മൂന്നാര്‍: വൈല്‍ഡ് ലൈഫ് ഡിവിഷനു കീഴിലുള്ള ചിന്നാര്‍ വന്യജീവിസങ്കേതത്തില്‍ അപൂര്‍വ ചിത്രശലഭമായ 'നീലഗിരി നീലി'(നീലഗിരി ടിറ്റ്) യെ കണ്ടെത്തി. തിരുവിതാംകൂര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയും കോട്ടയം നേച്ചര്‍ സൊസൈറ്റിയും ചേര്‍ന്ന് നടത്തിയ ചിത്രശലഭ സര്‍വേയിലാണ് അപൂര്‍വ ഇനമായ ഈ ശലഭത്തെ കണ്ടെത്തിയത്. 1883ല്‍ ബ്രിട്ടീഷുകാരനായ ഫ്രെഡറിക് മൂര്‍ എന്ന ശാസ്ത്രജ്ഞനാണ് നീലഗിരി കുന്നുകളില്‍ ഈ ശലഭത്തെ ആദ്യമായി കണ്ടെത്തിയത്. കേരളത്തില്‍ ചിന്നാര്‍ വന്യജീവിസങ്കേതത്തില്‍ മാത്രമാണ് ഇവയെ കണ്ടെത്തിയിട്ടുള്ളതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ 26 മുതല്‍ മതികെട്ടാന്‍, പാമ്പാടുംചോല, ആനമുടി, മന്നവന്‍ചോല, ഇരവികുളം, ചിന്നാര്‍ എന്നിവിടങ്ങളില്‍ മൂന്നു ദിവസങ്ങളിലായി നടന്ന സര്‍വേയില്‍, 206 ഇനങ്ങളില്‍പ്പെട്ട ശലഭങ്ങളെ കണ്ടെത്തിയിരുന്നു. ഇതിനുശേഷം കോട്ടയം നേച്ചര്‍ സൊസൈറ്റിയിലെ ഡോ. ടോംസ് അഗസ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വേയിലാണ് 'നീലഗിരി നീലി'യെ കണ്ടെത്തിയത്. ശരവേഗന്‍, ചിത്രാംഗദന്‍ എന്നീ ഇനത്തില്‍പ്പെട്ട ശലഭങ്ങളെയും കണ്ടെത്തി. ഇതോടെ സര്‍വേയില്‍ കണ്ടെത്തിയ ചിത്രശലഭങ്ങളുടെ എണ്ണം 225 ആയതായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി.പ്രസാദ് പറഞ്ഞു.