​കൊച്ചി: ഗവേഷണ സംഘടനയായ ഡബ്ല്യൂ.ആർ.ഐ. ഇന്ത്യ സംഘടിപ്പിച്ച ഷെയ്പ്പിങ് എ റെസിലിയന്റ് കൊച്ചി എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തി. കൊച്ചിയുടെ സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും സർക്കാർ പ്രതിനിധികളും സെമിനാറിലും തുടർന്ന് നടന്ന ചർച്ചകളിലും പങ്കെടുത്തു. 

കൊച്ചി കോർപ്പറേഷൻ മേയർ എം. അനിൽ കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മൂന്ന് സെഷനുകളിലായി നടന്ന സെമിനാറിന്റെ ആദ്യവിഷയം കാലാവസ്ഥാദുരന്തങ്ങൾ അതിജീവിക്കാൻ കൊച്ചി നഗരം നടത്തേണ്ട തയ്യാറെടുപ്പുകളെ പറ്റിയായിരുന്നു. സെന്റർ ഫോർ ഹെറിറ്റേജ്, എൻവയൺമെന്റ് ആൻഡ് ഡെവലപ്‌മെന്റിന്റെ  മേധാവിയായ  ഡോ. രാജൻ ചെടമ്പത് കൊച്ചി മാസ്റ്റർ പ്ലാനിനെ പറ്റി സംസാരിച്ചു. പ്ലാൻ, വളരെ വിശദമായി ദുരന്തനിവാരണത്തിനുള്ള  പോംവഴികൾ നിരദേശിക്കുന്നുവെന്നു അദ്ദേഹം അഭിപ്രായപെട്ടു. കടൽഭിത്തികൾക്ക് സംഭവിക്കുന്ന മണ്ണൊലിപ്പും വെള്ളപ്പൊക്കവും ആണ് കൊച്ചിയുടെ പ്രശ്‌നങ്ങളെന്നു അദ്ദേഹം പറഞ്ഞു . 

മണാശ്ശേരി, തറേഭാഗം, ഐലൻഡ് സൗത്ത്, ഗാന്ധി നഗർ എന്നിവയാണ് നഗരത്തിൽ വെള്ളക്കെട്ടിന്റെ ഭീഷണി അനുഭവിക്കുന്ന പ്രദേശങ്ങളെന്ന് ഡോ. റാക്കീ തിമോത്തി അഭിപ്രായപ്പെട്ടു. ഇതേ തുടർന്ന് നടന്ന ചർച്ചയിൽ കൊച്ചി മാസ്റ്റർ പ്ലാൻ കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളെ സമീപിക്കുന്നത് എങ്ങനെയെന്ന്  ചീഫ് ടൌൺ പ്ലാനെർ  എച്ച്. പ്രശാന്ത് സംസാരിച്ചു. 

'ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മാസ്റ്റർ പ്ലാനിന്റെ  ഭാഗമായി ഒരു സ്‌പേഷ്യൽ പ്ലാൻ (Spatial) തയ്യാറാകുന്നുണ്ട്. മുൻപുണ്ടായിരുന്ന ടൗൺ പ്ലാനിംഗ് ആക്ടിൽ ദുരന്ത പ്രതിരോധം  പരിഗണിച്ചിരുന്നില്ല. എന്നാൽ തണ്ണീർത്തടം, പാടങ്ങളുടെ സംരക്ഷണം എന്നിവ സംബന്ധിച്ച വ്യക്തമായ ചട്ടങ്ങൾ അതിൽ ഉണ്ടായിരുന്നു. എന്നാൽ 2018 ലെ പ്രളയം സർക്കാരിനെ മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു.' അദ്ദേഹം പറഞ്ഞു

കേരളത്തിലെ സെറ്റിൽമെന്റ് പാറ്റേൺ, ഗ്രാമ-നഗര ബന്ധം എന്നിവയാണ് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്‌നങ്ങൾ. കൊച്ചി നഗരത്തിന്റെ പ്രാദേശിക പ്ലാൻ അന്തിമഘട്ടത്തിൽ ആണെന്നും അദ്ദേഹം പറഞ്ഞു. 

