കൊടുങ്ങല്ലൂർ: തീവ്രവാദി നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി ജില്ലയുടെ തീരദേശം കടുത്ത ജാഗ്രതയിൽ.

‌ലക്ഷദ്വീപ്, കവരത്തി ദ്വീപുകളിൽ മീൻപിടിത്തത്തിന് ഉപയോഗിക്കുന്ന വെള്ളനിറത്തിലുള്ള ബോട്ടിൽ ശ്രീലങ്കൻ തീരത്തുനിന്ന്‌ 15 അംഗ ഐ.എസ്. സംഘം മിനിക്കോയ്, ലക്ഷദ്വീപ് മേഖലകൾ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ സന്ദേശത്തെത്തുടർന്നാണ് കർശന ജാഗ്രത ഏർപ്പെടുത്തിയത്. അഴീക്കോട് മുതൽ മന്ദലാംകുന്ന് വരെയുള്ള ജില്ലയുടെ കടലോരം അതിജാഗ്രതയിലാണ്.

കടലോര ജാഗ്രതാസമിതി, കടൽ വാർഡൻമാർ, മത്സ്യത്തൊഴിലാളികൾ എന്നിവർക്കൊപ്പം മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റ് ഗാർഡ്, തീരദേശ പോലീസ് തുടങ്ങിയ സേനാവിഭാഗങ്ങളുടെയും മുഴുവൻസമയ നിരീക്ഷണമുണ്ട്.

ചാവക്കാട് കടലിൽ കഴിഞ്ഞദിവസം വെള്ളനിറമുള്ള ബോട്ട് വേഗംകുറച്ച് സഞ്ചരിക്കുന്നുവെന്ന വിവരം തീരദേശ പോലീസിന് കൈമാറിയത് മത്സ്യത്തൊഴിലാളികളാണ്. പോലീസെത്തി പരിശോധനകൾക്ക് ശേഷമാണ് ഇത് മീൻപിടിത്ത ബോട്ടാണെന്ന് സ്ഥിരീകരിച്ചത്. കൊച്ചി മുതൽ പൊന്നാനി വരെയുള്ള കടലിന്റെ വലിയൊരു ഭാഗം കൊച്ചിയിൽനിന്ന്‌ കോസ്റ്റ് ഗാർഡിന് നിരീക്ഷിക്കാൻ കഴിയുന്ന സംവിധാനമുണ്ട്.

മീൻപിടിത്തത്തിനായി ബോട്ടുകൾ കടലിലേക്ക് ഇറങ്ങുകയും കയറുകയും ചെയ്യുന്ന അഴീക്കോട്, ചേറ്റുവ അഴിമുഖങ്ങൾ തീരദേശ പോലീസിന്റെ കടുത്ത നിയന്ത്രണത്തിലാണ്. ബോട്ടിന്റെ വെള്ളനിറം മാറ്റുകയോ ബോട്ടുതന്നെ മാറ്റുകയോ ചെയ്ത് 15 അംഗ സംഘം തീരദേശത്ത് നുഴഞ്ഞുകയറാതിരിക്കാനുള്ള സുരക്ഷാനടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

ഇന്ത്യൻ സമുദ്രാതിർത്തിയും അന്താരാഷ്ട്ര കപ്പൽച്ചാലും മറൈൻ എൻഫോഴ്‌സ്‌മെൻറ് വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. കടലോരവും ബോട്ട് അടുക്കുന്ന ജില്ലയിലെ കടവുകളും തീരദേശ പോലീസ്, കടലോര ജാഗ്രതാ സമിതി, മത്സ്യത്തൊഴിലാളികൾ എന്നിവയുടെ നിരീക്ഷണത്തിലാണ്.

Content Highlights: terrorist threat at kerala coastal area after sri lanka bomb blast intelligence report