍ പിന്നാക്കം പോവുന്നതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പ്രതിരോധ കുത്തിവെയ്പുകളെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ നിരുത്സാഹപ്പെടുത്തുന്നതില്‍ ചില അശാസ്ത്രീയ ചികിത്സാരീതികളുടെയും അന്ധവിശ്വാസങ്ങളുടെയും പ്രചാരകര്‍ക്ക് വലിയ പങ്കാണുള്ളത്. ഇവരെ പൊതുജനാരോഗ്യനിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നും ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ.ശ്രീജിത്ത് എന്‍.കുമാറും സംസ്ഥാന സെക്രട്ടറി ഡോ. എ.വി.ജയകൃഷ്ണനും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതിരോധ കുത്തിവെയ്പുകള്‍ കുട്ടികളുടെ അവകാശമാക്കിക്കൊണ്ട് നിയമം ഭേദഗതി ചെയ്യണം. സ്‌കൂള്‍ പ്രവേശനത്തിന് കുത്തിവെയ്പ് എടുത്തതായ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം. പിന്നാക്കം നില്‍ക്കുന്ന ജില്ലകളില്‍ സ്‌കൂളുകളും ഹോസ്റ്റലുകളും അനാഥാലയങ്ങളും കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ സംഘടിപ്പിക്കണം. പ്രതിരോധകുത്തിവെയ്പുകളെക്കുറിച്ചും ശാസ്ത്രീയചികിത്സാരീതികള്‍ അവലംബിക്കേണ്ടതിനെക്കുറിച്ചും കൂടുതല്‍ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഐ.എം.എ. പറഞ്ഞു.