തിരുവനന്തപുരം: 2003-2015 കാലയളവില്‍ സ്വാശ്രയ സംഘങ്ങള്‍ക്ക് കൊടുക്കാന്‍ പിന്നാക്ക വികസന കോര്‍പറേഷനില്‍ കോടിക്കണക്കിന് രൂപ വായ്പയെടുത്ത് അഴിമതി നടത്തി എന്നായിരുന്നു ആരോപണം. പിന്നാക്ക വികസന കോര്‍പറേഷന്‍ മുഖേന കുറഞ്ഞ പലിശയ്ക്ക് വായ്പ എടുക്കുകയും അത് ഉയര്‍ന്ന പലിശ ഈടാക്കി വിതരണം ചെയ്യുകയും ഇല്ലാത്ത ആളുകളുടെ പേരില്‍ പോലും വായ്പ അനുവദിക്കുകയും ചെയ്തുവെന്നാണ് പരാതി.

അച്ചാര്‍, ജാം, സോപ്പ് നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങിയ ചെറുകിട സംരംഭങ്ങളുടെ പേരില്‍ വ്യാജമായി പദ്ധതിയുണ്ടാക്കി, 2014 ജൂണ്‍ 19നാണ് പിന്നാക്ക വികസന കോര്‍പറേഷന്‍ കൊല്ലം ശാഖയില്‍നിന്ന് എസ്.എന്‍.ഡി.പി അഞ്ചു കോടി വായ്പയെടുത്തത്. കോര്‍പറേഷന്‍ അധികൃതര്‍ അന്വേഷിച്ചത്തെി നടപടിയെടുത്തപ്പോഴാണ് പലരും തങ്ങളുടെ പേരില്‍ വായ്പയെടുത്ത വിവരം അറിയുന്നത്.

ഏകദേശം അയ്യായിരത്തോളം കുടുംബങ്ങള്‍ ഇതിന്റെ പേരില്‍ റവന്യു റിക്കവറി നടപടികള്‍ നേരിടുന്ന സാഹചര്യം ഉണ്ടായതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്. പത്തനംതിട്ട എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റും കെപ്‌കോ ചെയര്‍മാനുമായ കെ. പത്മകുമാറിനെ പ്രതിയാക്കി 2015 നവംബറില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പന്ത്രണ്ടോളം കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

തുടര്‍ന്ന് എസ്.എന്‍.ഡി.പി. യോഗം യൂണിയനുകളില്‍ നടത്തിയ മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ വ്യാപകരമായി അഴിമതി നടന്നു എന്ന് കാണിച്ച് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദന്‍ പരാതി നല്‍കി. സ്ത്രീകളുടെ പേരില്‍ വ്യാജ പദ്ധതിയുണ്ടാക്കി കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷനില്‍നിന്ന് കുറഞ്ഞ പലിശയ്ക്ക് എസ്.എന്‍.ഡി.പി യോഗം അഞ്ചു കോടി രൂപ വായ്പയെടുത്തതായും ഇതിന്റെ വിതരണത്തില്‍ വലിയ ക്രമക്കേട് നടന്നതായുമാണ് ആരോപണം.

വി.എസ്. അച്യുതാനന്ദന്‍ ഒക്ടോബര്‍ 13ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കാണ് പരാതി നല്‍കിയത്. എന്നാല്‍, പരാതിയില്‍ നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന് വി.എസ്. രണ്ടാമതും പരാതി നല്‍കി. നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് കേസ് കേസ് ക്രൈംബ്രാഞ്ചിന് നല്‍കി.

പിന്നീട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഹര്‍ജിയില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് 2016 ജനുവരിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. മാത്രമല്ല, വെള്ളാപ്പള്ളിയും എം.എന്‍. സോമനും പിന്നാക്ക വികസന കോര്‍പ്പറേഷനില്‍നിന്നും കൈപ്പറ്റിയ 12.6 കോടി രൂപയില്‍ 3.67 കോടി ഉടന്‍ മടക്കി നല്‍കിയില്ലെങ്കില്‍ ജപ്തിനടപടി സ്വീകരിക്കുമെന്ന് പിന്നാക്ക വികസന കോര്‍പ്പറേഷന്‍ നോട്ടീസും നല്‍കിയിരുന്നു.