NIsham case

ന്യൂഡല്‍ഹി: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.

സാധാരണക്കാരന്റെ ജീവന് ഒരു വിലയും കല്‍പ്പിക്കാത്ത ധാര്‍ഷ്ട്യവും അഹങ്കാരവുള്ളയാളാണ് നിഷാമെന്നും ദാരിദ്ര്യത്തിന് വിലയിടരുതെന്നും ജാമ്യ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടു. ഈയവസരത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് അറിയിച്ച കോടതി വിചാരണ നടപടികള്‍ അടുത്ത വര്‍ഷം ജനവരി 31 നകം പൂര്‍ത്തിയാക്കി വിധി പറയണമെന്നും നിര്‍ദ്ദേശിച്ചു. 

എന്നാല്‍ ചന്ദ്രബോസിന്റെ കൊലപാതകം മനപ്പൂര്‍വം നടത്തിയതല്ലെന്നും വാഹനത്തിന്റെ വേഗത കൂടിപ്പോയതുകൊണ്ടാണെന്നും ന്ിഷാമിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു. ഈ വാദം അംഗീകരിക്കാന്‍ തയ്യാറാകാത്ത കോടതി പ്രതി ക്രിമിനല്‍ പശ്ചാത്തലുമുള്ളയാളാണെന്നും സാക്ഷിമൊഴികളെല്ലാം എതിരാണെന്നും വ്യക്തമാക്കി. 

ജാമ്യാപേക്ഷയെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ എതിര്‍ത്തു. അതിവേഗ കോടതിയില്‍ നടക്കുന്ന വിചാരണ നവംബര്‍ 17 ന് പൂര്‍ത്തിയാകുമെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിക്ക് ജാമ്യം നല്‍കുന്നത് മറ്റുള്ള പൗരന്മാരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു. കപില്‍ സിബലിന്റെ വാദം അംഗീകരിച്ച കോടതി ജാമ്യം നിഷേധിച്ചു. 

കേസില്‍ അന്തിമവാദം തുടങ്ങുന്നതിനുമുമ്പ് ജാമ്യം നേടാനായിരുന്നു നിഷാമിന്റെ നീക്കം. നേരത്തേ ജില്ലാ കോടതിയും ഹൈക്കോടതിയും നിസാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.    

കഴിഞ്ഞ ജനവരി 29 പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം.  നിഷാം താമസിക്കുന്ന ശോഭാസിറ്റി ഫ് ലാറ്റ് സമുച്ചയത്തിലെ കാവല്‍ക്കാരനായ ചന്ദ്രബോസിനെ കാറിടിച്ചും അടിച്ചും പിരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് അമല ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രബോസ് 19 ദിവസത്തിനുശേഷം മരണമടഞ്ഞു.