മലപ്പുറം: ക്ഷേമപെന്‍ഷന്‍ വൈകുന്നതായി പരാതിയുള്ളവര്‍ക്ക് പുതിയ വിതരണമാര്‍ഗം തിരഞ്ഞെടുക്കാന്‍ അവസരം. പോസ്റ്റ് ഓഫീസ് സേവിങ്‌സ്ബാങ്ക് അക്കൗണ്ട്വഴിയുള്ള വിതരണം താറുമാറായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പെന്‍ഷന്‍ ബാങ്ക് അക്കൗണ്ട് വഴിയാക്കാന്‍ ഓപ്ഷന്‍ നല്‍കാവുന്നതാണ്. ജനവരി 15 വരെയാണ് ഇതിനുള്ള അവസരം. ഓപ്ഷന്‍ നല്‍കിയാല്‍ ഉടന്‍തന്നെ ബാങ്ക് വഴി തുക ലഭിക്കുന്നതിന് സംവിധാനമൊരുക്കും. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്.

ക്ഷേമപെന്‍ഷനുകള്‍ക്കുള്ള തുക സര്‍ക്കാര്‍ കൃത്യമായി നല്‍കിയിട്ടും പോസ്റ്റ് ഓഫീസുകള്‍ കാലതാമസം വരുത്തിയിരുന്നു. ഇതു പരിഹരിക്കാന്‍ സംസ്ഥാന ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലുമായി ചര്‍ച്ച നടത്തിയെങ്കിലും തൃപ്തികരമായ നടപടിയില്ലാത്തതാണ് പുതിയ തീരുമാനത്തിനു പിന്നില്‍. വിതരണത്തില്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയെന്ന് സര്‍ക്കാര്‍സമിതിയും കണ്ടെത്തിയിരുന്നു. ഗുണഭോക്താവിന് ഏതെല്ലാംമാസത്തെ പെന്‍ഷനാണ് നല്‍കിയിട്ടുള്ളതെന്ന വിവരംപോലും മിക്ക പോസ്റ്റ് ഓഫീസുകളിലുമില്ല. സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ചില പോസ്റ്റ് ഓഫീസുകള്‍ വിവരംനല്‍കാന്‍ തയ്യാറായില്ല.

തപാല്‍വകുപ്പിന്റെ കണക്കില്‍ ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് തുക മാറിയിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും യഥാര്‍ഥത്തില്‍ ഇത് അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടില്ലായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഒരുമാസത്തെ പെന്‍ഷന്‍തുക ലഭിക്കാന്‍ 10ലധികം തവണ വരെ ചില പോസ്റ്റ് ഓഫീസുകളില്‍ കയറിയിറങ്ങേണ്ട അവസ്ഥയുണ്ടാകുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് താത്പര്യമുള്ളവര്‍ക്ക് ബാങ്കുകളെ ആശ്രയിക്കാന്‍ അവസരമൊരുക്കുന്നത്.

സാമൂഹിക സുരക്ഷാപെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, വിധവാപെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, അഗതിപെന്‍ഷന്‍ എന്നിവയാണ് വിതരണംചെയ്യുന്നത്. വീടുകളിലെത്തി പെന്‍ഷന്‍തുക കൈമാറുന്നതിനു പകരം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനംവന്നതോടെ ജനങ്ങള്‍ ഏറെ പ്രയാസപ്പെടുന്ന അവസ്ഥയാണുണ്ടായത്.

സംസ്ഥാനത്ത് ഏകദേശം 32 ലക്ഷം ഗുണഭോക്താക്കളുണ്ട്. ഇതില്‍ 60 ശതമാനം പേര്‍ക്ക് പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വഴിയാണ് പെന്‍ഷന്‍ ലഭ്യമാക്കുന്നത്. 24 ശതമാനംപേര്‍ക്ക് മാത്രമാണ് ബാങ്കുകള്‍വഴി നല്‍കുന്നത്. തീരെ അവശരായവര്‍ക്ക് പ്രത്യേകപരിഗണന നല്‍കി ഇലക്ട്രോണിക് മണിയോര്‍ഡര്‍ സംവിധാനംവഴി തുക വീടുകളിലെത്തിക്കുന്നുണ്ട്.