പാലക്കാട് : പാലക്കാട് ജങ്ഷന്‍, ടൗണ്‍ സ്റ്റേഷനുകളില്‍ അടിസ്ഥാനസൗകര്യമില്ലാത്തതിനാല്‍ മധുരഡിവിഷനിലെ തീവണ്ടികള്‍ പാലക്കാട്ടേക്ക് നീട്ടാനുള്ള ശുപാര്‍ശയില്‍ ഓപ്പറേറ്റിങ് വിഭാഗത്തിന് എതിര്‍പ്പ്. ഈ വണ്ടികള്‍ പാലക്കാട് ടൗണ്‍ റെയില്‍വേസ്റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിക്കേണ്ടി വരുമെന്നും ഇത് പ്രായോഗികമല്ലെന്നുമാണ് ഓപ്പറേറ്റിങ് വിഭാഗത്തിന്റെ നിലപാട്.

തീവണ്ടിയില്‍ വെള്ളംനിറയ്ക്കാനുള്ള സൗകര്യം പാലക്കാട് ടൗണ്‍സ്റ്റേഷനിലില്ല. രണ്ടില്‍ക്കൂടുതല്‍ വണ്ടികള്‍ ഒരേസമയം നിര്‍ത്തിയിടാനുമാകില്ല. വണ്ടി പാലക്കാട് ജങ്ഷനിലേക്ക് നീട്ടുന്നത് ഇപ്പോള്‍ പ്രാവര്‍ത്തികമല്ലെന്നും ഓപ്പറേറ്റിങ് വിഭാഗം അറിയിച്ചിട്ടണ്ട്.

മധുര ഡിവിഷനില്‍നിന്ന് പാലക്കാട്ടേക്ക്് 10 തീവണ്ടി സര്‍വീസുകള്‍ നീട്ടാനായിരുന്നു ശുപാര്‍ശ. ഇതിപ്പോള്‍ ദക്ഷിണ റെയില്‍വേയുടെ പരിഗണനയിലാണ്. പാലക്കാട്ടുനിന്ന് പൊള്ളാച്ചിയിലേക്ക് അമൃത എക്‌സ്​പ്രസ് ഉള്‍പ്പെടെ മൂന്ന് സര്‍വീസുകള്‍ നീട്ടണമെന്ന പാലക്കാട് !ഡിവിഷന്റെ ശുപാര്‍ശയും ദക്ഷിണറെയില്‍വേയുടെ പരിഗണനയിലുണ്ട്.

പാലക്കാട്-പൊള്ളാച്ചി പാത മീറ്റര്‍ഗേജായിരുന്നപ്പോഴുണ്ടായിരുന്ന ഒന്നാം പ്ലാറ്റ്‌ഫോം ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല. പ്ലാറ്റ്‌ഫോമിന്റെയും പാളത്തിന്റെയും പണി പൂര്‍ത്തിയായെങ്കിലും പാളത്തിന്റെ ഇരുഭാഗങ്ങളും കൂട്ടിയോജിപ്പിച്ചിട്ടില്ല. ഇതിനായി നോണ്‍ ഇന്റര്‍ലോക്കിങ് സംവിധാനവും പ്രവര്‍ത്തനക്ഷമമാക്കേണ്ടതുണ്ട്.

പാലക്കാട്-പൊള്ളാച്ചിപ്പാത ബ്രോഡ്‌ഗേജാക്കി തീവണ്ടിയോട്ടത്തിന് അനുമതികിട്ടിയെങ്കിലും പാലക്കാട് ജങ്ഷനിലെ ഒന്നാംപാളം പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടിയായില്ല. പൊള്ളാച്ചിയില്‍നിന്ന് പാലക്കാട് ജങ്ഷനിലേക്കാണ് ബ്രോഡ്‌ഗേജ്പാത വിഭാവനം ചെയ്തിരുന്നതെങ്കിലും പരീക്ഷണ ഓട്ടവും ഗതാഗത അനുമതിയും ടൗണ്‍സ്റ്റേഷന്‍ വരെയാണ് നല്‍കിയത്.

ഒന്നാം പ്ലാറ്റ്‌ഫോം പ്രവര്‍ത്തനക്ഷമമാക്കാതെ മധുര തീവണ്ടികള്‍ പാലക്കാട്് ടൗണിലേക്കും പാലക്കാട് ജങ്ഷനിലേക്കും നീട്ടുന്നത് ഗതാഗതപ്രശ്‌നം രൂക്ഷമാക്കുമെന്നാണ് ഓപ്പറേറ്റിങ് വിഭാഗത്തിന്റെ മുന്നറിയിപ്പ്.

നിലവില്‍ പാലക്കാട് ജങ്ഷനില്‍ യാത്രാതീവണ്ടികള്‍ക്ക് നാല് പാളമാണുള്ളത്. മധുരഭാഗത്തുനിന്ന് വരുന്ന കോഴിക്കോട് ഭാഗത്തേത്തുള്ള തീവണ്ടികള്‍ പാലക്കാട് ജങ്ഷനിലെത്തി എന്‍ജിന്‍ തിരിച്ചുവേണം യാത്ര തുടരാന്‍. ഈസമയം മൂന്ന് പാളങ്ങളിലൂടെ യാത്രാതീവണ്ടികള്‍ക്ക് കടന്നുപോകാനാകില്ല. നിലവില്‍ പ്രവര്‍ത്തിക്കാതെ കിടക്കുന്ന ഒന്നാം പ്ലാറ്റ്‌ഫോം ഉപയോഗയോഗ്യമാക്കിയാല്‍ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാം.

പാലക്കാട് ജങ്ഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ പാളവും സിഗ്നലും കൂട്ടിയോജിപ്പിക്കുന്ന പണിയാരംഭിച്ചതായും പൂര്‍ത്തിയാക്കാന്‍ രണ്ടുമാസം സാവകാശം നിര്‍മാണക്കമ്പനി ആവശ്യപ്പെട്ടതായും പാലക്കാട് ഡിവിഷന്‍ എ.ഡി.ആര്‍.എം. മോഹന്‍ എ. മേനോന്‍ പറഞ്ഞു.