ഇ.എഫ്.-ഡബ്ല്യൂ.ഡബ്ല്യൂ.എഫ്. ഡയറക്ടർ വിദ്യ സൗന്ദർരാജൻ പ്ലാൻ വിഷയത്തിൽ പറഞ്ഞതിങ്ങനെ: കൊച്ചിയിലെ കനാലുകളും മറ്റു ജല സ്രോതസുകളും വീണ്ടെടുത്താൽ ഒരു വലിയ പരിധി വരെ വെള്ളക്കെട്ട് തടയാനാകും. പൊതു അടിസ്ഥാനസൗകര്യങ്ങൾ ക്ലൈമറ്റ് റിസ്‌ക് ഇൻഷുറൻസിനു വിധേയമാക്കണം. ഇത് സർക്കാർ തീരുമാനങ്ങളുടെ ഭാഗമാക്കണം. അടുത്ത 40 വർഷത്തെ ആസൂത്രണമെങ്കിലും ഈ കാര്യത്തിൽ വേണമെന്നും  അവർ അഭിപ്രായപ്പെട്ടു. 

ഫോർട്ട് കൊച്ചിയുടെ വികസന പ്രവർത്തനങ്ങളെ പറ്റിയുള്ള ചർച്ചയിൽ, മുൻ കൊച്ചി മേയർ ആയിരുന്ന കെ.ജെ. സോഹൻ അഭിപ്രായപെട്ടതിങ്ങനെ: 'ഫോർട്ട് കൊച്ചിയുടെ വികസനത്തിന് വിശദമായ ഒരു പദ്ധതി വേണം. നിലനിൽക്കുന്ന സാഹചര്യങ്ങൾ അതിനായി പരിഗണിക്കണം. നിലവിൽ ഉള്ള വികസന പദ്ധതികൾ ഫോർട്ട് കൊച്ചിക്ക് അനുയോജ്യമല്ല. കൊച്ചിയുടെ റോഡ് ഡെന്‌സിറ്റി ദേശിയ ശരാശരിയേക്കാൾ രണ്ടു മടങ്ങ് കൂടുതൽ ആണ്. ജില്ലയുടെ പടിഞ്ഞാറൻ ഭാഗം, നഗരവുമായി ബന്ധപെടുന്നത് ജല ഗതാഗത മാർഗം ഉപയോഗിച്ചാണ്. ഈ പ്രദേശത്തെ നഗരവുമായി കൂടുതൽ ബന്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ഉണ്ടാക്കണം.'

'ഇന്ത്യയുടെ നഗര  ജീവിതത്തിൽ പൊതുവായ ഇടങ്ങളെ സെക്കുലർ ആയ സ്‌പേസ് ആയിട്ടാണ് കരുതപ്പെടുന്നത്. ഫോർട്ട് കൊച്ചിയിൽ ഒരുപാടു ഓപ്പൺ സ്‌പേസുകൾ ഉണ്ട്. പക്ഷെ അശാസ്ത്രീയമായ നിർമ്മാണങൾ അവയുടെ ഭംഗി കെടുത്തുന്നു. പുതിയ പദ്ധതികൾ ഫോർട്ട് കൊച്ചിയുടെ ഹെറിറ്റേജ് ഇടങ്ങളുടെ സംരക്ഷണം ഉറപ്പാക്കണം.' യുനെസ്‌കോയുടെ ഗ്യാസ്ട്രോണോമി സിറ്റിയുടെ ലിസ്റ്റിൽ ഉൾപെടുത്താൻ ശുപാർശ ചെയ്തിരിക്കുന്ന ഇന്ത്യയിലെ  ചുരുക്കം  നഗരങ്ങളിൽ ഒന്നാണ് കൊച്ചിയെന്നും സോഹൻ അഭിപ്രായപ്പെട്ടു. 

Content Highlights: Shaping a resilient Kochi- Seminar