ശബരിമല: സന്നിധാനത്ത് ഇന്നുച്ചയ്ക്ക് പ്രതിഷ്ഠ നടത്തിയ പുതിയ കൊടിമരം കേടു വരുത്തി. കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ മെര്‍ക്കുറി (രസം)ഒഴിച്ചതായാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പഞ്ചവര്‍ഗത്തറയിലെ സ്വര്‍ണം ഉരുകി.

ഉച്ചപൂജയ്ക്ക് ശേഷം പഞ്ചവര്‍ഗത്തറയിലെ നിറം മാറിയിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോളാണ് മെര്‍ക്കുറി ഒഴിച്ചതായി മനസിലായത്. കൊടിമരം നിർമിച്ച ശിൽപിയും മറ്റ് ജോലിക്കാരും സന്നിധാനത്തു തന്നെയുണ്ടായിരുന്നു.ഇവരുടെ പരിശോധനയിലാണ് മെർക്കുറി ഒഴിച്ചതാണെന്ന് സ്ഥിരീകരിച്ചത്.

സംഭവത്തിൽ സന്നിധാനം പോലീസ് കേസെടുത്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇന്ന് സന്നിധാനത്തുണ്ട്. ഉച്ചപൂജ വരെ കുഴപ്പമൊന്നുമില്ലായിരുന്നുവെന്നും അതു കഴിഞ്ഞ് പോകുംവഴി ആരോ മനപ്പൂര്‍വം ചെയ്തതായിരിക്കാമെന്ന് മന്ത്രി പ്രതികരിച്ചു.

sabarimala

 ദേവസ്വം ബോര്‍ഡ് ഡിജിപിക്ക് നേരിട്ട് പരാതി നല്‍കിയിട്ടുണ്ട്. പ്രത്യേക ഫോറന്‍സിക് സംഘത്തെ അയക്കാമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണൻ അറിയിച്ചു.

മനപ്പൂര്‍വ്വം ചെയ്ത ചതിയായിട്ടാണ്  ഈ സംഭവത്തെ കാണുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. 'പക ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉച്ച പൂജയ്‌ക്ക് ശേഷമാണ് ഇത് സംഭവിച്ചതെന്ന് കരുതുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാവും' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാവിലെ 11.50നും 12.30നും മധ്യേയാണ് കൊടിമരത്തില്‍ വാജിവാഹനപ്രതിഷ്ഠ നടത്തിയത്. അതിന് ശേഷം അഷ്ടദിക്പാലകന്മാരെ പ്രതിഷ്ഠിച്ച് അഭിഷേകം നടത്തുകയും ചെയ്തിരുന്നു.

കൊടിമരത്തിന്റെ പറകള്‍ തേക്കുമരത്തില്‍ സ്ഥാപിക്കുന്ന ചടങ്ങ് ശനിയാഴ്ച പുലര്‍ച്ചെ പൂര്‍ത്തിയായിരുന്നു. പുലര്‍ച്ചെ 4.25നായിരുന്നു പണികഴിഞ്ഞത്.